തിരുവനന്തപുരം: ലഹരിയും അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും മനുഷ്യത്വത്തെ ചോര്‍ത്തിക്കളയുന്നതാണെന്നും ഇതിനെതിരേ ശക്തമായ ബോധവത്കരണം ഉണ്ടാകണെമന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കണിയാപുരം െ്രെബറ്റ് സെന്‍ട്രല്‍ സ്‌കൂളില്‍ നടന്ന സി.ബി.എസ്.ഇ. സോണല്‍ ലെവല്‍ ഇന്റര്‍ സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മയക്കുമരുന്നിന് അടിപ്പെട്ട ആള്‍ എങ്ങനെ മനുഷ്യത്വം ചോര്‍ന്നുപോകുന്നയാളാകുന്നു അതേപോലെതന്നെയാണ് അന്ധവിശ്വാസങ്ങള്‍ക്കും ദുരാചാരങ്ങള്‍ക്കും പിന്നാലെ പോകുന്നവരുടെ സ്ഥിതിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്‌കാര സമ്പന്നമെന്നു കരുതുന്ന കേരളത്തില്‍ ദുര്‍മന്ത്രവാദങ്ങള്‍ മുതല്‍ നരബലിവരെ സംഭവിച്ചു. പണത്തോടുള്ള അത്യാര്‍ത്തിയും അന്ധവിശ്വാസവുമാണ് ഇതിന്റെയൊക്കെ അടിസ്ഥാനം. മനുഷ്യത്വം ചോര്‍ത്തിക്കളയുന്ന മൃഗീയതയിലേക്കു മനുഷ്യരെ അധഃപ്പതിപ്പിക്കുന്ന അന്ധകാരത്തിന്റെ കൂട്ടിനകത്ത് കുട്ടികള്‍ അകപ്പെടാതെ നോക്കണം. മന്ത്രവാദങ്ങളിലും ആഭിചാരങ്ങളിലുമൊക്കെ ഇരയാക്കപ്പെടുന്നതില്‍ അധികവും സ്ത്രീകളും കുഞ്ഞുങ്ങളുമാണ്. ഇതു മുന്‍നിര്‍ത്തി സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കുമിടയില്‍ വലിയ തോതിലുള്ള ബോധവ്തകരണം ഉണ്ടാകണം. ലഹരിക്കെതിരായി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വിപുലമായ ജനകീയ ക്യാംപെയിന്‍ നടക്കുകയാണ്. കേരളത്തിന്റെ ഊര്‍ജസ്വലരായ വിദ്യാര്‍ഥി സമൂഹമാണ് ഈ ക്യാംപെയിന്റെ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ഗാന്ധിജയന്തി ദിനത്തില്‍ തുടക്കം കുറിച്ച ക്യാംപെയിനിന്റെ ആദ്യ ഘട്ടം കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനു സമാപിച്ചു. രണ്ടാം ഘട്ടം ശിശുദിനത്തില്‍ തുടങ്ങി 2023ലെ റിപ്പബ്ലിക് ദിനം വരെയാണു നടക്കുക. സംസ്ഥാനത്തെ ഓരോ സ്‌കൂളും ഓരോ ക്ലാസ്മുറിയും വലിയ രീതിയില്‍ പങ്കുകാരാകുംവിധമാണ് ഇതു വിഭാവനം ചെയ്തിരിക്കുന്നത്. ലഹരി വിരുദ്ധ ബോധവത്കരണത്തിനു തയാറാക്കുന്ന വിവിധ കലാരൂപങ്ങള്‍ക്ക് ഇതില്‍ വലിയ പങ്കുവഹിക്കാനാകും. ലഹരിക്കെതിരേ പോരാടാന്‍ ഓരോ വിദ്യാര്‍ഥിയും തങ്ങളുടെ കലാപരമായ കഴിവുകള്‍ വിനിയോഗിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍, കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ, സ്‌കൂള്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.