15 കോടിയിലധികം തുക ചെലവിട്ട് പത്തനാപുരം ഗാന്ധിഭവനിലെ അമ്മമാര്‍ക്കായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി പണികഴിപ്പിച്ചുനല്‍കിയ ബഹുനില മന്ദിരം
കൊല്ലം: പതിനഞ്ച് കോടിയിലധികം തുക ചെലവിട്ട് പത്തനാപുരം ഗാന്ധിഭവനിലെ അമ്മമാര്‍ക്കായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി സ്വന്തം മേല്‍നോട്ടത്തില്‍ പണികഴിപ്പിച്ചുനല്‍കിയ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം നവംബര്‍ 17 വ്യാഴാഴ്ച പകല്‍ 2 മണിക്ക് നടക്കും.
ചടങ്ങുകള്‍ ഒന്നും വേണ്ട, പ്രോഗ്രാം നോട്ടീസോ മൈക്കോ പ്രസംഗങ്ങളോ വേണ്ട, ആള്‍ക്കൂട്ടം വേണ്ട, ഗാന്ധിഭവനിലെ അന്തേവാസികളായ മൂന്ന് മതസ്ഥരായ അമ്മമാര്‍ ചേര്‍ന്ന് നാടമുറിച്ച് പ്രവേശിക്കുന്നതോടെ ഉദ്ഘാടനം പൂര്‍ത്തിയാകും;ഗാന്ധിഭവന്‍ സെക്രട്ടറിക്ക് എം.എ. യൂസഫലി നല്‍കിയ നിര്‍ദ്ദേശമിതാണ്. അമ്മമാര്‍ നാട മുറിക്കുമ്പോള്‍ യൂസഫലിയും സാന്നിദ്ധ്യമാകും.
- 2016 ആഗസ്തിലാണ് യൂസഫലി ആദ്യമായി ഗാന്ധിഭവന്‍ സന്ദര്‍ശിക്കുന്നത്. അന്ന് അവിടുത്തെ അമ്മമാരുമായി സംസാരിച്ചപ്പോള്‍ മനസ്സ് വല്ലാതെ വേദനിച്ചു. അവരെയോര്‍ത്ത് പല രാത്രികളിലും ഉറങ്ങാനായില്ല. ഗാന്ധിഭവനിലെ സ്ഥലപരിമിതിയും ബോദ്ധ്യപ്പെട്ടു. പാവപ്പെട്ട അമ്മമാര്‍ ജീവിതസായന്തനത്തില്‍ എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ച് കഴിയണം എന്നുള്ള ചിന്തയിലാണ് എല്ലാ സൗകര്യങ്ങളോടും കൂടി ഗാന്ധിഭവനില്‍ ഒരു മന്ദിരം നിര്‍മ്മിച്ചുനല്‍കണമെന്ന് തീരുമാനിച്ചത്; യൂസഫലി പറഞ്ഞു.
2019 മേയ് 4 ന് യൂസഫലി ശിലാസ്ഥാപനം നടത്തി നിര്‍മ്മാണം ആരംഭിച്ച മനോഹരമായ മൂന്നുനില മന്ദിരത്തില്‍ അത്യാധുനിക സൗകര്യങ്ങളെല്ലാമുണ്ട്. രണ്ട് ലിഫ്റ്റുകള്‍, ലബോറട്ടറി, ഫാര്‍മസി, ലൈബ്രറി, വിനോദസൗകര്യങ്ങള്‍, പൊതുവായ പ്രാര്‍ത്ഥനാഹാള്‍ കൂടാതെ മൂന്നു മതസ്ഥര്‍ക്കും പ്രത്യേകം പ്രത്യേകം പ്രാര്‍ത്ഥനാമുറികള്‍, ഡൈനിംഗ് ഹാള്‍, കിടപ്പുരോഗികള്‍ക്ക് പ്രത്യേക പരിചരണസംവിധാനങ്ങള്‍, ഡോക്ടര്‍മാരുടെ പരിശോധനാ മുറികള്‍, തീവ്രപരിചരണ വിഭാഗങ്ങള്‍, ആധുനിക ശുചിമുറി ബ്ലോക്കുകള്‍, മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍, ഓഫീസ് സംവിധാനങ്ങള്‍ എന്നിങ്ങനെ മികച്ച രീതിയില്‍ നിര്‍മ്മിച്ച ഈ മന്ദിരത്തില്‍ 250 അഗതികള്‍ക്ക് സുഖസൗകര്യങ്ങളോടെ വസിക്കുവാനാകും. കിടക്കകള്‍, ഫര്‍ണീച്ചറുകള്‍ തുടങ്ങി എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. എം.എ. യൂസഫലിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു എല്ലാ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും. പത്തനാപുരം കുണ്ടയത്ത് കല്ലടയാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന ഗാന്ധിഭവന്‍ അഭയകേന്ദ്രത്തിന് സമീപത്തായി ഒരേക്കര്‍ ഭൂമിയില്‍ നാല്‍പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്.
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നേരില്‍ കണ്ട് വിലയിരുത്താന്‍ ആഗസ്റ്റ് 30 ന് യൂസഫലി ഗാന്ധിഭവനിലെത്തി എല്ലാം കൃത്യമായി പരിശോധിച്ച് മടങ്ങിയിരുന്നു.
കെട്ടിടം നിര്‍മ്മിച്ചുനല്‍കിയത് കൂടാതെ ആറ് വര്‍ഷത്തിനിടെ പല ഘട്ടങ്ങളിലായി ഏഴുകോടിയിലധികം രൂപയുടെ സഹായങ്ങളും യൂസഫലി ഗാന്ധിഭവന് നല്‍കിയിട്ടുണ്ട്. ഗാന്ധിഭവനിലെയും കേരളത്തിലുടനീളമുള്ള 17 ഗാന്ധിഭവന്‍ ശാഖകളിലെയും അന്തേവാസികള്‍ക്ക് അന്നദാനത്തിനു പുറമെ, പുതിയ മന്ദിരത്തോട് ചേര്‍ന്ന് നാലേക്കറിലധികം വസ്തു വാങ്ങാനാണ് ഈ തുകയത്രയും ചിലവഴിച്ചതെന്ന് ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍ പറഞ്ഞു. കുഞ്ഞുങ്ങള്‍ മുതല്‍ വയോധികര്‍ വരെ – രോഗികള്‍, മാനസികരോഗികള്‍, ശാരീരിക വൈകല്യങ്ങളുള്ളവര്‍, കിടപ്പുരോഗികള്‍, എച്ച്.ഐ.വി. ബാധിതര്‍ എന്നിങ്ങനെ അന്യസംസ്ഥാനക്കാരടക്കം ആയിരത്തിമുന്നൂറിലധികം പേര്‍ അധിവസിക്കുന്ന ഗാന്ധിഭവനിലെ സ്ഥലപരിമിതിക്ക് ഇതോടെ ആശ്വാസമാകുമെന്നും സെക്രട്ടറി പറഞ്ഞു.
യൂസഫലി എന്ന മഹാമനുഷ്യസ്‌നേഹിയുടെ കാരുണ്യമനസ്സിനു മുമ്പില്‍ സന്തോഷത്തോടെ തൊഴുകൈ കൂപ്പുകയാണ് ഗാന്ധിഭവന്‍ കുടുംബം.
- ഗാന്ധിഭവന്‍ മന്ദിരം ഉദ്ഘാടനം ചെയ്യുന്ന അമ്മമാര്‍
- 1. ഗൗരിക്കുട്ടി അമ്മ: 92 വയസ്സ്, ഭര്‍ത്താവും രണ്ട് ആണ്‍മക്കളും മരണപ്പെട്ടതിനു ശേഷം മകള്‍ക്കൊപ്പമായിരുന്നു താമസം. മകള്‍ക്കും കുടുംബത്തിനുമൊപ്പം പൊരുത്തപ്പെട്ടുപോകാന്‍ കഴിയാതെ വന്നപ്പോള്‍ കുന്നിക്കോട് പോലീസില്‍ അമ്മ പരാതി നല്‍കുകയും കുന്നിക്കോട് സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ ശുപാര്‍ശപ്രകാരം പോലീസ് ഗാന്ധിഭവനിലെത്തിക്കുകയുമായിരുന്നു.
2. ഹൗസത്ത് ബീവി: എഴുപത്തിയഞ്ചുകാരിയായ ഈ അമ്മ കൊല്ലം ഓയൂര്‍ സ്വദേശിയാണ്. വസ്തുവകകളെല്ലാം രണ്ട് മക്കള്‍ക്കായി എഴുതിനല്‍കി. കുറേനാള്‍ കഴിഞ്ഞപ്പോള്‍ ഒരു യാത്രയ്ക്കിടെ ഉമ്മയെ കൊട്ടാരക്കര കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച് മകന്‍ കടന്നുകളഞ്ഞു. ഇവിടെ നിന്ന് പോലീസ് ഗാന്ധിഭവനിലെത്തിക്കുകയായിരുന്നു.
- 3. മേരി ജോര്‍ജ്ജ്: സ്വന്തമായി വീടും സ്ഥലവുമില്ലാത്ത 73 കാരിയായ ഈ അമ്മ തിരുവനന്തപുരം കരമനയില്‍ താമസിച്ചുവരികയായിരുന്നു. ഒരു മകന്‍ അപകടത്തില്‍
മരണപ്പെട്ടു. ഭിന്നശേഷിക്കാരനായ ഇളയമകനുമൊത്ത് ദുരിതജീവിതത്തില്‍ കഴിഞ്ഞിരുന്ന മേരി ജോര്‍ജ്ജിന്റെ അവസ്ഥയറിഞ്ഞ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെട്ടാണ് അമ്മയെയും മകനെയും ഗാന്ധിഭവനിലെത്തിച്ചത്.
പത്രസമ്മേളനത്തില്‍ ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍, വൈസ് ചെയര്‍മാന്‍ പി.എസ്. അമല്‍രാജ്, വനിതാ കമ്മീഷന്‍ മുന്‍ അംഗം ഷാഹിദാ കമാല്‍, എസ്. സുവര്‍ണ്ണകുമാര്‍, ഗോപിനാഥ് മഠത്തില്‍ എന്നിവര്‍ പങ്കെടുത്തു.