വ്യാജ രജിസ്‌ട്രേഷന്‍ എടുത്ത് 850 കോടിയുടെ നികുതി വെട്ടിച്ചുള്ള വ്യാപാരം അന്തര്‍ സംസ്ഥാന വെട്ടിപ്പ് സംഘത്തെ സംസ്ഥാന ജി.എസ്.ടി ഇന്റലിജന്‍സ് പിടികൂടി

തിരുവനന്തപുരം: കേരള, കര്‍ണാടക സംസ്ഥാന ജി.എസ്.ടി വകുപ്പുകളുടെ ഇന്റലിജന്‍സ് വിഭാഗം സംയുക്ത പരിശോധനയില്‍ വ്യാജ രജിസ്‌ട്രേഷന്‍ എടുത്ത് അടയ്ക്കാ വ്യാപാരം വഴി നടത്തിയ 850 കോടിയുടെ നികുതി വെട്ടിച്ചുള്ള വ്യാപാരം പിടികൂടി.
സംസ്ഥാന ജി.എസ്.ടി വകുപ്പ് കാഞ്ഞങ്ങാട് ഇന്റലിജന്‍സ് വിഭാഗം, സംസ്ഥാന ജി.എസ്.ടി വകുപ്പിലെ മറ്റ് ഇന്റലിജന്‍സ് വിഭാഗങ്ങളുടെയും, കര്‍ണാടക സംസ്ഥാന ഇന്റലിജന്‍സ് വിഭാഗത്തിന്റെയും സഹകരണത്തോടെയുള്ള സംയുക്ത പരിശോധനയിലാണ് രാജ്യ വ്യാപകമായി വ്യാജ രജിസ്‌ട്രേഷനുകള്‍ എടുത്ത് വ്യാജ ഇന്‍വോയ്‌സുകള്‍ നല്‍കി തട്ടിപ്പ് നടത്തുന്ന സംഘത്തെ പിടികൂടിയത്.
ജൂണ്‍ 22 ന് നടത്തിയ സംയുക്ത പരിശോധനയില്‍ രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്ന 30 വ്യാജ രജിസ്‌ട്രേഷനുകള്‍ കണ്ടെത്തി. വ്യക്തമായ ആസൂത്രണത്തോടെ തട്ടിപ്പ് സംഘം സാധാരണക്കാരെ പ്രലോഭിപ്പിച്ച് അവരുടെ ആധാര്‍, പാന്‍ കാര്‍ഡ് എന്നിവ കൈക്കലാക്കി വ്യാജ മൊബൈല്‍ കണക്ഷനുകള്‍ എടുക്കുകയും, അവ ഉപയോഗിച്ച് ആധാര്‍ അപ്‌ഡേറ്റുകള്‍ നടത്തി, വ്യാജ ബാങ്ക് അക്കൗണ്ടുകളും, വ്യാജ ജി.എസ്.ടി രജിസ്‌ട്രേഷനും എടുത്ത് തട്ടിപ്പ് നടത്തുക എന്നതാണ് സംഘങ്ങളുടെ പ്രവര്‍ത്തന രീതി. അത്തരത്തില്‍ സംഘടിപ്പിച്ച വ്യാജ രജിസ്‌ട്രേഷന്‍ ഉപയോഗിച്ച് അടയ്ക്കാ വ്യാപാരം നടത്തി എന്ന് വ്യാജ ഇന്‍വോയ്‌സുകളും, വ്യാജ ഇവേ ബില്ലും മറയാക്കി ഉത്തരേന്ത്യയിലെ ഗുട്ഖ നിര്‍മ്മാണ സംസ്ഥാനങ്ങളിലേക്ക് അനധികൃതമായി ചരക്കുകള്‍ കടത്തുകയാണ് ഇവരുടെ പതിവ് .
അനധികൃത വ്യാപാര ഇടപാടിലൂടെ 2022 ഒക്ടോബറിനും 2023 ജൂണിനുമിടയില്‍ രാജ്യത്തുടനീളം ഏകദേശം 850 കോടി രൂപയുടെ വിറ്റ് വരവ് നേടി എന്നതാണ് പ്രാഥമിക വിലയിരുത്തല്‍. പരിശോധനയില്‍ ആകെ വിറ്റുവരവില്‍ ഏകദേശം 180 കോടി രൂപയുടെ അനധികൃത വ്യാപാരം കേരളത്തില്‍ നിന്നാണ് ഇക്കാലയളവില്‍ നടന്നിട്ടുള്ളത്. നിയമാനുസൃതമായ വ്യാപാര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതെ തന്നെ 9 കോടി രൂപയുടെ വ്യാജ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് (ഐ.ടി.സി) നേടിയെടുക്കുകയും ചെയ്തു.
കേരളത്തിലെയും കര്‍ണാടകയിലെയും 27 വ്യാപാര സ്ഥാപനങ്ങളില്‍ ഇരു സംസ്ഥാനങ്ങളിലെയും ജി.എസ്.ടി ഇന്റലിജന്‍സ് വിഭാഗം ഉദ്യോഗസ്ഥര്‍ നടത്തിയ സംയുക്ത പരിശോധനയില്‍, നിര്‍ണായക മൊഴികളും , തുടര്‍നടപടികള്‍ക്ക് ആവശ്യമായ തെളിവുകളും ലഭിച്ചു. തുടര്‍ നിയമ നടപടികള്‍ സ്വീകരിച്ച് വരുന്നു. ഇത്തരത്തിലുള്ള നിയമവിരുദ്ധ തട്ടിപ്പ് സംഘങ്ങളെ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരാന്‍ സംയുക്ത പരിശോധനകള്‍ തുടരുമെന്ന് സംസ്ഥാന ജി.എസ്.ടി കമ്മീഷണര്‍ അറിയിച്ചു.