ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്, ആരുടേയും സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കില്ല: മുഖ്യമന്ത്രി

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം വിമാനത്തിലും അരങ്ങേറി

തിരുവനന്തപുരം: കറുത്ത നിറത്തിലുള്ള വസ്ത്രവും മാസ്‌കും ധരിക്കാന്‍ പാടില്ലെന്ന തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം സംസ്ഥാനത്തു നടക്കുന്നുണ്ടെന്നും ഏതെങ്കിലും പ്രത്യേക നിറത്തിലുള്ള വസ്ത്രം ധരിക്കാന്‍ പാടില്ലെന്ന നിലപാട് സര്‍ക്കാരിനെല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ എല്ലാവര്‍ക്കും ഇഷ്ടമുള്ള നിറത്തില്‍ വസ്ത്രം ധരിക്കാന്‍ അവകാശമുണ്ട്. നാട്ടില്‍ വഴി നടക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന സാഹചര്യം ഒരു കാരണവശാലുമുണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഗ്രന്ഥശാലാ പ്രവര്‍ത്തക സംഗമത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
വഴി തടയുകയാണെന്നു പറഞ്ഞ് ഒരുകൂട്ടര്‍ സംസ്ഥാനത്തു കൊടുമ്പിരികൊണ്ട പ്രചാരണം നടത്തുന്നതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വഴിനടക്കാനുള്ള സ്വാതന്ത്രം ഒരുകൂട്ടര്‍ക്കും നിഷേധിക്കുന്ന സാഹചര്യം ഒരു കാരണവശാലും ഉണ്ടാകില്ല. പഴയ ചിന്താഗതിയോടെ സമൂഹത്തില്‍ ഇടപെടുന്ന ചില ശക്തികള്‍ ചിലതൊക്കെ ആഗ്രഹിക്കുന്നുണ്ടാകാം. പക്ഷേ പ്രബുദ്ധ കേരളം അതു സമ്മതിക്കില്ല. കറുപ്പു നിറത്തിലുള്ള വസ്ത്രവും മാസ്‌കും ധരിക്കാന്‍ പറ്റില്ലെന്ന തെറ്റിദ്ധാരണാജനകമായ പ്രചാരണം കുറച്ചു ദിവസമായി നടക്കുന്നുണ്ട്. ഇഷ്ടമുള്ള രീതിയില്‍ വസ്ത്രം ധരിക്കാനുള്ള അവകാശത്തിനു വേണ്ടി വലിയ പ്രക്ഷോഭങ്ങള്‍ നടന്ന നാടാണിത്. മുട്ടിനുതാഴെ മുണ്ടുടുക്കാനും മാറുമറയ്ക്കാനുമുള്ള അവകാശങ്ങള്‍ക്കായി വലിയ പോരാട്ടം ഇവിടെ നടന്നിട്ടുണ്ട്. അങ്ങനെയാണ് ആ അവകാശങ്ങള്‍ നേടിയെടുത്തത്. ഏതെങ്കിലും തരത്തില്‍ അവ ഹനിക്കുന്ന പ്രശ്നമേയില്ല.
എത്ര തെറ്റിദ്ധാരണാജനകമായാണു ചില ശക്തികള്‍ നിക്ഷിപ്ത താത്പര്യത്തോടെ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നതു മനസിലാക്കണം. അതിന്റെ ഭാഗമായാണു കറുത്ത ഷര്‍ട്ടും കറുത്ത മാസ്‌കും പാടില്ല എന്നു കേരളത്തിലെ സര്‍ക്കാര്‍ നിലപാടെടുത്തിരിക്കുന്നുവെന്ന പ്രചാരണം വന്നിട്ടുള്ളത്. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ മറ്റൊന്നും കിട്ടാത്തതിനാല്‍ ഒരുപാടു കള്ളക്കഥകളെ ആശ്രയിക്കുന്ന കാലമാണിത്. അക്കൂട്ടത്തില്‍ ഇതൂകൂടി ചേര്‍ത്തു പ്രചരിപ്പിക്കുകയാണെന്നതു തിരിച്ചറിയണം. നാടിന്റെ പ്രത്യേകത എല്ലാ രീതിയിലും കാത്തുസൂക്ഷിക്കാന്‍ നാം പ്രതിജ്ഞാബ്ധമാണ്. അക്കാര്യത്തില്‍ സര്‍ക്കാര്‍ എപ്പോഴും ഒപ്പമുണ്ടാകും. അതിനെതിരായി നീങ്ങുന്ന ശക്തികള്‍ക്കു തടയിയാന്‍ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധയോടെ പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ തുടരുന്ന പ്രതിഷേധം വിമാനത്തിലും

അതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ആരോപണങ്ങളുന്നയിച്ചതിനെതുടര്‍ന്ന് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിപക്ഷം നടത്തിവരുന്ന പ്രതിഷേധം പുതിയതലത്തിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ തുടരുന്ന പ്രതിഷേധം വിമാനത്തിലും അരങ്ങേറി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്‌ വിമാനത്തില്‍ പ്രതിഷേധിച്ചത്. ഇവരെ പൊലീസ് ബലംപ്രയോഗിച്ച് കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുത്തു.
കണ്ണൂരില്‍നിന്നു തിരിച്ച വിമാനം തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്ത ഉടനെയായിരുന്നു പ്രതിഷേധം. ആദ്യം സീറ്റിലിരുന്ന് മുദ്രാവാക്യം വിളിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിന്നീട് പിണറായി വിജയന്റെ അടുത്തേക്കു നീങ്ങി മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് വിളിച്ചുപറയുകയായിരുന്നു. പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ തള്ളിമാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. വിമാനത്തിനുള്ളില്‍ പ്രതിഷേധമെന്ന പേരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയത് ഭീകരപ്രവര്‍ത്തനമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ ആക്രമിക്കുക എന്ന ലക്ഷ്യം മാത്രമാണ് അവര്‍ക്കുണ്ടായിരുന്നത്. കോറിഡോറില്‍ താന്‍ തടഞ്ഞില്ലായിരുന്നെങ്കില്‍ ഇവര്‍ അക്രമിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, തങ്ങളെ ഇ പി ജയരാജന്‍ മര്‍ദിച്ചതായി ഇവര്‍പറഞ്ഞു. കണ്ണൂരില്‍നിന്ന് വിമാനത്തില്‍ കയറിയ തങ്ങള്‍ തിരുവനന്തപുരത്ത് വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ മാത്രമാണ് എഴുന്നേറ്റതെന്നും പുറത്തിറങ്ങിയാല്‍ കാണിച്ചുതരാമെന്ന് ജയരാജന്‍ ഭീഷണിപ്പെടുത്തിയതായും ഇവര്‍
ആരോപിച്ചു.