‘തിരുവനന്തപുരം: ഓണത്തിന് ഒരു മുറം പച്ചക്കറി’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് സെക്രട്ടറിയേറ്റ് അങ്കണത്തില്‍ നിര്‍വഹിച്ചു. കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് അധ്യക്ഷനായ പരിപാടിയില്‍ മന്ത്രിമാരായ കെ കൃഷ്ണന്‍കുട്ടി, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു, അഡ്വ. ജി ആര് അനില്‍, കെ എന്‍ ബാലഗോപാല്‍, ജെ ചിഞ്ചുറാണി, അഡ്വ. എം.ബി. രാജേഷ്, കെ രാധാകൃഷ്ണന്, പി. രാജീവ്, സജി ചെറിയാന്, വി എന്‍ വാസവന്, വീണ ജോര്‍ജ്, കൃഷി ഡയറക്ടര്‍ അഞ്ജു കെ എസ്, സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് ഡയറക്ടര്‍ ആരതി എല്‍ ആര്, കൃഷി വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പച്ചക്കറി ഉല്പാദനത്തില് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പങ്കാളികളാക്കുക എന്ന ഉദ്ദേശ്യത്തോടെ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി പച്ചക്കറി വിത്ത് പാക്കറ്റുകള്‍, തൈകള്‍, ദീര്‍ഘകാല പച്ചക്കറി തൈകള്‍ എന്നിവ സംസ്ഥാനത്തെ 1076 കൃഷിഭവനുകള്‍ വഴി സൗജന്യമായി നല്‍കും.
വിത്തിനങ്ങള്‍ അടങ്ങിയ 25 ലക്ഷം പച്ചക്കറി വിത്ത് പായ്ക്കറ്റുകള്‍ വിതരണം ചെയ്യും. 100 ലക്ഷം പച്ചക്കറി തൈകളും പദ്ധതിയിലൂടെ കൃഷിക്കാര്‍ക്ക് വിതരണം ചെയ്യും. ദീര്‍ഘകാല പച്ചക്കറി വിളകളുടെ (മുരിങ്ങ, കറിവേപ്പ്, അഗത്തി ചീര) 2 ലക്ഷം തൈകളും ‘ഓണത്തിന് ഒരു മുറം പച്ചക്കറി’ പദ്ധതിയുടെ ഭാഗമായി വിതരണം നടത്തുന്നു. വിവിധ ഇനങ്ങളടങ്ങിയ അത്യുല്പാദന ശേഷിയുള്ള സങ്കരയിനം വിത്തുകളുടെ 20 ലക്ഷം പായ്ക്കറ്റുകളും, അത്യുല്പാദന ശേഷിയുള്ള പച്ചക്കറി ഇനങ്ങളുടെ 116.66 ലക്ഷം തൈകളും വിതരണത്തിന് തയ്യാറാക്കി കഴിഞ്ഞു.