ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കോവിഡ് വിപത്തുകളില്‍ സംസ്ഥാനത്ത് പരിഭ്രാന്തി വേണ്ട: മുഖ്യമന്ത്രി

ജാഗ്രത പുലര്‍ത്തിയാല്‍ കേരളത്തിന് ഈ പ്രതിസന്ധിയെ മറികടക്കാന്‍ സാധിക്കും

തിരുവനന്തപുരം: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിള്‍ കോവിഡ് വിതയ്ക്കുന്ന വിപത്തുകളില്‍ കേരളത്തില്‍ പരിഭ്രാന്തി വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജാഗ്രത പുലര്‍ത്തിയാല്‍ കേരളത്തിന് ഈ പ്രതിസന്ധിയെ മറികടക്കാന്‍ സാധിക്കും. എന്നാല്‍ ജനങ്ങളില്‍ പരിഭ്രാന്തി പരത്തുന്ന വസ്തുതാവിരുദ്ധമായ പല സന്ദേശങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതിനെതിരെക്കൂടി ജാഗ്രത പുലര്‍ത്തണം. ഇത്തരത്തില്‍ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും. കോവിഡുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ആരോഗ്യവകുപ്പ് നല്‍കുന്ന വിവരങ്ങളേയും ആധികാരികമായ സംവിധാനങ്ങളേയുമാണ് ആശ്രയിക്കേണ്ടത്. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ ജനങ്ങളില്‍ അനാവശ്യമായ ആശങ്ക പടര്‍ത്താതിരിക്കാന്‍ മാധ്യമങ്ങളും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. മാസ്‌ക് കൃത്യമായി ധരിക്കാനും, കൈകള്‍ ശുചിയാക്കാനും, ശാരീരിക അകലം പാലിക്കാനും വീഴ്ച വരുത്തരുത്. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണം. അടഞ്ഞ സ്ഥലങ്ങളില്‍ കൂടാനോ, അടുത്ത് ഇടപഴകാനോ പാടില്ല. ഇതൊക്കെ താരതമ്യേന മികച്ച രീതിയില്‍ പാലിച്ചതുകൊണ്ടാണ് മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ രോഗവ്യാപനം കുറഞ്ഞതും മരണങ്ങള്‍ അധികം ഉണ്ടാകാതിരുന്നതും.
ഇക്കാര്യത്തില്‍ സ്വയമേവയുള്ള ശ്രദ്ധ നല്‍കുന്നതില്‍ ചെറിയ വീഴ്ചകള്‍ ഇപ്പോള്‍ കാണുന്നുണ്ട്. പോലീസോ മറ്റു സര്‍ക്കാര്‍ സംവിധാനങ്ങളോ ഇടപെട്ടില്ലെങ്കില്‍ തോന്നുന്നതു പോലെ ആകാമെന്നൊരു ധാരണ ഉള്ളവര്‍ അതു തിരുത്തണം. നമുക്കും, നമുക്കു ചുറ്റുമുള്ളവര്‍ക്കും വേണ്ടി രോഗം തനിയ്ക്ക് പിടിപെടാന്‍ അനുവദിക്കില്ല എന്ന് ദൃഢനിശ്ചയം ചെയ്യണം. ഇത്തരത്തില്‍ നമ്മള്‍ തീരുമാനിച്ചില്ലെങ്കില്‍ നമ്മുടെ നാടും ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്കെത്തിയേക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്വകാര്യ ആശുപത്രികളിലെ 25 ശതമാനം കിടക്കകള്‍
കോവിഡ് ചികിത്‌സയ്ക്കായി മാറ്റിവയ്ക്കണം
തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ 25 ശതമാനം കിടക്കകള്‍ ഈ ഘട്ടത്തില്‍ കോവിഡ് ചികിത്‌സയ്ക്കായി മാറ്റിവയ്ക്കണമെന്ന് സ്വകാര്യ ആശുപത്രി പ്രതിനിധികളുമായുള്ള യോഗത്തില്‍ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പല ആശുപത്രികളും 40 -50 ശതമാനം കിടക്കകള്‍ ഇപ്പോള്‍ തന്നെ ഇതിനായി മാറ്റി വെച്ചിട്ടുണ്ട്. ഓരോ ദിവസവും കിടക്കകളുടെ സ്ഥിതിവിവരക്കണക്ക് ആശുപത്രികള്‍ ജില്ലാ ആരോഗ്യ വകുപ്പ് മേധാവിക്ക് കൈമാറണം. കിടക്കകള്‍ ഉള്ളിടത്ത് രോഗികളെ അയക്കാന്‍ ഇത് സഹായിക്കും. കോവിഡിന്റെ ഒന്നാം ഘട്ടത്തില്‍ സ്വകാര്യ ആശുപത്രികളില്‍ നിന്നും മികച്ച സഹകരണം ലഭിച്ചിരുന്നു. കോവിഡ് ചികിത്സക്കും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ക്ക് പൂര്‍ണ്ണ സഹകരണമാണ് യോഗത്തില്‍ സ്വകാര്യ ആശുപത്രി പ്രതിനിധികള്‍ വാഗ്ദാനം ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗുരുതര അവസ്ഥയിലുള്ള രോഗികള്‍ വന്നാല്‍ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനം നല്‍കാന്‍ കഴിയണം. മികച്ച ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, കോവിഡ് ചികിത്സയില്‍ പ്രവീണ്യം നേടിയവര്‍ എന്നിവരുടെ സേവനം അനിവാര്യ ഘട്ടങ്ങളില്‍ ഡിഎംഒ ആവശ്യപ്പെട്ടാല്‍ നല്‍കാന്‍ എല്ലാ ആശുപത്രികളും തയ്യാറാകണം. ഐസിയുകളും വെന്റിലേറ്ററുകളും എത്രയും വേഗം പൂര്‍ണതോതില്‍ സജ്ജമാക്കണം. അറ്റകുറ്റപ്പണികളുണ്ടെങ്കില്‍ ഉടനെ തീര്‍ക്കണം. ഗുരുതര രോഗികള്‍ക്കായി ഐസിയു കിടക്കകള്‍ കൂടുതല്‍ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. അതിനാല്‍ ഐസിയു കിടക്കകള്‍ അനാവശ്യമായി നിറഞ്ഞ് പോകുന്നത് പരിശോധിക്കുന്നത് നന്നാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് ഇതര രോഗികള്‍ക്കും ചികിത്‌സ ഉറപ്പാക്കണം. ഒരാശുപത്രിയും അമിതമായ ചികിത്സാ ഫീസ് ഈടാക്കരുത്. ചില ആശുപത്രികള്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നുണ്ട്. സര്‍ക്കാര്‍ നിശ്ചിത നിരക്ക് അംഗീകരിച്ചിട്ടുണ്ട്. അതേനിരക്ക് എല്ലാവരും സ്വീകരിക്കണം. സ്വകാര്യ ആശുപത്രികള്‍ സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയുമായി എംപാനല്‍ ചെയ്യുന്നത് നന്നാകും. 15 ദിവസത്തിനകം കോവിഡ് ചികിത്സയ്ക്കുള്ള മുഴുവന്‍ ചെലവും കൈമാറുന്ന അവസ്ഥയുണ്ടാകും. ഇതുസംബന്ധിച്ച് സ്വകാര്യ ആശുപത്രികള്‍ ഉന്നയിച്ച പരാതികള്‍ക്ക് ചീഫ് സെക്രട്ടറിയും ആരോഗ്യ വകുപ്പ് സെക്രട്ടറിയും നടപടി സ്വീകരിക്കും.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് സൗജന്യമായ കോവിഡ് ചികിത്സ നല്‍കി വരുന്ന സംസ്ഥാനമാണ് കേരളം. അതോടൊപ്പം കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി ഒന്നാമത്തെ കോവിഡ് തരംഗത്തില്‍ 60.47 കോടി രൂപ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയവര്‍ക്കായി ചെലവഴിച്ചു. കാരുണ്യ പദ്ധതിയുടെ ഗുണഭോക്താക്കളായ 4936 പേര്‍ക്കും, റഫര്‍ ചെയ്ത 13,236 പേരുടേയും ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.