തളര്‍ച്ചയില്‍ നിന്ന് സട കുടഞ്ഞെഴുന്നേല്‍ക്കുന്ന കോണ്‍ഗ്രസിനെ ബി ജെ പി ഉടന്‍ കാണും:ടി സിദ്ധീഖ് എം എല്‍ എ

ഇ ഡി വേട്ട; കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി

കൊച്ചി: രാഹുല്‍ഗാന്ധിയെ വേട്ടയാടുന്ന ഇ ഡി നടപടിക്കെതിരെയും കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ കുടിപ്പകയ്‌ക്കെതിരെയും എറണാകുളം ഡി സി സി സംഘടിപ്പിച്ച ബി എസ് എന്‍ എല്‍ ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. മേനക ജംഗ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. ബി എസ് എന്‍ എല്‍ ഓഫീസിനു സമീപം മാര്‍ച്ച് തടഞ്ഞു. പ്രതിഷേധ സി സി വര്‍ക്കിങ്ങ് പ്രസിഡന്റ് ടി സിദ്ധീഖ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന് സ്വാതന്ത്ര്യം നേടി തരികയും ഇന്ന് കാണുന്ന എല്ലാ വികസന പദ്ധതികളും ക്ഷേമ പദ്ധതികളും നടപ്പാക്കിയ കോണ്‍ഗ്രസിനെ ഇല്ലാതാക്കിക്കളയാം എന്ന നരേന്ദ്ര മോദിയുടെയും കൂട്ടാളികളുടെയും ആഗ്രഹം സ്വപ്‌നം മാത്രമായി അവശേഷിക്കുമെന്ന് ടി സിദ്ധീഖ് പറഞ്ഞു. കോണ്‍ഗ്രസിന്റെ പോരാട്ടത്തിന്റെ ഫലമാണ് രാജ്യത്ത് ഇന്ന് കാണുന്ന പുരോഗതികള്‍. തളര്‍ച്ചയില്‍ നിന്ന് സട കുടഞ്ഞെഴുനേല്‍ക്കുന്ന കോണ്‍ഗ്രസിനെ ബി ജെ പി ഉടന്‍ കാണുമെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ഗാന്ധിയെയും സോണിയ ഗാന്ധിയെയും അന്വേഷണങ്ങളുടെ പേരില്‍ ഭയപ്പെടുത്താമെന്ന് സംഘപരിവാര്‍ സ്വപ്‌നം കാണേണ്ടതില്ലെന്നും സിദ്ധീഖ് പറഞ്ഞു.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷനായിരുന്നു. കെപിസിസി വൈസ് പ്രസിഡന്റ്മാരായ വി ജെ പൗലോസ്, വി പി സജീന്ദ്രന്‍, ജനറല്‍സെക്രട്ടറി ബി എ അബ്ദുല്‍ മുത്തലിബ്, എംഎല്‍എമാരായ ടി ജെ വിനോദ്, അന്‍വര്‍ സാദത്ത്, എല്‍ദോസ് കുന്നപ്പള്ളി, നേതാക്കളായ കെ പി ധനപാലന്‍, എന്‍ വേണുഗോപാല്‍, ഡൊമിനിക് പ്രെസന്റ്റേഷന്‍, ജയ്‌സണ്‍ ജോസഫ്, മുഹമ്മദ് കുട്ടി മാസ്റ്റര്‍ ,ടോണി ചമ്മണി ,ഐ കെ രാജു, കെ എം സലിം, ആശാ സനല്‍ ,വി കെ മിനിമോള്‍ ,ജോസഫ് ആന്റണി ,ബാബു പുത്തനങ്ങാടി ,മനോജ് മൂത്തേടന്‍ ,അബ്ദുള്‍ ലത്തീഫ്, ടി കെ രമേശന്‍ ,എന്‍ ആര്‍ ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.