ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് രാജ്യത്തിന്റെ ഭാവിക്കു മുതല്‍ക്കൂട്ട്: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് രാജ്യത്തിന്റെ ഭാവിക്കു മുതല്‍ക്കൂട്ടാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അര്‍പ്പണബോധത്തോടെ ഒരുമിച്ചു പ്രവര്‍ത്തിച്ചാല്‍ വികസനത്തിന്റെ മേഖലയില്‍ അത്ഭുതങ്ങള്‍ കൈവരിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് പ്രധാനമന്ത്രി പങ്കെടുത്ത വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലധിഷ്ഠിതമായ മള്‍ട്ടി ഡിസിപ്ലിനറി ഇന്നവേഷന്‍ പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനമായാണു ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിനെ വിഭാവനം ചെയ്തിരിക്കുന്നതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ടെക്‌നോസിറ്റിയിലുള്ള കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നവേഷന്‍ ആന്‍ഡ് ടെക്‌നോളജിയോടു ചേര്‍ന്നാണ് 1,500 കോടി മുതല്‍ മുടക്കില്‍ 13.93 ഏക്കറിലായി ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് യാഥാര്‍ഥ്യമാവുന്നത്. പ്രാരംഭ മുതല്‍ മുടക്കായി നടപ്പു സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ 200 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഡിജിറ്റല്‍ ഇന്‍ഡസ്ട്രി, ഡിജിറ്റല്‍ ആപ്ലിക്കേഷന്‍സ്, ഡിജിറ്റല്‍ ഓണ്‍ട്രപ്രണര്‍ഷിപ്പ്, ഡിജിറ്റല്‍ ഡീപ് ടെക്ക് എന്നീ മേഖലകളിലായിരിക്കും പാര്‍ക്ക് ഊന്നുന്നത്. ഉന്നത വിദ്യാഭ്യാസ, ഗവേഷണ, വ്യവസായ സ്ഥാപനങ്ങള്‍ ഇതിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകും. ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് വികസനവുമായി ബന്ധപ്പെട്ടു മാഞ്ചസ്റ്റര്‍, ഓക്‌സ്ഫഡ്, എഡിന്‍ബര്‍ഗ് എന്നീ വിദേശ സര്‍വ്വകലാശാലകള്‍ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയുമായി ധാരണാ പത്രങ്ങളില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇതില്‍നിന്നുതന്നെ പദ്ധതി രാജ്യത്തിന്റെയാകെ ഭാവിക്ക് മുതല്‍ക്കൂട്ടാകുമെന്നു വ്യക്തമാണ്.
രാജ്യത്തെ ആദ്യത്തേതും ഈ വലിപ്പത്തിലുള്ള ഏഷ്യയിലെ ആദ്യത്തേതുമായ സംയോജിത ജലഗതാഗത സംവിധാനമായാണു കൊച്ചി വാട്ടര്‍ മെട്രോ യാഥാര്‍ഥ്യമായിരിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നിക്ഷേപവും ജര്‍മന്‍ ഫണ്ടിങ് ഏജന്‍സി കെ.എഫ്.ഡബ്യുവിന്റെ വായ്പയും ഉള്‍പ്പെടെ 1,136.83 കോടി രൂപ ചിലവിലാണു പദ്ധതി യാഥാര്‍ഥ്യമാക്കിയത്. അത്യാധുനിക സൗകര്യങ്ങളുള്ള നൂതന പൊതുഗതാഗത സംവിധാനം സാധാരണക്കാരായ ജനങ്ങള്‍ക്കു കുറഞ്ഞ ചെലവില്‍ ലഭ്യമാകും. ഗതാഗത, വിനോദസഞ്ചാര മേഖലകള്‍ക്ക് മുതല്‍ക്കൂട്ടാകുന്ന പദ്ധതി കൊച്ചി നഗരത്തിലെ റോഡുകളിലെ തിരക്കും കാര്‍ബണ്‍ ബഹിര്‍ഗമനവും കുറയ്ക്കും. കേരളത്തെ കാര്‍ബണ്‍ ന്യൂട്രല്‍ ആക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്കു കൊച്ചി വാട്ടര്‍ മെട്രോ വലിയ ഊര്‍ജമാണു പകരുന്നത്. പൂര്‍ണമായും കേരള സര്‍ക്കാരിന്റെ മുന്‍കൈയിലുള്ള വാട്ടര്‍ മെട്രോ പദ്ധതി ഇന്ത്യയിലെ മറ്റ് 40 നഗരങ്ങളിലെങ്കിലും ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നാണു പ്രതീക്ഷ. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം തുടങ്ങിയ മേഖലകളില്‍ രാജ്യത്തിനാകെ മാതൃകയായിട്ടുള്ള കേരളം നഗരജലഗതാഗതത്തിലും രാജ്യത്തിനു മാതൃകയാകാന്‍ പോവുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ റെയില്‍വേ സ്‌റ്റേഷനുകളുടെ വികസനം, പുതിയ റെയില്‍വേ ലൈനുകള്‍ സ്ഥാപിക്കല്‍, നിലവിലുള്ള റെയില്‍വേ ലൈനുകള്‍ ഇരട്ടിപ്പിക്കുകയും വൈദ്യുതീകരിക്കുകയും ചെയ്യല്‍, സിഗ്‌നല്‍ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തല്‍, ട്രെയിനുകളുടെ വേഗത വര്‍ദ്ധിപ്പിക്കല്‍, പുതിയ ട്രെയിനുകള്‍ അനുവദിക്കല്‍ തുടങ്ങിയവയ്ക്കു പ്രത്യേക ശ്രദ്ധ നല്‍കണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേരളത്തിന് ആദ്യ വന്ദേഭാരത് ട്രെയിന്‍ അനുവദിച്ചതില്‍ നന്ദിയര്‍പ്പിച്ച അദ്ദേഹം കൂടുതല്‍ വന്ദേഭാരത് ട്രെയിനുകള്‍ പിന്നാലെ അനുവദിക്കുമെന്നു പ്രതീക്ഷിക്കുന്നതായും പറഞ്ഞു.