കാലാവസ്ഥാവ്യതിയാനം: അറബിക്കടലില്‍ ഉപദ്രവകാരികളായ ആല്‍ഗകളുടെ വളര്‍ച്ച വര്‍ധിക്കുന്നു

കൊച്ചി: കാലാവസ്ഥാവ്യതിയാനത്തിന്റെ ഭാഗമായി അറബിക്കടലില്‍ ഉപദ്രവകാരികളായ ആല്‍ഗകളുടെ വളര്‍ച്ച (ഹംഫുള്‍ ആല്‍ഗല്‍ ബ്ലൂം) വര്‍ധിക്കുന്നതായി വിദഗ്ധര്‍. ഇത് മീനുകളെ മാത്രമല്ല, മനുഷ്യന്റെ ആരോഗ്യത്തെയും സാരമായി ബാധിക്കുന്നുണ്ട്. അറിബിക്കടലില്‍ 2000 മുതല്‍ 2020 വരെയുള്ള കാലളവില്‍ ഉപദ്രവകാരികളായ ആല്‍ഗകളുടെ വളര്‍ച്ച ഏകദേശം മൂന്ന മടങ്ങ് വര്‍ധിച്ചിട്ടുണ്ടെന്നും മത്സ്യശാസ്ത്രജ്ഞര്‍ പറയുന്നു.

കൊച്ചിയില്‍ നടക്കുന്ന വണ്‍ ഹെല്‍ത് അക്വാകള്‍ച്ചര്‍ ഇന്ത്യ ശില്‍പശാലയിലാണ് ഈ അഭിപ്രായമുയര്‍ന്നത്. യുകെ ഗവണ്‍മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ എണ്‍വയണ്‍മെന്റ്, ഫുഡ് ആന്റ് റൂറല്‍ അഫയേഴ്‌സും (സിഫാസ്) കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനവും (സിഎംഎഫ്ആര്‍ഐ) സംയുക്തമായാണ് കൊച്ചിയില്‍ ശില്‍പശാല സംഘടിപ്പിക്കുന്നത്.

ഇതുസംബന്ധമായി മുന്‍കൂട്ടി പ്രവചനവും മുന്നറിയിപ്പ് സംവിധാനവും അനിവാര്യമാണെന്ന് ധാക്കയിലെ സാര്‍ക് അഗ്രികള്‍ച്ചര്‍ സെന്റര്‍ (സാക്) സീനിയര്‍ പ്രോഗ്രാം സ്‌പെഷ്യലിസ്റ്റ് ഡോ ഗ്രിന്‍സന്‍ ജോര്‍ജ് പറഞ്ഞു. ഇത്തരം ആല്‍ഗകള്‍ ക്രമാതീതമായി വളരുന്നത് മീനുകളുടെ ജീവന് ഭീഷണിയാണ്. ഇത് കടലിലെ കൂടുമത്സ്യകൃഷി പോലെയുള്ള കൃഷിരീതികളെ സാരമായി ബാധിക്കും.
മുന്നറിയിപ്പ് സംവിധാനം വരുന്നതോടെ കടലില്‍ മത്സ്യകൃഷി നടത്തുന്നവര്‍ക്ക് നേരത്തെ വിളവെടുപ്പ് നടത്താന്‍ സഹായിക്കും. തീരദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കിടയിലെ മ്ത്സ്യകര്‍ഷകര്‍ക്കിടയില്‍ ജലജന്യരോഗങ്ങള്‍ വര്‍ധിക്കുന്നുണ്ട്. കാലാവസ്ഥാവ്യതിയാനത്തെ തുടര്‍ന്നുള്ള പ്രളയം, തീരശോഷണം തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ തീദദേശജനതയുടെ ജീവിതം ദുസ്സഹമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പരസ്പരസഹകരണത്തിലൂടെ സുരക്ഷിതവും സുസ്ഥിരവുമായ മത്സ്യകൃഷി സംവിധാനം ഇന്ത്യയില്‍ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ശില്‍പശാല നടത്തുന്നത്.

ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് ആഗോളതലത്തില്‍ ആരോഗ്യസംരക്ഷണ മേഖലയ്ക്ക് കനത്ത വെല്ലുവിളിയാണുയര്‍ത്തുന്നതെന്ന് സിഫാസ്‌യുകെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ ഡേവിഡ് വെര്‍ണര്‍ ജെഫ്രി പറഞ്ഞു. ഇത് തടയുന്നതിന് സുരക്ഷിതമായ അക്വാട്ടിക് ഹെല്‍ത് മാനേജ്‌മെന്റ് സംവിധാനം പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥാവ്യതിയാനം മത്സ്യകൃഷി മേഖലക്ക് വന്‍ഭീഷണിയാണെന്ന്് സിഫാസ്‌യുകെ ശാസ്ത്രജ്ഞന്‍
ഡോ റിച്ചാര്‍ഡ് ഹീല്‍ പറഞ്ഞു. ഡോ ബെന്‍ മാസ്‌കെറി, ഡോ ഫ്രാങ്ക് ഡാല്‍ മോലിന്‍, ഡോ കിഷോര്‍ കുമാര്‍ ക്രിഷ്‌നാനി, ഡോ കുല്‍ദീപ് കെ ലാല്‍ എന്നിവര്‍ പ്രസംഗിച്ചു.