മെഡിക്കല്‍ ഉപകരണങ്ങളുടെ നിലവാരവും സുരക്ഷയും ഉറപ്പുവരുത്തണം: വിദഗ്ധര്‍

തിരുവനന്തപുരം: മെഡിക്കല്‍ ഉപകരണങ്ങളുടെ നിലവാരവും സുരക്ഷയും ഉറപ്പുവരുത്തണമെന്നും ഇതുവഴി കൃത്യതയോടുകൂടി മികച്ച ചികിത്സ സാധ്യമാക്കാനാകുമെന്നും കിംസ്‌ഹെല്‍ത്തില്‍ നടന്ന ബയോമെഡിക്കല്‍ എന്‍ജിനീയര്‍മാരുടെ അഞ്ചാമത് ദേശീയ സമ്മേളനത്തില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
മെഡിക്കല്‍ ഉപകരണങ്ങളുടെ നിലവാരം പരിശോധിച്ച് അംഗീകാരം നല്‍കുന്ന കിംസ്‌ഹെല്‍ത്ത് മെഡിക്കല്‍ ഡിവൈസസ് ആന്‍ഡ് കാലിബ്രേഷന്‍ ലാബിന് (കെഎംഡിടിസിഎല്‍) നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആന്‍ഡ് കാലിബ്രേഷന്‍ ലബോറട്ടറീസിന്റെ (എന്‍എബിഎല്‍) അംഗീകാരം ലഭിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു സമ്മേളനം. സംസ്ഥാനത്ത് ഈ അംഗീകാരം നേടുന്ന ആദ്യത്തേയും രാജ്യത്തെ രണ്ടാമത്തെയും ആശുപത്രി ശൃംഖലയാണ് കിംസ്‌ഹെല്‍ത്ത്.
മെഡിക്കല്‍ ഉപകരണങ്ങളുടെ പരിപാലനത്തില്‍ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കണമെന്നും മികച്ച ചികിത്സ ലഭ്യമാക്കാന്‍ ഇത് അനിവാര്യമാണെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിനു കീഴിലുള്ള ക്ലിനിക്കല്‍ ഡവലപ്‌മെന്റ്് സര്‍വ്വീസസ് ഏജന്‍സി ട്രെയിനിംഗ് ഡയറക്ടര്‍ ഡോ. സുചേത ബാനര്‍ജി കുരുന്ദ്കര്‍ പറഞ്ഞു. സ്വന്തമായി കാലിബ്രേഷന്‍ ലാബ് സ്ഥാപിച്ച് അംഗീകാരം നേടിയെടുത്ത കിംസ്‌ഹെല്‍ത്തിന്റെ പരിശ്രമങ്ങളേയും മുഖ്യാതിഥിയായിരുന്ന അവര്‍ അഭിനന്ദിച്ചു.
ബയോമെഡിക്കല്‍ എന്‍ജിനീയര്‍മാര്‍ നിരന്തരം പരിശീലനം നേടണമെന്ന് അദ്ധ്യക്ഷനായിരുന്ന കിംസ്‌ഹെല്‍ത്ത് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം ഐ സഹദുള്ള പറഞ്ഞു. ഓപ്പറേഷന്‍ തിയറ്ററുകളിലും അതിതീവ്ര പരിചരണ വിഭാഗങ്ങളിലും സുപ്രധാന ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്ന ബയോമെഡിക്കല്‍ എന്‍ജിനീയര്‍മാരുടെ പ്രസക്തിയും അദ്ദേഹം ചൂണ്ടിക്കാട്ടി.
മെഡിക്കല്‍ ഉപകരണങ്ങള്‍ക്കുള്ള അംഗീകാരത്തിന്റെ ആവശ്യകതയെക്കുറിച്ചും മെഡിക്കല്‍ ഉപകരണങ്ങളുടെ കാലിബ്രേഷന്‍ ലബോറട്ടറി മാനദണ്ഡങ്ങളെക്കുറിച്ചും അതിഥിയായിരുന്ന ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ ട്രെയിനിംഗ് ആന്‍ഡ് കപ്പാസിറ്റി ബില്‍ഡിംഗ് സെല്‍ ഡയറക്ടര്‍ അലോക് ജെയ്ന്‍ വ്യക്തമാക്കി.
കിംസ്‌ഹെല്‍ത്ത് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഇഎം നജീബ്, സിഇഒ ജെറി ഫിലിപ്പ്, ഡയഗ്നോസ്റ്റിക്‌സ് സര്‍വ്വീസസ് ക്ലസ്റ്റര്‍ സിഒഒ അവിനാഷ് നാനിവഡേക്കര്‍, ക്ലിനിക്കല്‍ എന്‍ജിനീയറിംഗ് ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ആര്‍ രഞ്ജിത്ത് എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.
സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്റേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ സോമനാഥ് ബസു, ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് മുന്‍ ഡയറക്ടര്‍ ആര്‍ സി മാത്യൂസ്, മെഡിക്കല്‍ ഡിവൈസസ് കാലിബ്രേഷന്റെ എന്‍എബിഎല്‍ അസെസ്സറും കാലിബ്രേഷന്‍ വിദഗ്ധയുമായ മാലാ രമേശ്, ബെംഗളൂരു പ്രിഷ്യസ് മെഡിക്കല്‍ ടെക്‌നോളജീസ് ഡയറക്്ടര്‍ സുദര്‍ശന്‍ നാഗോങ്കര്‍ എന്നിവര്‍ മുഖ്യ പ്രഭാഷകരായിരുന്നു.
ക്ലിനിക്കല്‍ എന്‍ജിനീയറിംഗിനുള്ള സമഗ്ര എന്‍എബിഎച്ച് അംഗീകാരത്തിന്റെ ആവശ്യകത എന്ന വിഷയത്തിലെ പാനല്‍ ചര്‍ച്ചകള്‍ക്ക് പൂനെ ദീനാനാഥ് മങ്കേഷ്‌കര്‍ ഹോസ്പിറ്റല്‍ ക്ലിനിക്കല്‍ എന്‍ജിനീയറിംഗ് മാനേജര്‍ ഡോ. നിരഞ്ചന്‍ ഡി കമ്പത്ത്്, ബെംഗളൂരു സക്ര വേള്‍ഡ് ഹോസ്പിറ്റല്‍ അസോസിയേറ്റ് വൈസ് പ്രസിഡന്റ് ദീപക് അഗര്‍ഖേദും നേതൃത്വം നല്‍കി.
പ്രായോഗിക നിയന്ത്രണങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ക്കുള്ള അംഗീകാരങ്ങളും മാനദണ്ഡങ്ങളും, കര്‍മ്മ പദ്ധതികള്‍, അംഗീകാരം നല്‍കുന്ന സ്ഥാപനങ്ങളുടെ ചുമതലകള്‍, മെഡിക്കല്‍ ഉപകരണങ്ങളുടെ കൃത്യതയും ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കുന്നതില്‍ ക്ലിനിക്കല്‍ എന്‍ജിനീയര്‍മാര്‍ വഹിക്കേണ്ട ചുമതലകള്‍ തുടങ്ങിയവ വിവിധ സെഷനുകളില്‍ ചര്‍ച്ച ചെയ്തു. കിംസ്‌ഹെല്‍ത്തിലെ ക്ലിനിക്കല്‍ എന്‍ജിനീയര്‍മാര്‍ മെഡിക്കല്‍ ഉപകരണങ്ങളുടെ കാലിബ്രേഷനെക്കുറിച്ച് അവതരണം നടത്തി.
കിംസ്‌ഹെല്‍ത്തിന്റെ ക്ലിനിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗം സംഘടിപ്പിച്ച പരിപാടിയില്‍ രാജ്യത്തുടനീളമുള്ള ഇരുന്നൂറിലധികം പ്രതിനിധികള്‍ പങ്കെടുത്തു.