ഭക്ഷ്യ സുരക്ഷ ഉറപ്പാക്കി വിശപ്പ് രഹിത കേരളം യാഥാര്‍ഥ്യമാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷയിലൂടെ വിശപ്പു രഹിത കേരളം യാഥാര്‍ത്ഥ്യമാക്കുമെന്നും വികസനവും ക്ഷേമവും സംയോജിപ്പിച്ച് നവ കേരളം പടുത്തുയര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. റേഷന്‍ കാര്‍ഡുടമകള്‍ക്കുള്ള സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം അയ്യങ്കാളില്‍ ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓഗസ്റ്റ് 23 മുതല്‍ സെപ്റ്റംബര്‍ 7 വരെ കിറ്റുകള്‍ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓണത്തിന് മുന്‍പ് തന്നെ കിറ്റുകള്‍ എല്ലാവര്‍ക്കും എത്തിക്കുകയാണ് ലക്ഷ്യം. ഗുണനിലവാരവും തൂക്കവും സര്‍ക്കാര്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. വാതില്‍പടി സേവനത്തിലൂടെ ഭക്ഷ്യ കിറ്റുകള്‍ അര്‍ഹരായുള്ളവര്‍ക്ക് നേരിട്ട് എത്തിക്കുന്ന പ്രവര്‍ത്തനവും സമയബന്ധിതമായി നടപ്പിലാക്കും. 890 ക്ഷേമ സ്ഥാപനങ്ങളില്‍ നാലുപേര്‍ക്ക് ഒന്ന് എന്ന അനുപാതത്തില്‍ കിറ്റുകള്‍ ലഭ്യമാക്കുന്നതോടെ 37634 പേര്‍ ഓണക്കിറ്റിന്റെ ഉപഭോക്താക്കളാകും. സംസ്ഥാനത്തെ 119 ആദിവാസി ഊരുകളിലും പൊതുവിതരണ ഉദ്യോഗസ്ഥര്‍ മുഖേന കിറ്റുകള്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. ലോകത്തിന്റെ പല ഭാഗങ്ങളിലും ആളുകള്‍ പട്ടിണി മൂലം മരിക്കുന്ന സാഹചര്യമാണ് കോവിഡ് കാലത്ത് ഉണ്ടായത്. എന്നാല്‍ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തി എല്ലാവര്‍ക്കും ഭക്ഷ്യ സാധനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനമാണ് കേരള സര്‍ക്കാര്‍ സ്വീകരിച്ചത്. ഈ പ്രവര്‍ത്തനങ്ങളെ രാജ്യം മാത്രമല്ല ലോകം തന്നെ അംഗീകരിച്ചു. ആദ്യഘട്ടത്തില്‍ സൗജന്യ കിറ്റ് വിതരണത്തില്‍ അതിശയം ഉണ്ടായിരുന്നവര്‍ക്ക് അത് കൊണ്ട് തന്നെ ഇന്ന് വലിയ അത്ഭുതം തോന്നാനിടയില്ല. എന്നാല്‍ ജനങ്ങളുടെ മനസ്സ് എന്താണെന്ന് അറിയാവുന്ന സര്‍ക്കാര്‍ അവ പ്രാവര്‍ത്തികമാക്കാനാണ് ശ്രമിക്കുന്നത്.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലെ ഏറ്റവും വലിയ വിലക്കയറ്റത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് റിസര്‍വ് ബാങ്ക് തന്നെ സാക്ഷ്യപ്പെടുത്തുന്നു. പൊതുവിതരണ സമ്പ്രദായത്തില്‍ നിന്നും സര്‍ക്കാരുകള്‍ പിന്‍മാറുകയും കോര്‍പ്പറേറ്റുകള്‍ക്ക് ആവശ്യമായ നിയമനിര്‍മാണം നടത്തുകയും ചെയ്യുന്ന സാഹചര്യം രാജ്യത്തുണ്ട്. അതല്ലാത്ത ബദല്‍ പ്രവര്‍ത്തനത്തിലൂടെ പൊതുവിതരണ സമ്പ്രദായത്തെ ശാക്തീകരിച്ച് ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുന്നതിനുള്ള ശ്രമങ്ങളാണ് കേരള സര്‍ക്കാര്‍ നടത്തിവരുന്നത്. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ 9702 കോടി 46 ലക്ഷം രൂപയാണ് നമ്മുടെ സംസ്ഥാനം രണ്ടുവര്‍ഷത്തിനുള്ളില്‍ ചെലവാക്കിയത്. ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന് വിപണിയിലുള്ള ഇടപെടല്‍ ആവശ്യമാണ് എന്ന തിരിച്ചറിവ് സര്‍ക്കാരിനുണ്ട്. കുറഞ്ഞ വിലയില്‍ ജനങ്ങള്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കുന്നതിനായി സപ്ലൈകോയ്ക്ക് 5210 കോടിയും എഫ് സി ഐ യില്‍ നിന്നും അരി വാങ്ങുന്നതിനായി 1444 കോടിയും നെല്ല് സംഭരണത്തിനായി 1604 കോടിയും റേഷന്‍ കടകള്‍ക്കായി 1338 കോടിയും സഹകരണ ചന്തകള്‍ തുടങ്ങുന്നതിനായി 106 കോടിയും തീരമൈത്രി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കായി 46 ലക്ഷം രൂപയും സര്‍ക്കാര്‍ അനുവദിച്ചു. വിതരണം നടത്തി വന്ന 13 നിത്യോപയോഗ സാധനങ്ങള്‍ക്കും 2016 ലെ അതേവില 2022 ലും നിലനിര്‍ത്തിക്കൊണ്ട് വിലക്കയറ്റത്തെ പിടിച്ചു നിര്‍ത്താന്‍ സാധിച്ചു.


നിലവില്‍ 32 ഇനം സാധങ്ങള്‍ സബ്‌സിഡി നിരക്കില്‍ സപ്‌ളൈകോയിലൂടെ നല്‍കുന്നു. 14000 റേഷന്‍ കടകള്‍ ജനങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിനായി പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്നു സര്‍ക്കാരിന്റെ ജനകീയ ഹോട്ടല്‍, സുഭിക്ഷ ഔട്ട്ലെറ്റുകള്‍ എന്നിവ വിലക്കയറ്റം പിടിച്ച് നിര്‍ത്തുന്ന സംരംഭങ്ങളാണ്. പൊതു വിതരണ സംവിധാനത്തിന് 2063 കോടി രൂപയാണ് സംസ്ഥാന ബഡ്ജറ്റില്‍ അനുവദിച്ചിരിക്കുന്നത്. വാതില്‍പടി സേവനത്തിലൂടെ മത്സ്യത്തൊഴിലാളികള്‍, ആദിവാസി വിഭാഗങ്ങളുള്‍പ്പെടെ അര്‍ഹരായ വിഭാഗങ്ങള്‍ക്കും സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ വഴി നേരിട്ട് സാധനങ്ങള്‍ എത്തിക്കുന്നതിനുള്ള ക്രമീകരണവും സര്‍ക്കാര്‍ ചെയ്തു. 425 കോടി രൂപ ചെലവഴിച്ചാണ് 87 ലക്ഷം കാര്‍ഡുടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് ലഭ്യമാക്കുന്നത്. സന്തോഷത്തിന്റെയും സമൃദ്ധിയുടേതുമായി ഈ ഓണക്കാലം മാറട്ടെ എന്നും മുഖ്യമന്ത്രി ആശംസിച്ചു. തുടര്‍ന്ന് വിവിധ വിഭാഗങ്ങളിലുള്ള റേഷന്‍ കാര്‍ഡുടമകള്‍ക്ക് മുഖ്യമന്ത്രി ഓണക്കിറ്റ് വിതരണം ചെയ്തു. ഭക്ഷ്യ -ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, മേയര്‍ ആര്യ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാര്‍, വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.