കേരളം 2022 ലെ മികച്ച വിവാഹ ഡെസ്റ്റിനേഷന്‍

തിരുവനന്തപുരം: ട്രാവല്‍ പ്ലസ് ലിഷര്‍ ഇന്ത്യ ആന്‍ഡ് സൗത്ത് ഏഷ്യ മാഗസിന്‍ 2022 ലെ മികച്ച വിവാഹ ഡെസ്റ്റിനേഷന്‍ ആയി കേരളത്തെ തെരഞ്ഞെടുത്തു. ലണ്ടന്‍ വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റില്‍ (ഡബ്ല്യുടിഎം) കേരള ടൂറിസത്തിന് റെസ്‌പോണ്‍സിബിള്‍ ടൂറിസം ഗ്ലോബല്‍ അവാര്‍ഡ് ലഭിച്ചതിന് പിന്നാലെയാണ് ഈ അംഗീകാരം. രാജ്യത്തെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിന്ന് മാഗസിന്റെ വായനക്കാരാണ് കേരളത്തെ ഒന്നാം സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.
ശാന്തമായ കായല്‍ അന്തരീക്ഷവും പ്രകൃതിഭംഗിയും അനുയോജ്യമായ കാലാവസ്ഥയുമാണ് കേരളത്തെ മികച്ച വിവാഹ ഡെസ്റ്റിനേഷനെന്ന നേട്ടത്തില്‍ എത്തിച്ചത്. പരമ്പരാഗത കെട്ടിടങ്ങളുടെ വാസ്തുവിദ്യ, തനിമയാര്‍ന്ന സ്ഥലങ്ങള്‍, വിശാലമായ തീര മലയോര പ്രദേശങ്ങളുടെ സൗന്ദര്യം, ഗ്രാമഭംഗി തുടങ്ങിയവ കേരളത്തെ ആകര്‍ഷകമായ വിവാഹ കേന്ദ്രമാക്കി മാറ്റുന്നുവെന്ന് മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതിമനോഹരമായ പ്രകൃതി, ബീച്ചുകള്‍, വിശിഷ്ടമായ പാചകരീതികള്‍ എന്നിവയ്ക്ക് മാത്രമല്ല, വിവാഹ ചടങ്ങുകള്‍ക്കും ഹണിമൂണിനും അനുയോജ്യമായ വിനോദസഞ്ചാര കേന്ദ്രമായി കേരളത്തെ ഉയര്‍ത്തിക്കാട്ടാനാണ് ശ്രമിക്കുന്നതെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. രാജ്യത്തെ ഏറ്റവും മികച്ച വിവാഹ ഡെസ്റ്റിനേഷനായി ജനങ്ങള്‍ കേരളത്തെ തെരഞ്ഞെടുത്തത് ഇതിന്റെ സാക്ഷ്യമാണെന്നും മന്ത്രി പറഞ്ഞു.
കേരള ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്‍ ചാര്‍ജ് എസ്.ശ്രീകുമാര്‍ വ്യാഴാഴ്ച ന്യൂദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരം ഏറ്റുവാങ്ങി. പ്രശസ്ത ഡിസൈനര്‍മാരായ രോഹിത് ഗാന്ധി, രാഹുല്‍ ഖന്ന, സൂപ്പര്‍ മോഡല്‍ സൊണാലിക സഹായ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.