വൈപ്പിന്‍-മുനമ്പം തീരസംരക്ഷണ-വികസനത്തിന് സമഗ്രപദ്ധതിയുമായി തീരദേശ വികസന കോര്‍പറേഷന്‍

ഐഐടി മദ്രാസ് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു

കൊച്ചി: വൈപ്പിന്‍-മുനമ്പം പ്രദേശത്തെ തീരസംരക്ഷണത്തിനും വികസനത്തിനുമായി ഐഐടി മദ്രാസ് തയ്യാറാക്കിയ സമഗ്രപഠന റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. ആറ് പഞ്ചായത്തുകളിലായി മൂന്ന് മത്സ്യബന്ധന ഗ്രാമങ്ങളും 15 ല്‍പ്പരം പുലിമുട്ടുകളും സംരക്ഷണ ഭിത്തി ശക്തിപ്പെടുത്തലുമാണ് മുഖ്യമായി റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നത്.
വ്യവസായമന്ത്രി പി രാജീവ്, വൈപ്പിന്‍ എംഎല്‍എ കെ എന്‍ ഉണ്ണികൃഷ്ണന്‍, മുന്‍മന്ത്രി എസ് ശര്‍മ്മ, കെഎസ് സിഎഡിസി എംഡി ഷേഖ് പരീത്, ജില്ലാവികസന കമ്മീഷണര്‍ ചേതന്‍കുമാര്‍ മീണ, തീരശോഷണം നേരിടുന്ന ആറ് പഞ്ചായത്തിലെ തദ്ദേശ സ്വയംഭരണസ്ഥാപനപ്രതിനിധികള്‍, മുതലായവര്‍ റിപ്പോര്‍ട്ടിന്‍മേല്‍ ചര്‍ച്ച നടത്തി. ഐഐടി മദ്രാസ് ഓഷ്യന്‍ എന്‍ജിനീയറിംഗ് വിഭാഗം പ്രൊഫസര്‍ എമാരിറ്റസ് ഡോ. വി സുന്ദറിന്റെ നേതൃത്വത്തിലാണ് വിശദമായ പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
250 മുതല്‍ 300 കോടി വരെയാണ് ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ബജറ്റ് ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് സമയോചിതമാണെന്ന് പി രാജീവ് പറഞ്ഞു. ചെല്ലാനം മാതൃകയില്‍ സമയബന്ധിതമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ പ്രധാനവരുമാനമാര്‍ഗമായി ടൂറിസം മാറുന്ന സാഹചര്യത്തില്‍ തീരദേശത്തിന്റെ സംരക്ഷണം ഏറെ പ്രധാനമാവുകയാണെന്ന് എംഎല്‍എ കെ എന്‍ ഉണ്ണികൃഷ്ണന്‍ ചൂണ്ടിക്കാട്ടി. കടല്‍ത്തീരങ്ങള്‍ സംരക്ഷിക്കുന്നതിനോടൊപ്പം പ്രദേശവാസികളുടെ ജീവിതനിലവാരം ഉയര്‍ത്താനും സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുമുള്ള സമഗ്രപദ്ധതി സംസ്ഥാനത്ത് തന്നെ ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു.
വരുന്ന ബജറ്റില്‍ പദ്ധതിക്കുള്ള പ്രാഥമിക തുക വകയിരുത്തണമെന്ന് എസ് ശര്‍മ്മ അഭ്യര്‍ത്ഥിച്ചു. ബജറ്റില്‍ തുക വകയിരുത്തിയാല്‍ ടെണ്ടര്‍ നടപടികളുമായി മുന്നോട്ടു പോകാനാകുമെന്നും അദ്ദേഹം പറഞ്ഞു. ശുപാര്‍ശകളെക്കുറിച്ച് ഷേഖ് പരീത് വിശദീകരിക്കുകയും തദ്ദേശസ്വയംഭരണ പ്രതിനിധികളുടെ സംശയങ്ങള്‍ക്ക് മറുപടിയും നല്‍കി.
തീരശോഷണം തടയാനായി മാലിപ്പുറം, വെളിയിത്തുപറമ്പ് എന്നിവിടങ്ങളിലാണ് മത്സ്യബന്ധന ഗ്രാമങ്ങള്‍ നിര്‍മ്മിക്കുന്നത്. നിശ്ചിത അകലത്തില്‍ രണ്ട് പുലിമുട്ടുകള്‍ നിര്‍മ്മിച്ച് 150 മീറ്റര്‍ മത്സ്യബന്ധന യാനങ്ങള്‍ അടുപ്പിക്കാന്‍ സാധിക്കുന്ന രീതിയിലാണ് ഗ്രാമങ്ങള്‍ വരുത്തുന്നത്. ഇതു വഴി കടല്‍ത്തീരം വര്‍ഷത്തില്‍ പത്തുമാസം വരെ ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.
പുത്തന്‍ കടപ്പുറം, സെയ്ത് മുഹമ്മദ് കടപ്പുറം എന്നിവിടങ്ങളില്‍ ആറ് പുലി മുട്ടുകള്‍ നിര്‍മ്മിക്കും. അണിയല്‍ കടപ്പുറത്ത് നിലവിലുള്ള സംരക്ഷണ ഭിത്തി ശക്തിപ്പെടുത്തുന്നതിനൊപ്പം പുലിമുട്ട് നിര്‍മ്മിക്കുകയും ചെയ്യും. പഴങ്ങാട് ആറാട്ട്കടവ് എന്നിവിടങ്ങളില്‍ സംരക്ഷണഭിത്തി ശക്തിപ്പെടുത്തും.
ചെറായി, കുഴിപ്പള്ളി, സെയ്ത് മുഹമ്മദ്, വളപ്പ് എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് അഭികാമ്യമാകും വിധം സൗന്ദര്യവത്കരക്കുന്നതിനും തിരക്ഷോഭം തടയുന്നതിനും ജിയോട്യൂബ് ഉപയോഗിച്ച് ഓഫ് ഷോര്‍ ബ്രേക്ക് വാട്ടര്‍ പദ്ധതി നടപ്പാക്കും. ഒരു പക്ഷെ വിനോദസഞ്ചാര മേഖലയില്‍ രാജ്യത്താദ്യമായാണ് ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് തീരദേശ സൗന്ദര്യവത്കരണവും സംരക്ഷണവും നടപ്പാക്കുന്നതെന്ന് ഷേഖ് പരീത് ചൂണ്ടിക്കാട്ടി.
സമഗ്രപദ്ധതി റിപ്പോര്‍ട്ടിനെ ജനപ്രതിനിധികള്‍ സ്വാഗതം ചെയ്തു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ അടിയന്തര നടപടികള്‍ വേണമെന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച് ആറ് പഞ്ചായത്തുകളിലെ തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധി സംഘം മുഖ്യമന്ത്രിയെ കാണാനും തീരുമാനമായി.