തിരുവനന്തപുരം: കേരളത്തെ സമ്പൂര്‍ണ മാലിന്യമുക്ത സംസ്ഥാനമാക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണമെന്ന് തദ്ദേശ സ്വയംഭരണഎക്‌സൈസ് മന്ത്രി എം.ബി. രാജേഷ്. നിയമനടപടികള്‍ ശക്തമാക്കണമെന്നും ബോധവത്കരണ നടപടികള്‍ മാത്രം മതിയാകില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു. മാലിന്യമുക്ത നവകേരളം പ്രചാരണത്തിന്റെ ഭാഗമായുള്ള ഹരിതസഭകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനായുള്ള നിരവധി പ്രവര്‍ത്തവങ്ങള്‍ സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും നടത്തുന്നുണ്ട്. എന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങളുടെ വിജയത്തിന് ജനങ്ങളുടെ പൂര്‍ണ്ണപിന്തുണ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
പൊതുയിടങ്ങളില്‍ മാലിന്യ നിക്ഷേപം തടയുന്നതിന് നിയമനടപടികള്‍ ശക്തമാക്കും. ഉറവിട മാലിന്യ സംസ്‌ക്കരണം കൂടുതല്‍ മെച്ചപ്പെടുത്തണം. 2024 ല്‍ സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയും മാലിന്യമുക്തമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മാലിന്യമുക്ത നവകേരളം പ്രചാരണത്തിന്റെ മൂന്നു ഘട്ടങ്ങളിലേയും പ്രവര്‍ത്തന പുരോഗതി കൃത്യമായി വിലയിരുത്തും. നവംബര്‍ ഒന്നിന് നവകേരള ഹരിത സഭ സംഘടിപ്പിക്കും. നവംബര്‍ 14 ന് നവകേരള ശിശുദിന ഹരിതസഭകള്‍ സംഘടിപ്പിക്കുമെന്നും കുട്ടികള്‍ തദ്ദേശസ്ഥാപനങ്ങളുടെ റിപ്പോര്‍ട്ട് വിലയിരുത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഹരിതസഭയുടെ ഭാഗമായുള്ള വെന്‍ഡിംഗ് മെഷീന്‍, സഞ്ചി യൂണിറ്റ്, കൈപുസ്തകം, ഗ്രീന്‍ ടെക്‌നീഷ്യന്മാരെ വിന്യസിക്കല്‍, സി.സി ടിവി സ്ഥാപിക്കല്‍, സാനിറ്ററി മാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള കരാര്‍ കൈമാറല്‍, മാലിന്യരംഗത്ത് ജി.ഐ.സെഡിന്റെ സഹകരണ കരാര്‍ തുടങ്ങിയവയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു.
മാലിന്യമില്ലാത്ത മലയാളനാട് കേരളത്തിന്റെ സ്വപ്‌നമാണെന്നും കേരള ജനതയുടെ പങ്കാളിത്തതോടെ അത് സാധ്യമാകുമെന്നും ചടങ്ങില്‍ അധ്യക്ഷനായിരുന്ന ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. മലിനീകരണ തോത് കുറയ്കുന്നതിനായും പാരിസ്ഥിക പ്രശ്‌നങ്ങളെ അതിജീവിക്കുന്നതിനും ഓരോ വകുപ്പും ശ്രമിക്കുന്നുണ്ട്. വായുമലിനീകണം കുറയ്കാന്‍ കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസ്സുകളിലേക്ക് മാറുകയാണ്. 50 ബസുകള്‍ ഇതിനകം വാങ്ങികഴിഞ്ഞു. 113 ഇലക്ട്രിക് ബസ്സുകള്‍ അടുകൂടി അടുത്ത മാസം വാങ്ങും. ഇതോടെ തിരുവനന്തപുരം നഗരത്തില്‍ 163 ഇലക്ട്രിക് ബസ്സുകള്‍ ഉണ്ടാകും. കിഫ്ബി 814 കോടി രൂപ കെഎസ്ആര്‍ടിസിക്ക് അനുവദിച്ചു. ഇതുവഴി വാങ്ങുന്ന ബസുകളില്‍ നല്ലൊരു ശതമാനവും ഇലക്ട്രിക് ബസ്സുകള്‍ ആയിരിക്കും.
ജലഗതാഗതത്തിനായി ഉപയോഗിക്കുന്ന ബോട്ടുകള്‍ ഇലക്ട്രിക്,സോളാര്‍ ബോട്ടുകളാക്കി മാറ്റികൊണ്ടിരിക്കുകയാണ്. തിരുവന്തപുരം നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്. പല തദ്ദേശ സ്ഥാപനങ്ങള്‍ക്കും തിരുവന്തപുരം നഗരസഭ മാതൃകയാണ്. ഒരു കാലത്ത് ഏറ്റവും വൃത്തിയുള്ള നഗരത്തിനുള്ള അവാര്‍ഡ് നേടിയ നഗരസഭയാണ് തിരുവന്തപുരം നഗരസഭ എന്നും അത് തിരിച്ചു പിടിക്കണമെന്നും മന്ത്രി പറഞ്ഞു.
തിരുവവനന്തപുരം കോര്‍പ്പറേഷനിലെ മികച്ച ഹരിതകര്‍മ്മസേന, വാര്‍ഡ്, സര്‍ക്കിള്‍ ഓഫീസ്, റെസിഡന്‍സ് അസോസിയേഷന്‍, ആര്‍.ആര്‍.ആര്‍ വാര്‍ഡ്, വലിച്ചെറിയല്‍ വിമുക്ത വാര്‍ഡ് എന്നിവയ്ക്കുള്ള പുരസ്‌കാരങ്ങളും ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് കാര്‍ഡ് വിതരണവും ചടങ്ങില്‍ നടന്നു. ചടങ്ങില്‍ വി.കെ. പ്രശാന്ത് എം.എല്‍.എ, തിരുവന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍, ഡെപ്യൂട്ടി മേയര്‍ പി.കെ. രാജു, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജമീല ശ്രീധരന്‍. പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മേടയില്‍ വിക്രമന്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പ്പേഴ്‌സണ്‍ ആതിര എല്‍.എസ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പ്പേഴ്‌സണ്‍ റീന കെ.എസ്., ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ്. സലീം, ശുചിത്വ മിഷന്‍ ഡയറക്ടര്‍ ജോതിഷ് ചന്ദ്രന്‍ ജി., ജിസ് പ്രതിനിധി ഡോ. കത്രീന പാട്രോക്ക്, നഗരസഭ സെക്രട്ടറി ബിനു ഫ്രാന്‍സിസ്, ഹെല്‍ത്ത് ഓഫീസര്‍ ഡോ. ഗോപകുമാര്‍ ആര്‍.എസ് നഗരസഭാ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.