ഇ- സേവനങ്ങള്‍ പൊതുജനങ്ങള്‍ക്കു ലഭ്യമാകുന്നതിനു തടസം നില്‍ക്കുന്ന കാലഹരണപ്പെട്ട ചട്ടങ്ങള്‍ പരിഷ്‌കരിക്കണം: മുഖ്യമന്ത്രി

സര്‍ക്കാര്‍ സേവനങ്ങള്‍ക്കു മാനുഷിക മുഖം നല്‍കാന്‍ ജീവനക്കാര്‍ക്കു കഴിയണം
തിരുവനന്തപുരം: സര്‍ക്കാര്‍ സേവനങ്ങള്‍ക്കു മികച്ച മാനുഷിക മുഖം നല്‍കാന്‍ വകുപ്പുകള്‍ക്കും ജീവനക്കാര്‍ക്കും കഴിയണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇസേവനങ്ങള്‍ പൊതുജനങ്ങള്‍ക്കു ലഭ്യമാകുന്നതിനു തടസം നില്‍ക്കുന്ന കാലഹരണപ്പെട്ട ചട്ടങ്ങള്‍ പരിഷ്‌കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ഇഗവേണന്‍സ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ സുതാര്യമായും വേഗത്തിലും അഴിമതിരഹിതമായും ലഭ്യമാക്കുകയെന്നതാണു സര്‍ക്കാരിന്റെ ലക്ഷ്യമെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇതു കേരളത്തിലെ സേവന മേഖലയെ കൂടുതല്‍ ജനോന്മുഖമാക്കും. ഇതു മുന്‍നിര്‍ത്തിയാണു വിവിധ ഇസേവനങ്ങള്‍ നടപ്പാക്കുന്നത്. ഇഗവേണന്‍സിന്റെ ഭാഗമായുള്ള സേവനങ്ങള്‍ പൊതുജനങ്ങള്‍ക്കു ലഭ്യമാക്കുന്നതിനു തടസമായി നില്‍ക്കുന്ന ഒരു ഘടകം കാലഹരണപ്പെട്ട ചട്ടങ്ങളാണ്. ഇവ പരിഷ്‌കരിക്കേണ്ടതുണ്ട്. ഇവ ഏതൊക്കെയാണെന്ന് എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയുന്നത് ജനങ്ങളുമായി ഇടപഴകുന്ന ഉദ്യോഗസ്ഥര്‍ക്കാണ്. ചട്ടങ്ങള്‍ ആളുകള്‍ക്കു വിഷമമുണ്ടാക്കുന്നതാണെന്നു തിരിച്ചറിയുന്ന ഉദ്യോഗസ്ഥര്‍ അതു സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തണം.
സംസ്ഥാനത്ത് ഇതുവരെ 868 സേവനങ്ങള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ലഭ്യമാക്കാനായിട്ടുണ്ട്. സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങാതെ പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ ഈ പോര്‍ട്ടലിലൂടെ പ്രയോജനപ്പെടുത്താന്‍ കഴിയുന്നുണ്ട്. മറ്റൊരു 668 സേവനങ്ങള്‍ ലഭ്യമാകുന്ന എംസേവനം എന്ന മൊബൈല്‍ ആപ്ലിക്കേഷനും വികസിപ്പിച്ചിട്ടുണ്ട്. ഇവ രണ്ടിലും കൂടുതല്‍ സേവനങ്ങള്‍ ഉള്‍ച്ചേര്‍ക്കും. ജില്ലാതലത്തിലുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇഡിസ്ട്രിക്റ്റ് പദ്ധതി നടപ്പാക്കുന്നത്. സര്‍ക്കാര്‍ ഓഫിസുകള്‍ പേപ്പര്‍ രഹിതമാക്കുന്നതിന് ഇഓഫിസ് നടപ്പാക്കി. 14 കളക്ടറേറ്റുകളിലും 120ലധികം സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഇഓഫിസ് നടപ്പാക്കിയിട്ടുണ്ട്. പൊതുജനങ്ങള്‍ കൂടുതലായി ആശ്രയിക്കുന്ന 47 താലൂക്ക് ഓഫിസുകള്‍, 408 വില്ലേജ് ഓഫിസുകള്‍, 24 ആര്‍ഡിഒ ഓഫിസുകള്‍ എന്നിവിടങ്ങളിലും ഇതു നടപ്പാക്കി.
എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഇസേവനം ശരിയായി ലഭിക്കണമെങ്കില്‍ സാര്‍വത്രികമായി ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ഉറപ്പാക്കണം. ഇതിനാണു കെഫോണ്‍ പദ്ധതി ആവിഷ്‌കരിച്ചത്. കേരളത്തിലെ എല്ലാ കുടുംബങ്ങള്‍ക്കും കുറഞ്ഞ നിരക്കിലോ സൗജന്യമായോ ഹൈസ്പീഡ് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്തെ മുപ്പതിനായിരത്തോളം വരുന്ന സര്‍ക്കാര്‍ ഓഫിസുകളും വിദ്യാലയങ്ങളും ഈ പദ്ധതിയുടെ ഭാഗമാണ്. ഇതിനോടകം പല സര്‍ക്കാര്‍ ഓഫിസുകള്‍ക്കും കെഫോണ്‍ കണക്ഷന്‍ ലഭ്യമായിക്കഴിഞ്ഞു. കെഫോണ്‍ പദ്ധതിക്കൊപ്പംതന്നെ പബ്ലിക് വൈഫൈ സ്‌പോട്ടുകളും സ്ഥാപിക്കുന്നുണ്ട്. 2023 സൗജന്യ പബ്ലിക് വൈഫൈ സ്‌പോട്ടുകള്‍ ഇപ്പോള്‍ ലഭ്യമാക്കിയിട്ടുണ്ട്. 2000 ഹോട്ട് സ്‌പോട്ടുകള്‍ കൂടി സ്ഥാപിക്കുന്നതിനു നടപടി തുടങ്ങിക്കഴിഞ്ഞു.
സര്‍ക്കാരിന്റെ സമീപനത്തിനും അടിസ്ഥാന സൗകര്യങ്ങളിലും മാറ്റങ്ങള്‍ ഉണ്ടാകുമ്പോള്‍ ജീവനക്കാരുടെ സമീപനത്തിലും കാര്യമായ മാറ്റം ഉണ്ടാകണം. സര്‍ക്കാര്‍ സര്‍വീസ് പൊതുജനങ്ങള്‍ക്കു സര്‍വീസ് നല്‍കാനുള്ള ഉപാധിയാണെന്ന നിലയ്ക്കുള്ള മാറ്റമുണ്ടാകണം. അതിന് സഹായകമാകുന്ന വിവിധ പരിശീലന പരിപാടികള്‍ നടപ്പാക്കുന്നുണ്ട്. അവയോടു മികച്ച രീതിയില്‍ പ്രതികരിക്കുകയും അവയില്‍നിന്ന ഊര്‍ജം ഉള്‍ക്കൊണ്ടു മികച്ച മുന്നേറ്റം കൈവരിക്കുകയും ചെയ്യുന്ന നിരവധി ഓഫിസുകളം വകുപ്പുകളുമുണ്ട്. എല്ലാ ഓഫിസുകളും വകുപ്പുകളും ഈ തലത്തിലേക്കു വളരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ നടന്ന ചടങ്ങില്‍ 2018, 201920, 202021 വര്‍ഷങ്ങളിലെ ഇഗവേണന്‍സ് പുരസ്‌കാരങ്ങളുടെ ഭാഗമായുള്ള ഇസിറ്റിസണ്‍ സര്‍വീസ് ഡെലിവറി പുരസ്‌കാരങ്ങള്‍ മുഖ്യമന്ത്രി വിതരണം ചെയ്തു. പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. വിവിധ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള ഇഗവേണന്‍സ് പുരസ്‌കാരങ്ങളും മന്ത്രി വിതരണം ചെയ്തു. മേയര്‍ ആര്യ രാജേന്ദ്രന്‍, ജൂറി അംഗം ഡോ. സെബാസ്റ്റ്യന്‍ പോള്‍, ഐ.എം.ജി. ഡയറക്ടര്‍ കെ. ജയകുമാര്‍, കൗണ്‍സിലര്‍ രാഖി രവികുമാര്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് വിവര സാങ്കേതിക വകുപ്പ് സെക്രട്ടറി ഡോ. രത്തന്‍ ഖേല്‍ക്കര്‍, ഐടി മിഷന്‍ ഡയറക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് തുടങ്ങിയവര്‍ പങ്കെടുത്തു.