വിനോദസഞ്ചാര വകുപ്പിന്റെ ദീപാലങ്കാരം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: വര്‍ണദീപങ്ങളുടെ നിറക്കാഴ്ചയാല്‍ ക്രിസ്മസ്, പുതുവര്‍ഷ രാവുകളെ വരവേല്‍ക്കാനൊരുങ്ങി തലസ്ഥാനം. പുതുവര്‍ഷാഘോഷത്തിനൊപ്പം നഗരത്തിന്റെ നൈറ്റ് ലൈഫും സജീവമാക്കിക്കൊണ്ട് കനകക്കുന്നിലും പരിസരത്തും വര്‍ണോജ്ജ്വലമായ ദീപക്കാഴ്ചയാണ് വിനോദസഞ്ചാര വകുപ്പ് ഒരുക്കിയിട്ടുള്ളത്.
കനകക്കുന്ന് കവാടത്തില്‍ ദീപാലങ്കാരം ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് സ്വിച്ച് ഓണ്‍ ചെയ്തു. ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍, ഗതാഗത മന്ത്രി ആന്റണി രാജു, ജലസേചന മന്ത്രി റോഷി അഗസ്റ്റിന്‍, മേയര്‍ ആര്യ രാജേന്ദ്രന്‍, വി.കെ. പ്രശാന്ത് എം.എല്‍.എ., കൗണ്‍സിലര്‍ റീന കെ.എസ്. തുടങ്ങിയവര്‍ സംബന്ധിച്ചു.
വിശിഷ്ടാതിഥികള്‍ ചേര്‍ന്ന് കേക്ക് മുറിച്ചും ക്രിസ്മസ് തൊപ്പിയണിയിച്ചും നഗരത്തിലെ ക്രിസ്മസ് ആഘോഷത്തിന് നാന്ദി കുറിച്ചു.
പതിവുരീതികളില്‍ നിന്ന് വ്യത്യസ്തമായി തീം അധിഷ്ഠിത വെളിച്ചവിന്യാസമാണ് കനകക്കുന്നില്‍ ഒരുക്കിയിട്ടുള്ളത്. എല്ലാ ദിവസവും രാത്രി ഒരു മണി വരെ ഇത് ആസ്വദിക്കാനാകും. ജനുവരി ഒന്നു വരെ ദീപാലങ്കാരം ഉണ്ടായിരിക്കും. ദീപാലങ്കാരം കാണാന്‍ പൊതുജനങ്ങള്‍ക്ക് സൗജന്യമായി കനകക്കുന്നില്‍ പ്രവേശിക്കാം.
കനകക്കുന്ന് കൊട്ടാരവളപ്പിലെ ഇടതു ഗേറ്റ് മുതല്‍ അകത്തേക്കുള്ള പുല്‍ത്തകിടികളും നടപ്പാതകളും വെളിച്ചത്തില്‍ മനോഹരമാക്കിയിട്ടുണ്ട്. മ്യൂസിയം പോലീസ് സ്റ്റേഷന്‍ മുതല്‍ ജവഹര്‍ ബാലഭവന്‍ വരെയുള്ള വഴിയോരങ്ങളിലും ദീപവിതാനം ഒരുക്കിയിട്ടുണ്ട്. കനകക്കുന്ന് പ്രവേശനകവാടത്തില്‍ 40 അടി നീളവും എട്ട് അടി ഉയരവുമുള്ള റെയിന്‍ ഡിയറും രഥവുമാണ് കാഴ്ചക്കാരെ സ്വാഗതം ചെയ്യുക. 100 വീതം റെയിന്‍ ഡിയറുകളും ക്രിസ്മസ് ബെല്ലുകളും ക്രിസ്മസ് ട്രീകളും വലിയ നക്ഷത്രങ്ങളും കനകക്കുന്നില്‍ ദൃശ്യചാരുതയൊരുക്കും. അന്‍പതിടങ്ങളില്‍ ഷുഗര്‍ കാന്‍ഡി സ്റ്റിക്കുകളും സ്ഥാപിച്ചിട്ടുണ്ട്. എല്‍ഇഡി ലൈറ്റുകളിലും നിയോണ്‍ വെളിച്ചത്തിലുമാണ് മരങ്ങള്‍ അലങ്കരിച്ചിട്ടുള്ളത്. ട്രീ റാപ്പിംഗ് വെളിച്ചവിന്യാസം ആദ്യമായാണ് കനകക്കുന്നിലും പരിസരത്തും സജ്ജമാക്കുന്നത്. പ്രത്യേക ഇടങ്ങളില്‍ വര്‍ണാഭമായ ഫോട്ടോ പോയിന്റുകളും ഒരുക്കിയിട്ടുണ്ട്.