2023 ഏപ്രില്‍ ഒന്നു മുതല്‍ നഗരസഭകളില്‍ കെ സ്മാര്‍ട്ട് സേവനം: മന്ത്രി എം.ബി. രാജേഷ്

നഗരസഭ സേവനങ്ങള്‍ ഡിജിറ്റലാകും

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ നഗരസഭകളിലും ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാകുന്ന രീതിയില്‍ കെ സ്മാര്‍ട്ട് പദ്ധതിക്ക് 2023 ഏപ്രില്‍ 1 ന് തുടക്കമാകുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ലൈഫ് പി എം എ വൈ ഗുണഭോക്തൃ സംഗമവും ആദ്യ ഗഡു വിതരണവും ഒപ്പം എന്ന നഗരസഭയുടെ ക്യാമ്പയിനും ഉദ്ഘാടനം ചെയ്യുകയായിരുന്നു.
കെ സ്മാര്‍ട്ട് പദ്ധതി നടപ്പാവുന്നതോടെ സേവനങ്ങള്‍ തേടി ജനങ്ങള്‍ നഗരസഭകളിലെത്തേണ്ട ആവശ്യമില്ല. ലോകത്തെവിടെ നിന്നും ഡിജിറ്റലായി അപേക്ഷകള്‍ സമര്‍പ്പിക്കാനും സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കാനും കഴിയും. അവശേഷിക്കുന്ന അഴിമതി കൂടി ഇല്ലാതാക്കുന്നതിന് സര്‍ക്കാര്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമാണിത്. സേവനങ്ങള്‍ തേടി നിരവധി തവണ ഓഫീസുകള്‍ കയറിയിറങ്ങുന്ന സാഹചര്യം പൂര്‍ണമായി ഇല്ലാതാകും.
വികസന ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ തിരുവനന്തപുരം നഗരസഭയുടെ നടപടികള്‍ രാജ്യത്തിന് തന്നെ മാതൃകയാണ്. 4524 ഉപഭോക്താക്കള്‍ക്ക് തുക അനുവദിച്ച നഗരസഭ 13131 വീടുകള്‍ നിര്‍മിച്ചു നല്‍കുന്നതിന് നേതൃത്വം നല്‍കി. 300 കോടിയോളം രൂപ ഇതിനായി ചെലവഴിച്ചു. 88 കോടി കേന്ദ്രവിഹിതവും ബാക്കി തുക സംസ്ഥാന സര്‍ക്കാരും നഗരസഭയും നല്‍കിയ വിഹിതവുമാണ്. റവന്യൂ കമ്മി ഗ്രാന്റും ജി എസ് ടി വിഹിതവും നികുതി വിഹിതവുമടക്കം കോടികള്‍ കേന്ദ്രത്തില്‍ നിന്ന് ലഭിക്കാത്ത സാഹചര്യത്തിലും ക്ഷേമ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. തൊഴിലുറപ്പ് പദ്ധതി ഗ്രാമീണ മേഖലയില്‍ മാത്രം കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയപ്പോള്‍ രാജ്യത്താദ്യമായി നഗര മേഖലകളില്‍ തൊഴിലുറപ്പ് പദ്ധതിക്ക് തുടക്കം കുറിച്ച സംസ്ഥാനമാണ് കേരളം. ഇന്ന് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയില്‍ 170000 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് രാജ്യത്തിന് മാതൃകയായി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ജനകീയ ഹോട്ടലുകള്‍ നടത്തുന്ന നഗരസഭയും തിരുവനന്തപുരമാണ്. തൊഴിലും വരുമാനവും കണ്ടെത്തുന്നതിനാവശ്യമായ ഇടപെടലുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തുന്നു. വ്യവസായ വകുപ്പുമായി സഹകരിച്ച് സംരംഭങ്ങള്‍ ആരംഭിക്കുന്നതിലും തിരുവനന്തപുരം മികച്ച പ്രകടനം കാഴ്ചവെച്ചു. ജനകീയ വിശ്വാസ്യതയോടെ മാലിന്യ സംസ്‌കരണത്തില്‍ പുതു ചരിത്രമാണ് നഗരസഭ സൃഷ്ടിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആയിരക്കണക്കിന് ജനങ്ങളെത്തുന്ന സ്ഥലത്ത് യാതൊരു ബുദ്ധിമുട്ടുകളുമില്ലാതെ മാലിന്യ പ്ലാന്റ് പ്രവര്‍ത്തിക്കുകയാണ്. സംസ്‌കരിക്കാത്ത മാലിന്യമാണ് ഗുരുതര പ്രശ്‌നം. പ്ലാന്റ് വരുമെന്നറിയുമ്പോള്‍ തന്നെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവര്‍ പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ട് മനസ്സിലാക്കണം. മേയറുള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ മാധ്യമപ്രവര്‍ത്തകരുമായി പ്ലാന്റ് സന്ദര്‍ശിച്ചത് സന്ദേശം ജനങ്ങളിലേക്കെത്തിക്കുന്നതിനാണ്. ഭിന്നശേഷി സൗഹൃദ നഗരസഭയെന്ന നിലയിലും തിരുവനന്തപുരം മികവ് കാട്ടുന്നു. കക്ഷിരാഷ്ട്രീയ മല്‍സരങ്ങളുടെ വേദിയായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മാറരുത്. ജനങ്ങള്‍ക്ക് പ്രവേശനം നല്‍കാതെയുള്ള സമരരീതികള്‍ പാടില്ല. സമ്മര്‍ദ രാഷ്ട്രീയത്തിന്റെ കാലത്ത് രണ്ട് വര്‍ഷമായി മേയര്‍ ആര്യ രാജേന്ദ്രന്റെ നേതൃത്വത്തില്‍ ഭരണ സമിതി നടത്തുന്ന പ്രവര്‍ത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു. ജനങ്ങള്‍ക്ക് വീട് ഉറപ്പു നല്‍കിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി വാഗ്ദാനം പൂര്‍ത്തീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അഭിപ്രായപ്പെട്ടു. ലൈഫിനൊപ്പം മല്‍സ്യത്തൊഴിലാളികളടക്കമുള്ള വിവിധ വിഭാഗങ്ങള്‍ക്ക് പാര്‍പ്പിടം നല്‍കുന്ന പദ്ധതികളും സര്‍ക്കാര്‍ തുടരുകയാണ്. വീട് സ്വപ്നമായ നാലായിരത്തിലധികം കുടുംബങ്ങള്‍ പദ്ധതിയുടെ ഭാഗമാകുന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും മന്ത്രി പറഞ്ഞു.
സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ പി.കെ. രാജു, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ എസ്. സലിം, ഡി.ആര്‍. അനില്‍, ആതിര. എല്‍.എസ്, പി. ജമീല ശ്രീധരന്‍, സിന്ധു വിജയന്‍, ജിഷ ജോണ്‍, അഡീഷണല്‍ സെക്രട്ടറി സജി കുമാര്‍ വി എന്നിവര്‍ പങ്കെടുത്തു.