രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചിത്രമേളക്കു വെള്ളിയാഴ്ച തിരിതെളിയും; 262 സിനിമകള്‍ ,1200 പ്രതിനിധികള്‍ ,250 ഓളം അതിഥികള്‍

തിരുവനന്തപുരം: പതിനാലാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചിത്രമേളയ്ക്ക് 26 ന് തലസ്ഥാനത്ത് തുടക്കമാകും . കൈരളി ,ശ്രീ ,നിള തിയേറ്ററുകളിലാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് .വിവിധ രാജ്യാന്തര മത്സര വേദികളില്‍ പ്രദര്‍ശിപ്പിച്ച 19 ചിത്രങ്ങള്‍ ഉള്‍പ്പടെ 262 സിനിമകള്‍ വെള്ളിയാഴ്ച ആരംഭിക്കുന്ന മേളയില്‍ പ്രദര്‍ശിപ്പിക്കും. ലോങ്ങ് ഡോക്യുമെന്ററി, ഷോര്‍ട്ട് ഡോക്യുമെന്ററി, അന്താരാഷ്ട്ര ഷോര്‍ട്ട് ഫിക്ഷന്‍, ക്യാമ്പസ് ഫിലിംസ് ,മത്സരേതര മലയാളം വിഭാഗം, ഹോമേജ് ,അനിമേഷന്‍, മ്യൂസിക് വീഡിയോ തുടങ്ങി 12 വിഭാഗങ്ങളിലായാണ് ചിത്രങ്ങളുടെ പ്രദര്‍ശനം.
ലോങ്ങ് ഡോക്യുമെന്ററി മത്സര വിഭാഗത്തില്‍ 13 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത് ,എ ഹോം ഫോര്‍ മൈ ഹേര്‍ട്ട്, എകെഎ,ലേഡീസ് ഒണ്‍ലി തുടങ്ങിയ ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.
ഷോര്‍ട്ട് ഡോക്യുമെന്ററി മത്സര വിഭാഗത്തില്‍ ഗോപി,ഫാന്റസി പാര്‍ക്ക് ,മൈ സണ്‍ ആന്‍ഡ് ഹിസ് ഗ്രാന്‍ഡ് ഫാദര്‍ ,ന്യൂ ക്ലാസ്സ് റൂം, എന്നിവ ഉള്‍പ്പടെ 18 ചിത്രങ്ങളാണ് മേളയിലെത്തുക. അന്താരാഷ്ട്ര ഷോര്‍ട്ട് ഫിക്ഷന്‍ വിഭാഗത്തില്‍ 24 ചിത്രങ്ങളും മത്സരേതര മലയാളം വിഭാഗത്തില്‍ ഒന്‍പതു ചിത്രങ്ങളും പ്രദര്‍ശനത്തിനെത്തും. അരികെ,മഞ്ചാടിക്കാലം എന്നീ മലയാളം ചിത്രം ഉള്‍പ്പടെ ഒന്‍പതു അനിമേഷന്‍ ചിത്രങ്ങളും ഡിസംബര്‍ ,ധൂപ്, ലിജിന്‍ ജോസ് ഒരുക്കിയ യുവേഴ്‌സ് ഈസ് നോട്ട് റ്റു റീസെന്‍ വൈ തുടങ്ങിയ നാലു മ്യൂസിക്കല്‍ വീഡിയോകളും മേളയിലുണ്ട്.
ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നേടിയ ഡോക്യുമെന്ററി സംവിധായിക റീന മോഹന്റെ എട്ടു ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. ഫിക്ഷന്‍, നോണ്‍ ഫിക്ഷന്‍ വിഭാഗങ്ങളിലായി ദേശീയ മത്സരവും സംസ്ഥാനാടിസ്ഥാനത്തില്‍ ക്യാമ്പസ് വിഭാഗ മത്സരവും മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
1200 ഓളം പ്രതിനിധികളും റീന മോഹന്‍ ,അഞ്ജലി മൊണ്ടേറിയോ ,ജോഷി ജോസഫ് ,ഉറുദു സംവിധായകനായ ഡാനിഷ് റിങ്‌സു ,ബംഗാളി സംവിധായകനായ സോമനാഥ് മൊണ്ടാല്‍, എന്നിവര്‍ ഉള്‍പ്പടെ 250 ഓളം ചലച്ചിത്ര പ്രവര്‍ത്തകര്‍ മേളയുടെ ഭാഗമാകും.
ബ്രസീലിയന്‍ സംവിധായകനായ ബ്രൂണോ റിബേറോയുടെ സണ്‍ഡേ മോണിങ് ,ട്രാപ്പ് എന്നിവ ഉള്‍പ്പെടെ വിവിധ അന്താരാഷ്ട്ര മേളകളില്‍ പുരസ്‌കാരങ്ങള്‍ നേടിയ 19 സിനിമകള്‍ ഇത്തവണ മേളയുടെ ബെസ്റ്റ് ഓഫ് ദി വേള്‍ഡ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.ഐ ഫോണില്‍ ചിത്രീകരിച്ച ചിത്രങ്ങളുടെ പാക്കേജില്‍ അഞ്ചു ചിത്രങ്ങളും, യുദ്ധത്തിന്റെ മുറിവുകള്‍ തുറന്നുകാട്ടുന്ന ചിത്രങ്ങളുടെ പ്രത്യേക പാക്കേജും മേളയിലുണ്ടാകും.
മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളുടെ സംവിധായകരുമായി സംവദിക്കാന്‍ മീറ്റ് ദി ഡയറക്ടര്‍, ഡോക്യുമെന്ററി, ഹ്രസ്വചിത്ര നിര്‍മ്മാണ രംഗത്തെ സമകാലിക പ്രവണതകള്‍ ചര്‍ച്ച ചെയ്യുന്ന ഫേസ് റ്റു ഫേസ്, മേളയില്‍ പങ്കെടുക്കുന്ന പ്രമുഖ ചലച്ചിത്രപ്രവര്‍ത്തകരുമായുള്ള ഇന്‍ കോണ്‍വര്‍സേഷന്‍ എന്നിവയും മേളയുടെ ഭാഗമായി സംഘടിപ്പിക്കും.

മേള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

പതിനാലാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള ആഗസ്റ്റ് 26 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.കൈരളി തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക മന്ത്രി വി എന്‍ വാസവന്‍ അധ്യക്ഷനാകും . മന്ത്രിമാരായ ആന്റണിരാജു ,വി ശിവന്‍കുട്ടി ,ജി ആര്‍ അനില്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് ഉദ്ഘാടന ചിത്രം പ്രദര്‍ശിപ്പിക്കും. ബെസ്റ്റ് ഓഫ് ദി വേള്‍ഡില്‍ ലോക മത്സര വേദികളെ ഇളക്കി മറിച്ച 19 പുരസ്‌ക്കാര ചിത്രങ്ങള്‍. ലോക മത്സര വേദികളില്‍ പ്രേക്ഷക പ്രീതി നേടിയ 19 പുരസ്‌ക്കാര ചിത്രങ്ങള്‍ രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും.