കോവിഡ്: രാജ്യത്തിന്റെ സംവിധാനങ്ങളല്ല കേന്ദ്രസര്‍ക്കാരാണ്‌ പരാജയമെന്ന് സോണിയഗാന്ധി

ന്യൂദല്‍ഹി: രാജ്യത്ത് കോവിഡ് മഹാമാരി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ സംവിധാനങ്ങളല്ലകേന്ദ്രസര്‍ക്കാരാണ്‌ പരാജയപ്പെട്ടതെന്ന രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി. ഓണ്‍ലൈനായി ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററിപാര്‍ട്ടിയോഗത്തില്‍ സംസാരിക്കുകയായിരുന്നു സേണിയഗാന്ധി. അതിഭീകരമായ ആരോഗ്യപ്രതിസന്ധിയാണ് രാജ്യത്തുള്ളത്.

രാഷ്ട്രീയഭിന്നതകള്‍ മറന്ന് രാജ്യം ഒററക്കെട്ടായി കോറണക്കെതിരായി പോരാടുകയാണ് വേണ്ടത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തില്‍ സര്‍വകക്ഷിയോഗം വിളിക്കാനും പാര്‍ലമെന്റ് സ്റ്റാന്റിംഗ് കമ്മറ്റികളുടെയോഗം വിളിക്കാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്നും സോണിയഗാന്ധി ആവശ്യപ്പെട്ടു. ആരോഗ്യസംരക്ഷണത്തിനും ജീവന്‍ നിലനിര്‍ത്തുന്നതിനുള്ള മരുന്നുകള്‍ക്കും ഓക്‌സിജനുവേണ്ടിയുമെല്ലാം ജനങ്ങള്‍ പരക്കം പായുകയാണ്.

ജനങ്ങളുടെ കഷ്ടപാടും വേദനയും കുറക്കുന്നതിന് സഹായകമായ നടപടികള്‍ സ്വീകരിക്കുന്നതിനുപകരം മോദി സര്‍ക്കാര്‍ ഉത്തരവാദിത്വങ്ങളില്‍നിന്നും കടമകളില്‍നിന്നും ഒഴിഞ്ഞുമാറുകയാണെന്നും സോണിയഗാന്ധി കുറ്റപ്പെടുത്തി. മോദിസര്‍ക്കാരിന്റെ അനാസ്ഥയുടെയും കഴിവില്ലായ്മയുടെയും ഭാരത്തില്‍ രാഷ്ട്രം മുങ്ങിതാഴുകയാണെന്നും സോണിയഗാന്ധി പറഞ്ഞു.