മത്സ്യത്തൊഴിലാളികളുടെ സംരക്ഷണത്തിന് ആവുന്നതെല്ലാം സര്‍ക്കാര്‍ ചെയ്യും: മുഖ്യമന്ത്രി

ചെല്ലാനത്ത 344 കോടി രൂപയുടെ തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

കൊച്ചി: സുരക്ഷ ഏറ്റവും ആവശ്യമുള്ള ജനവിഭാഗമായ തീരദേശ മത്സ്യത്തൊഴിലാളികളുടെ ജീവനും ജീവനോപാധികളുടെയും സംരക്ഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചെല്ലാനത്തെ തീര ശോഷണത്തിനും കടലേറ്റ ഭീഷണിക്കും പരിഹാരം കാണുന്നതിനായി ടെട്രാ പോഡ് ഉപയോഗിച്ചുള്ള കടല്‍ തീര സംരക്ഷണ പദ്ധതിയുടെയും പുലിമുട്ട് ശൃംഖലയുടെയും നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്ത് ആദ്യമായാണ് ടെട്രാ പോഡുകള്‍ ഉപയോഗിച്ചുളള തീരസംരക്ഷണ നിര്‍മ്മാണ രീതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കീഫ്ബി വഴി 344 കോടി രൂപയുടെ സംരക്ഷണ പ്രവര്‍ത്തനങ്ങളാണ് ചെല്ലാനത്ത് നടക്കുന്നത്. കേരളത്തിന്റെ തീര സംരക്ഷണത്തിനായി 5300 കോടി രൂപയുടെ പദ്ധതികളാണ് സംസ്ഥാനത്തു നടപ്പാക്കുന്നത്. ഇതിന്റെ ആദ്യഘട്ടം എന്ന നിലയില്‍ കടലേറ്റം രൂക്ഷമായ സംസ്ഥാനത്തെ 10 ഹോട്ട്‌സ്‌പോട്ടുകള്‍ കണ്ടെത്തി അടിയന്തര പ്രവര്‍ത്തനങ്ങള്‍ നടത്താനാണു സര്‍ക്കാര്‍ ലക്ഷ്യം. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക. എല്ലാ മഴക്കാലത്തും കടലാക്രമണ ഭീഷണി നേരിടുന്ന പ്രദേശമാണ് ചെല്ലാനം. അതുകൊണ്ടു തന്നെ ആദ്യ ഘട്ടം ഇവിടെ നടപ്പിലാക്കുകയാണ്. ചെല്ലാനം പഞ്ചായത്തിലെ 10 കിലോമീറ്റര്‍ ദൂരം വരുന്ന കടല്‍ഭിത്തിയുടെ ടെട്രാപോഡ് ഉപയോഗിച്ചുള്ള പുനരുദ്ധാരണവും ബസാറിലും കണ്ണമാലിയിലും പുലിമുട്ടുശൃംഖലകളുടെ നിര്‍മ്മാണവുമാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്. രണ്ടു ഘട്ടമായാണ് ഈ പ്രവൃത്തികളള്‍. ആദ്യഘട്ടത്തില്‍ 256 കോടി രൂപ അടങ്കല്‍ വരുന്ന 7.35 കിലോമീറ്റര്‍ ദൂരം കടല്‍ഭിത്തിയുടെ പുനരുദ്ധാരണമാണ് ലക്ഷ്യമിടുന്നത്. കടലാക്രമണം രൂക്ഷമായ കമ്പനിപ്പടി, ബസാര്‍, ചാളക്കടവ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ആദ്യഘട്ട നിര്‍മാണം ആരംഭിച്ചിരിക്കുന്നത്. 20 ശതമാനം പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. 16 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം ചെല്ലാനം ഫിഷിങ് ഹാര്‍ബറിനടുത്തുനിന്ന് ആരംഭിച്ച് വടക്ക് പുത്തന്‍തോടു ബീച്ച് വരെയാണ്. ഇതോടൊപ്പം പദ്ധതിയുടെ ഭാഗമായി ചെല്ലാനം ബസാറില്‍ ആറു പുലിമുട്ടുകളുടെ ശൃംഖലയും നിര്‍മിക്കുന്നുണ്ട്. രണ്ടാം ഘട്ടത്തില്‍ ബാക്കിയുള്ള 2.65 കിലോ മീറ്റര്‍ നീളം കടല്‍ഭിത്തിയുടെ നിര്‍മ്മാണവും കണ്ണമാലിയില്‍ 9 പുലിമുട്ടുകളുടെ ശൃംഖലയും നിര്‍മിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെ മുപ്പത്തിനായിരത്തില്‍ അധികം ടെട്രാപോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി കഴിഞ്ഞു. സമുദ്ര നിരപ്പില്‍ നിന്നും 6.10 മീറ്റര്‍ ഉയരത്തിലാണ് കടല്‍ ഭിത്തിയുടെ നിര്‍മ്മാണം. ഇതിനു മുകളിലായി 3 മീറ്റര്‍ വീതിയില്‍ ഒരു നടപ്പാതയും ലക്ഷ്യമിടുന്നു. ഇത് ചെല്ലാനത്തിന്റെ ടൂറിസം സാധ്യത വര്‍ധിപ്പിക്കും.വികസനത്തിന്റെ ഗുണഫലങ്ങള്‍ പരമാവധി മേഖലയ്ക്കു ഗുണം ചെയ്യണമെന്നാണ് സര്‍ക്കാര്‍ നയം. സമഗ്ര പദ്ധതികള്‍ നടപ്പാക്കുന്നത് അതിന്റെ ഭാഗമായി ആണെന്നും ഈ സര്‍ക്കാരിന്റെ ആദ്യ രണ്ടു നൂറുദിന കര്‍മ്മ പരിപാടികളില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായുള്ള പുനര്‍ഗേഹം പദ്ധതി വഴി 1247 വീടുകള്‍ നിര്‍മ്മിച്ചു കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. ചെല്ലാനം സെന്റ് മേരീസ് ഹൈസ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. വ്യവസായ വകുപ്പ് മന്ത്രി മന്ത്രി പി.രാജീവ്, ഹൈബി ഈഡന്‍ എം.പി എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. കെ.ജെ മാക്‌സി എം.എല്‍.എ, ജലസേചനവും ഭരണവും വകുപ്പ് ചീഫ് എഞ്ചിനീയര്‍ അലക്‌സ് വര്‍ഗീസ്, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി, ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍ ജോസഫ്, മുന്‍ എംഎല്‍എ ജോണ്‍ ഫെര്‍ണാണ്ടസ്, സി.എന്‍ മോഹനന്‍, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മത സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.