കോഴിക്കോട്: ഇന്ത്യയും യു എ ഇ യും ചേര്‍ന്ന് മെയ് 1 മുതല്‍ നടപ്പാക്കിയ സമഗ്ര സാമ്പത്തിക സഹകരണ കരാര്‍ (സി ഇ പി എ ) കേരളത്തിന് നേട്ടമാകുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. കൂടുതല്‍ നിക്ഷേപങ്ങള്‍ കേരളത്തിലേക്കെത്താന്‍ കരാര്‍ സഹായകരമാകും. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ടെക്സ്റ്റയില്‍സ്, ലെതര്‍, ഫുട്!വെയര്‍, പ്ലാസ്റ്റിക്‌സ്, കാര്‍ഷിക ഉത്പന്നങ്ങള്‍, എഞ്ചിനീയറിങ് മേഖലകള്‍ക്കും കരാര്‍ ഗുണകരമാകും. കേരളത്തിലെ വ്യാപാര, വാണിജ്യ മേഖലയ്ക്കും തൊഴില്‍ ലഭ്യതയ്ക്കും കരാര്‍ ഏറെ പ്രയോജനം ചെയ്യുമെന്നും വ്യവസായ മന്ത്രി പറഞ്ഞു. മത്സരാധിഷ്ഠിതമായ കൂടുതല്‍ ഉത്പന്നങ്ങള്‍ വിപണിയിലിറക്കാനുള്ള സാധ്യത കൂടിയാണ് കേരളത്തിന് ലഭിക്കുന്നത്. കരാറിന്റെ നേട്ടം പൂര്‍ണമായും പ്രയോജനപ്പെടുത്താന്‍ ലഘു, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് കൂടുതലായി മുന്നോട്ട് വരണമെന്നും മന്ത്രി പറഞ്ഞു. സി ഇ പി എ കരാറിനെ കുറിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ജെ.ഡി.ജി.എഫ്.റ്റി), വ്യവസായ വകുപ്പ്, ഫിക്കി കേരള സ്‌റ്റേറ്റ് കൗണ്‍സില്‍ എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരാര്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കുമെന്ന് ഇന്ത്യയിലെ യു എ ഇ അംബാസഡര്‍ ഡോ. അഹമ്മദ് അല്‍ബന്ന പറഞ്ഞു. ശില്‍പശാലയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു എ ഇ പ്രസിഡന്റും ഇന്ത്യന്‍ പ്രധാനമന്ത്രിയും തമ്മില്‍ നടന്ന ചര്‍ച്ചകളുടെ തുടര്‍ച്ചയാണ് സാമ്പത്തിക സഹകരണ കരാര്‍ നടപ്പായത്. കോവിഡ് മഹാമാരിയുടെ കാലത്തും ഇരുരാജ്യങ്ങളും സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. നിരവധി തൊഴിലവസരങ്ങള്‍ തുറക്കുന്നതിനൊപ്പം ഇന്ത്യയില്‍ നിന്നുള്ള കൂടുതല്‍ ഉത്പന്നങ്ങള്‍ക്ക് യു എ എയില്‍ വിപണി സാധ്യത തുറക്കും. ഇത് കൂടുതല്‍ നിക്ഷേപങ്ങള്‍ക്ക് വഴിയൊരുക്കും. ഇരുരാജ്യങ്ങള്‍ക്കും സാമ്പത്തിക നേട്ടം ഉണ്ടാകുമെന്നതിന് പുറമെ കൂടുതല്‍ മേഖലകളില്‍ സഹകരണം ഉറപ്പാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. യു എ ഇ യുടെ മൂന്നാമത് വലിയ വാണിജ്യ പങ്കാളിയാണ് ഇന്ത്യ. ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ സമൂഹങ്ങളുള്ളത് യു എ ഇ യില്‍ ആണെന്നത് ഇന്ത്യയുടെ വിപണി സാധ്യത വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സി ഇ പി എ കരാറിന്റെ ഗുണം ഏറ്റവും കൂടുതല്‍ ലഭിക്കുക കേരളത്തിനാകുമെന്നും സാധ്യതകള്‍ പരമാവധി മുതലെടുക്കാന്‍ കേരളത്തിലെ വാണിജ്യ, വ്യവസായ മേഖല ശ്രമിക്കണമെന്നും സംസ്ഥാന വ്യവസായ, വാണിജ്യ വകുപ്പ് ഡയറക്ടര്‍ എസ് . ഹരികിഷോര്‍ നിര്‍ദേശിച്ചു.വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കയറ്റുമതി കൂടുതല്‍ സുഗമവും സുതാര്യവുമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ കയറ്റുമതി മേഖലയ്ക്ക് കരാര്‍ ഉണര്‍വേകുമെന്നും ആഭരണ, സുഗന്ധവ്യഞ്ജന, കാര്‍ഷിക ഉത്പന്നങ്ങള്‍ക്കും, വെളിച്ചെണ്ണ, കശുവണ്ടി എന്നിവയുടെ കയറ്റുമതിക്കും ഏറെ സാദ്ധ്യതകള്‍ തുറന്നു തരുന്നതാണ് സി ഇ പി എ കരാറെന്ന് ജോ.ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് കെ.എം. ഹരിലാല്‍ ആമുഖ പ്രഭാഷണത്തില്‍ പറഞ്ഞു. അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ്‌സും കേന്ദ്ര വാണിജ്യ മന്ത്രാലയം നോയിഡ സെസ് ഡെവലപ്‌മെന്റ് കമ്മീഷണറുമായ ബിബിന്‍ മേനോന്‍ സാങ്കേതിക സെഷന്‍ നയിച്ചു. വ്യാപാരം, നിക്ഷേപം, സേവനങ്ങള്‍, തൊഴില്‍ എന്നിവയ്ക്കായുള്ള നിരവധി ഇടനാഴികള്‍ തുറക്കുന്നതാണ് കരാറെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചി കസ്റ്റംസ് കമ്മീഷണര്‍ മുഹമ്മദ് യൂസഫ്, കൊച്ചി പ്രത്യേക സാമ്പത്തിക മേഖല ഡെവലപ്‌മെന്റ് കമ്മീഷണര്‍ ഡി.വി സ്വാമി എന്നിവര്‍ കരാര്‍ എങ്ങനെ കേരളത്തിന് ഗുണകരമാക്കാമെന്ന സാങ്കേതിക സെഷനില്‍സംസാരിച്ചു. ഫിക്കി കേരള സ്‌റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ദീപക് എല്‍ അസ്വാനി, മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് എം.എ ഹസീബ് അഹമ്മദ്, കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡന്റ് റാഫി പി ദേവസി, ഫെഡറല്‍ ബാങ്ക് കോഴിക്കോട് റീജിയന്‍ മേധാവി മോഹനദാസ്, മലബാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ എം.പി അഹമ്മ്ദ്,വി കെ സി ഗ്രൂപ്പ് ഡയറക്ടര്‍ ഹമീദ് അലി , ഫിക്കി കേരള സ്‌റ്റേറ്റ് കൗണ്‍സില്‍ മേധാവി സാവിയോ മാത്യു , സീനിയര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ പ്രീതി മേനോന്‍ എന്നിവര്‍ സംസാരിച്ചു. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകളില്‍ നിന്നുള്ള സംരംഭകര്‍ ശില്‍പശാലയില്‍ പങ്കെടുത്തു