ശിവഗിരി തീര്‍ഥാടനം സമത്വ ലോകത്തിന്റെ സന്ദേശം: കേന്ദ്ര പ്രതിരോധ മന്ത്രി

തിരുവനന്തപുരം: ലോകത്തിനു നല്‍കുന്ന സമത്വത്തിന്റെ സന്ദേശമാണു ശിവഗിരി തീര്‍ഥാടനമെന്നു കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഒരേ വികാരത്തിലും നിറത്തിലും സമഭാവനയിലും ഐക്യത്തിലും തീര്‍ഥാടകര്‍ ഒത്തുകൂടുന്നിടമാണു ശിവഗിരി. ഇത് ഇന്ത്യന്‍ സംസ്‌കാരത്തില്‍ അന്തര്‍ലീനമായ മനുഷ്യ സമത്വത്തിന്റെ സന്ദേശമാണെന്നും അദ്ദേഹം പറഞ്ഞു. 90ാമതു ശിവഗിരി തീര്‍ഥാടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വ്യക്തികളുടേയും സമൂഹത്തിന്റെയും സമഗ്രമായ വികസനമാകണം തീര്‍ഥാടനങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങള്‍ക്കു മൂര്‍ത്തരൂപം നല്‍കാന്‍ ശിവഗിരി മഠത്തിനു കഴിഞ്ഞിട്ടുണ്ട്. രാജ്യത്തിന്റെ സാംസ്‌കാരികവും ആത്മീയവുമായ അവബോധത്തിന്റെ ഊര്‍ജമാണു കാശിയെങ്കില്‍ ദക്ഷിണേന്ത്യയില്‍ വര്‍ക്കല ശിവഗിരി ഈ ബോധത്തെ ഇന്ത്യക്കാര്‍ക്കിടയില്‍ പുനരുജ്ജീവിപ്പിക്കാന്‍ പ്രവര്‍ത്തിക്കുകയാണ്. വിശ്വാസത്തിന്റെ കേന്ദ്രങ്ങള്‍ എന്നതിലുപരി സമൂഹത്തിന്റെ ശാരീരികവും മാനസികവും ആത്മീയവുമായ ഉന്നമനത്തിലും തീര്‍ഥാടന കേന്ദ്രങ്ങള്‍ വലിയ സംഭാവന നല്‍കിയിട്ടുണ്ട്. എപ്പോഴെല്ലാം ഇന്ത്യന്‍ സമൂഹം വിവിധ കാരണങ്ങളാല്‍ ധര്‍മസങ്കടത്തില്‍പ്പെടുന്നുവോ അപ്പോഴെല്ലാം ശ്രീനാരായണ ഗുരുവിനെപ്പോലുള്ള സന്യാസികള്‍ അവബോധ സന്ദേശവുമായി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഇറങ്ങിയിട്ടുണ്ട്.
ശുചീകരണം, വിദ്യാഭ്യാസം, കൃഷി, വ്യാപാരം, വാണിജ്യം, ശാസ്ത്രസാങ്കേതിക വിദ്യ തുടങ്ങിയ വിഷയങ്ങളില്‍ സാധാരണക്കാരില്‍ അവബോധം പകര്‍ന്നു നല്‍കാന്‍ ശ്രീനാരായണ ഗുരു നടത്തിയ ശ്രമങ്ങളും ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളുമാണ് ഇന്നു സമൂഹത്തില്‍ ഈ മേഖലകളില്‍ കാണുന്ന വളര്‍ച്ചയ്ക്കും വികാസത്തിനും വഴിതെളിച്ചിട്ടുള്ളത്. സമൂഹത്തിലെ പിന്നാക്കക്കാരും താഴ്ന്നജാതിക്കാരുമായവരോടുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടും ഏറെ മഹത്തരമായിരുന്നു. എല്ലാ വിഭാഗം ആളുകളും ഒന്നാണെന്ന ഗുരുവചനങ്ങള്‍ ജീവിതത്തില്‍ എപ്പോഴും പ്രാവര്‍ത്തികമാക്കുകയും പ്രചരിപ്പിക്കുകയും വേണം.


രാജ്യത്തിന്റെ ധീര സൈനികരാണ് അതിര്‍ത്തികളുടെ സുരക്ഷ കാത്തുപാലിക്കുന്നത്. രാജ്യത്തിന്റെ ശരീരത്തെയാണ് അവര്‍ കാത്തുസൂക്ഷിക്കുന്നത്. ശ്രീനാരായണ ഗുരുവിനെപ്പോലുള്ള ശ്രേഷ്ഠരുടെ ഉദ്‌ബോധനങ്ങളും അതിന്റെ തുടര്‍ച്ചയായി നടത്തുന്ന പ്രവര്‍ത്തനങ്ങളും ഈ രാജ്യത്തിന്റെ ആത്മാവിനെയാണു സംരക്ഷിക്കുന്നത്. ശരീരവും ആത്മാവും സുരക്ഷിതമായിരിക്കുമ്പോള്‍ മാത്രമേ രാജ്യത്തിന് നിത്യതയുണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു.
ശിവഗിരിയില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികള്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര വിദേശ പാര്‍ലമെന്ററികാര്യ വകുപ്പ് സഹമന്ത്രി വി. മുരളീധരന്‍, എം.എല്‍.എമാരായ കടകംപള്ളി സുരേന്ദ്രന്‍, വി. ജോയി, സൂക്ഷ്മാനന്ദ സ്വാമികള്‍, ശുഭാംഗാനന്ദ സ്വാമികള്‍, വിശാലാനന്ദ സ്വാമികള്‍, ചൈതന്യാനന്ദ സ്വാമികള്‍, ശാരദാനന്ദ സ്വാമികള്‍, കെ.ജി. ബാബുരാജ്, ഗോകുലം ഗോപാലന്‍, ദീപു രവി, സൗത്ത് ഇന്ത്യന്‍ ആര്‍. വിനോദ് തുടങ്ങിയവരും പങ്കെടുത്തു.