കേരളത്തിലെ എല്ലാ വീടുകളിലും എത്രയും വേഗം ഇന്റര്‍നെറ്റ്: മുഖ്യമന്ത്രി

കെ ഫോണ്‍ നാടിനു സമര്‍പ്പിച്ചു
 മറ്റു സര്‍വീസ് പ്രൊവൈഡര്‍മാരെ അപേക്ഷിച്ച് കുറഞ്ഞ നിരക്ക്
 നഗര, ഗ്രാമ വ്യത്യാസമില്ലാതെ ഒരേ സ്പീഡ്
തിരുവനന്തപുരം: കേരളത്തിലെ എല്ലാ വീടുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും എത്രയും വേഗം ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റിയും ഇന്റര്‍നെറ്റ് സേവനങ്ങളും ലഭ്യമാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടമലക്കുടി ഉള്‍പ്പെടെ എല്ലായിടത്തും ഉടന്‍ കണക്റ്റിവിറ്റി ഉറപ്പാക്കി, ആരും പിന്തള്ളപ്പെട്ടു പോകാതെ, എല്ലാവരും കെ ഫോണ്‍ എന്ന റിയല്‍ കേരള സ്‌റ്റോറിയുടെ ഭാഗമാകുന്നുവെന്ന് ഉറപ്പുവരുത്തുകയാണു സര്‍ക്കാര്‍ ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭാ മന്ദിരത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് – കെ ഫോണ്‍ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘അങ്ങനെ അതും നമ്മള്‍ നേടിയിരിക്കുന്നു’ എന്നു പറഞ്ഞാണു മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. ഇന്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമാണു കേരളമെന്നും അതു കേവലം പ്രഖ്യാപനം മാത്രമായി ഒതുങ്ങുന്നില്ലെന്ന് ഉറപ്പുവരുത്താനാണു കെ ഫോണ്‍ നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മറ്റു സര്‍വീസ് പ്രൊവൈഡര്‍മാര്‍ നല്‍കുന്നതിനെ അപേക്ഷിച്ച് കുറഞ്ഞ നിരക്കിലാവും കെ ഫോണ്‍ സേവനങ്ങള്‍ ലഭ്യമാക്കുക. കേരളത്തിലാകമാനം, നഗരഗ്രാമ വ്യത്യാസമില്ലാതെ, ഉയര്‍ന്ന സ്പീഡിലും ഒരേ ഗുണനിലവാരത്തോടുകൂടിയും കെ ഫോണ്‍ സേവനങ്ങള്‍ ലഭ്യമാക്കും മുഖ്യമന്ത്രി പറഞ്ഞു.
വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിന്റെയും പ്രഖ്യാപനങ്ങള്‍ നടപ്പാക്കുന്നതിന്റെയും ഉത്തരവാദിത്തബോധമുള്ള ഭരണനിര്‍വ്വഹണത്തിന്റെയും ഉദാഹരണമാണു കെ ഫോണ്‍ പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. ലോകത്ത് ഏറ്റവുമധികം ഇന്റര്‍നെറ്റ് ഷട്ട്ഡൗണുകള്‍ നടക്കുന്ന രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ 700 ലധികം ഇന്റര്‍നെറ്റ് ഷട്ട്ഡൗണുകളാണുണ്ടായത്. അവിടെയാണ് എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കി ഒരു സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നത്. ആ നിലയ്ക്ക്, സര്‍ക്കാരിന്റെയും നാടിന്റെയും ജനകീയ ബദല്‍ നയങ്ങളുടെ ഉദാഹരണമായി മാറുകയാണ് കെ ഫോണ്‍ പദ്ധതി. നിലവില്‍ 17,412 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കെ ഫോണ്‍ ലഭ്യമാക്കിക്കഴിഞ്ഞു. 9,000 ത്തിലധികം വീടുകളില്‍ കണക്ഷന്‍ നല്‍കാനുള്ള കേബിള്‍ വലിച്ചിട്ടുണ്ട്. 2,105 വീടുകള്‍ക്കു കണക്ഷന്‍ നല്‍കിക്കഴിഞ്ഞു. കെ ഫോണിന്റെ അടിസ്ഥാന സേവനങ്ങള്‍ നല്‍കുന്നതിനുള്ള കാറ്റഗറി 1 ലൈസന്‍സും ഔദ്യോഗിക ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാനുള്ള ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ (ഐഎസ്പി) കാറ്റഗറി ബി യൂണിഫൈഡ് ലൈസന്‍സും നേരത്തെ ലഭിച്ചിരുന്നു.
കോവിഡാനന്തരം രൂപപ്പെട്ട തൊഴില്‍ സംസ്‌കാരങ്ങളായ വര്‍ക്ക് ഫ്രം ഹോം, വര്‍ക്ക് നിയര്‍ ഹോം, വര്‍ക്ക് എവേ ഫ്രം ഹോം തുടങ്ങിയവയുടെ പ്രയോജനം പൂര്‍ണ തോതില്‍ ലഭിക്കുന്നതിനു മികച്ച ഇന്റര്‍നെറ്റ് സേവനം അനിവാര്യമാണ്. അതിനുള്ള ഉപാധിയാണു കെ ഫോണ്‍. കേരളത്തിലേക്കു വരുന്ന ടൂറിസ്റ്റുകളില്‍ പലരും ഇവിടെ താമസിച്ചു ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ്. അവരെ ആകര്‍ഷിച്ച് കേരളത്തിന്റെ സാമ്പത്തിക മേഖലയില്‍ വലിയ ചലനമുണ്ടാക്കാന്‍ കെ ഫോണിനു കഴിയും. സ്വകാര്യ മേഖലയിലെ കേബിള്‍ ശൃംഖലകളുടെയും മൊബൈല്‍ സേവനദാതാക്കളുടെയും ചൂഷണത്തില്‍നിന്നു ജനങ്ങള്‍ക്കു മോചനം നല്‍കാനും കെഫോണിനാകും. സ്വകാര്യ കമ്പനികള്‍ ഈ മേഖലയിലുള്ളപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ എന്തിനാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതെന്നു ചോദിച്ചവരുണ്ട്. പൊതുമേഖലയില്‍ ഒന്നും വേണ്ടെന്നും എല്ലാം സ്വകാര്യ മേഖലയില്‍, കുത്തക വാദത്തിന്റെ മൂലധന ശൈലിയില്‍ നിര്‍വഹിച്ചാല്‍ മതിയെന്നും ചിന്തിക്കുന്നവര്‍ ഇങ്ങനെ ചോദിച്ചില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ. ഇത്തരം ആളുകള്‍ തന്നെയാണു മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നമെന്നും ദിവാസ്വപ്‌നമെന്നുമൊക്കെ വിളിച്ച് കിഫ്ബിയെ ആക്ഷേപിക്കാന്‍ ശ്രമിച്ചത്. കിഫ്ബിയിലൂടെയാണ് കഴിഞ്ഞ ഏഴു വര്‍ഷം കൊണ്ട് 80,000 കോടി രൂപയുടെ അടിസ്ഥാനസൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്കു സംസ്ഥാനത്ത് തുടക്കമിട്ടത്. കെ ഫോണ്‍ നടപ്പാക്കുന്നതും കിഫ്ബിയിലൂടെ വിഭവസമാഹരണം നടത്തിയാണ്. വികസന പ്രവര്‍ത്തനങ്ങളുടെ ഗുണം കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളിലും മേഖലകളിലും മുഴുവന്‍ പ്രദേശങ്ങളിലും എത്തിക്കാന്‍ കിഫ്ബിയിലൂടെ കഴിഞ്ഞിട്ടുണ്ട്. കിഫ്ബി തകര്‍ന്നു കാണണമെന്ന് ആഗ്രഹിക്കുന്നവരെ എങ്ങനെ കാണണമെന്നു ജനങ്ങള്‍ ചിന്തിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് 50 ശതമാനത്തില്‍ താഴെ ആളുകള്‍ക്ക് മാത്രമാണ് ഇന്റര്‍നെറ്റ് ഉപയോഗം സാധ്യമാകുന്നത്. 33 ശതമാനം സ്ത്രീകള്‍ക്കു മാത്രമാണ് ഇന്റര്‍നെറ്റ് അക്‌സസ് ഉള്ളത്. ഗ്രാമപ്രദേശത്തത്ത് അത് 25 ശതമാനമാണ്. മറ്റു വിഭാഗങ്ങളെ അപേക്ഷിച്ച് 30 ശതമാനം കുറഞ്ഞ തോതില്‍ മാത്രമേ ആദിവാസി ജനവിഭാഗങ്ങള്‍ക്ക് ഇന്റര്‍നെറ്റ് ലഭ്യമാകുന്നുള്ളൂ. ഇത്രയേറെ ആഴത്തില്‍ ഡിജിറ്റല്‍ ഡിവൈഡ് നിലനില്‍ക്കവെയാണു കേരളത്തില്‍ അതില്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. സമഗ്രമായ വികസനം എന്ന ലക്ഷ്യത്തോടെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന തരത്തില്‍ ആവിഷ്‌ക്കരിക്കുന്ന ഏതു പദ്ധതിക്കുമെതിരെ എതിരു പറയുന്നവരുണ്ട്. സാധാരണക്കാരന് എന്തിനാണ് ഇന്റര്‍നെറ്റ്, സാധാരണക്കാരന് എന്തിനാണ് നൂതന ഗതാഗത സൗകര്യങ്ങള്‍ അങ്ങനെ പോകുന്നു ചോദ്യങ്ങള്‍. ലോകം മുഴുവന്‍ മാറുന്നത് ഇക്കൂട്ടര്‍ കാണുന്നില്ല. കുടില്‍ വ്യവസായങ്ങള്‍ അവരുടെ ഉത്പന്നങ്ങള്‍ ഓണ്‍ലൈനായി വില്‍ക്കുന്ന ഈ കാലത്തും അപരിഷ്‌കൃത ചിന്തകളുമായി നടക്കുന്നവര്‍ നാടിനെ പിന്നോട്ടടിക്കുകയാണ്. അവരെ സംബന്ധിച്ചു വികസനം എന്നത് ഏതാനും വിഭാഗങ്ങള്‍ക്കു വേണ്ടി മാത്രം ഉള്ളതാണ്. എന്നാല്‍, എല്ലാ ജനവിഭാഗങ്ങള്‍ക്കും വേണ്ടിയുള്ളതാണു വികസനം എന്നാണു സര്‍ക്കാരിന്റെ കാഴ്ചപ്പാട്.
ഐടി മേഖലയുടെ പ്രാധാന്യം വളരെ മുമ്പുതന്നെ തിരിച്ചറിഞ്ഞ സംസ്ഥാനമാണ് കേരളം. 33 വര്‍ഷം മുമ്പ് രാജ്യത്തെ ആദ്യത്തെ ഐടി പാര്‍ക്കിന് തിരുവനന്തപുരത്തു തുടക്കം കുറിച്ചത് ഈ ദീര്‍ഘവീക്ഷണത്തോടെയാണ്. ഇന്നിപ്പോള്‍ രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയും കേരളത്തില്‍ത്തന്നെയാണ് സ്ഥാപിതമായിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് ആരംഭിക്കുന്നതും കേരളത്തിലാണ്. 2016 മുതല്‍ സമാനതകളില്ലാത്ത മുന്നേറ്റമാണ് ഐടി മേഖല കൈവരിച്ചത്. 2016ല്‍ കേരളത്തിലെ സര്‍ക്കാര്‍ ഐടി പാര്‍ക്കുകള്‍ വഴിയുള്ള കയറ്റുമതി 9,753 കോടി രൂപയായിരുന്നു. 2022ല്‍ അത് 17,536 കോടിയായി വര്‍ധിച്ചു. 2016ല്‍ സര്‍ക്കാര്‍ ഐടി പാര്‍ക്കുകളിലെ കമ്പനികളുടെ എണ്ണം 640 ആയിരുന്നത് 2022ല്‍ 1,106 ആയി വര്‍ദ്ധിച്ചു. 2016ല്‍ 78,068 ജീവനക്കാരാണ് ഐടി പാര്‍ക്കുകളില്‍ ജോലി ചെയ്തിരുന്നത്. ഇന്നത് 1,35,288 ആയി. 202122 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ചു 202223 ല്‍ 1,274 കോടി രൂപയുടെ വളര്‍ച്ചയാണ് ഐടി കയറ്റുമതിയിലൂടെയുണ്ടായത്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ 78 കമ്പനികള്‍ 2,68,301 സ്‌ക്വയര്‍ ഫീറ്റ് സ്ഥലത്തായി കേരളത്തില്‍ പുതിയ ഐടി ഓഫീസുകള്‍ ആരംഭിച്ചു ജി.എസ്.ടി കൃത്യമായി ഫയല്‍ ചെയ്തതിന് കേന്ദ്ര സര്‍ക്കാരിന്റെയും ക്രെഡിറ്റ് റേറ്റിങ് ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ഓഫ് ഇന്ത്യയുടെയും (ക്രിസില്‍) അംഗീകാരം കേരളത്തിനു ലഭിച്ചു. 2023 ജൂണ്‍ വരെ ക്രിസില്‍ എ പ്ലസ് ഗ്രേഡ് ലഭിച്ചതും മറ്റൊരു അഭിമാനകരമായ നേട്ടം.
കഴിഞ്ഞ ഏഴു വര്‍ഷംകൊണ്ട് 4,000 ത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍ സംസ്ഥാനത്ത് ആരംഭിച്ചു. അവയിലൂടെ 5,500 കോടി രൂപയുടെ നിക്ഷേപവും 43,000 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. ബെല്‍ജിയത്തില്‍ നടന്ന ലോക ഇന്‍ക്യുബേഷന്‍ ഉച്ചകോടിയില്‍ മികച്ച പബ്ലിക് ബിസിനസ് ഇന്‍ക്യുബേറ്ററായി തെരഞ്ഞെടുക്കപ്പെട്ടത് കേരള സ്റ്റാര്‍ട്ടപ്പ് മിഷനാണ്. കേരളത്തിന്റെ വ്യവസായ മേഖലയിലും വലിയ മുന്നേറ്റമാണുണ്ടാകുന്നത്. സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനു സര്‍ക്കാര്‍ നടത്തിയ ഇടപെടല്‍ ഇതിന്റെ മികച്ച ഉദാഹരണമാണ്. ഒരു വര്‍ഷംകൊണ്ട് ഒരു ലക്ഷം സംരംഭങ്ങള്‍ തുടങ്ങാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും 1,40,000 സംരംഭങ്ങള്‍ തുടങ്ങാന്‍ കഴിഞ്ഞു. 8,500 കോടി രൂപയുടെ നിക്ഷേപവും മൂന്നുലക്ഷത്തോളം തൊഴിലവസരങ്ങളുമാണ് ഇതുവഴി സൃഷ്ടിക്കപ്പെട്ടത്. സംരംഭക വര്‍ഷ പദ്ധതിയുടെ രണ്ടാംഘട്ടം എന്ന നിലയ്ക്ക് ‘മിഷന്‍ തൗസന്‍ഡ്’ എന്ന പദ്ധതിയിലൂടെ 1,000 സംരംഭങ്ങളെ ശരാശരി 100 കോടി രൂപ വിറ്റുവരവുള്ളവയാക്കി വളര്‍ത്താനുള്ള സഹായങ്ങള്‍ ലഭ്യമാക്കുകയാണ്. അങ്ങനെ ഒരു ലക്ഷം കോടി രൂപയുടെ വിനിമയമാണു വ്യവസായ മേഖലയില്‍ പുതുതായി ഉണ്ടാകാന്‍ പോകുന്നത്. നിലവിലുള്ള സംരംഭങ്ങള്‍ അടച്ചുപൂട്ടാതെ മെച്ചപ്പെട്ട നിലയില്‍ തുടര്‍ന്നുപോകുന്നുവെന്ന് ഉറപ്പുവരുത്താനുള്ള പ്രത്യേക ഇടപെടലും നടത്തുന്നുണ്ട്.
2016ല്‍ കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം ഏകദേശം 5.6 ലക്ഷം കോടി രൂപയായിരുന്നു. ഒടുവിലത്തെ കണക്കുകള്‍ പ്രകാരം അത് 10.17 ലക്ഷം കോടി രൂപയിലേക്കെത്തിയിരിക്കുന്നു. കഴിഞ്ഞ ഏഴു വര്‍ഷംകൊണ്ട് 84 ശതമാനം വര്‍ധനവുണ്ടായി. കേരളത്തിന്റെ പ്രതിശീര്‍ഷ വരുമാനം 2016ല്‍ 1.48 ലക്ഷം രൂപയായിരുന്നു. ഇന്നത് 2.28 ലക്ഷം രൂപയായി ഉയര്‍ന്നു. 54 ശതമാനത്തിലധികം വര്‍ദ്ധനവ്. കേരളത്തിന്റെ ആഭ്യന്തര ഉത്പാദനം 12 ശതമാനവും വ്യാവസായിക അനുബന്ധ മേഖല 17.3 ശതമാനവും വളര്‍ച്ചയാണു കൈവരിച്ചത്. കേരളത്തിന്റെ മൊത്തം റവന്യൂ വരുമാനത്തിന്റെ 65 ശതമാനവും സംസ്ഥാനത്തിന്റെ തനതു നികുതി വരുമാനമാണ്. ചില സംസ്ഥാനങ്ങള്‍ക്ക് ഇത് 25 ശതമാനം മാത്രമാണ്. ദേശീയ ശരാശരിയാകട്ടെ 55 ശതമാനവും. കേരളത്തിന്റെ കടം ജിഎസ്ഡിപിയുടെ 39 ശതമാനത്തില്‍ നിന്നും 35 ശതമാനത്തില്‍ താഴെയെത്തിച്ചു.
വികസനപ്രവര്‍ത്തനങ്ങള്‍ക്കൊപ്പംതന്നെ ക്ഷേമപ്രവര്‍ത്തനങ്ങളും നടപ്പാക്കുന്നുണ്ട്. ലൈഫ് ഭവന പദ്ധതി മുഖേന മൂന്നര ലക്ഷത്തിലധികം വീടുകള്‍ നല്‍കി. മൂന്നു ലക്ഷത്തോളം ആളുകള്‍ക്കു ഭൂമി ലഭ്യമാക്കി. മൂന്നര ലക്ഷത്തോളം മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ ലഭ്യമാക്കി. 64,006 കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍ നിന്നും മോചിപ്പിക്കാനുള്ള പദ്ധതി നടപ്പാക്കിവരികയാണ്. 63 ലക്ഷം ആളുകള്‍ക്കാണ് 1,600 രൂപ നിരക്കില്‍ ക്ഷേമ പെന്‍ഷന്‍ ലഭ്യമാക്കുന്നത്. 42 ലക്ഷത്തിലേറെ ആളുകള്‍ക്ക് കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്നുണ്ട്. സമസ്ത മേഖലകളിലും മുന്നേറ്റം കൈവരിക്കാന്‍ ഉതകുന്ന സമഗ്രമായ ഇടപെടലുകളാണു സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അവയിലൂടെ അടുത്ത 25 വര്‍ഷംകൊണ്ടു കേരളത്തെ മധ്യവരുമാന വികസിത രാജ്യങ്ങള്‍ക്കു തുല്യമായ നിലയിലേക്ക് ഉയര്‍ത്തുകയാണ്. അതിനായി കാര്‍ഷിക നവീകരണം, വ്യവസായ പുനഃസംഘടന, നൈപുണ്യവികസനം എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയുമാണ്. അതിനൊക്കെ ഉത്തേജനം പകരുന്നതാണു കെ ഫോണ്‍ പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉദ്ഘാടന ചടങ്ങില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവരുമായി മുഖ്യമന്ത്രി കെ ഫോണ്‍ മുഖാന്തരം ഓണ്‍ലൈനായി സംസാരിച്ചു. നിലമ്പൂരിലെ നഴ്‌സിങ് വിദ്യാര്‍ഥിനി വിസ്മയ, വയനാട് പന്തലാടിക്കുന്ന് സെറ്റില്‍മെന്റ് നിവാസികള്‍, തിരുവനന്തപുരം ഒറ്റശേഖരമംഗലം ഗവണ്‍മെന്റ് എല്‍.പി. സ്‌കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരും, കോട്ടയം എരുമേലി കൂവപ്പള്ളി വില്ലേജ് ഓഫിസ് ജീവനക്കാര്‍ എന്നിവരോടാണു മുഖ്യമന്ത്രി സംവദിച്ചത്.
ഗതാഗത മന്ത്രി ആന്റണി രാജു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെഫോണിന്റെ കൊമേഴ്‌സ്യല്‍ വെബ്‌പേജ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രകാശനം ചെയ്തു. കെ ഫോണ്‍ ആപ്പ് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷും കെ ഫോണ്‍ മോഡം(ഒ.എന്‍.ടി) വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍ കുട്ടിയും പുറത്തിറക്കി. പൊതുവിദ്യാഭ്യാസ, തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി, ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു, ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍, വി.കെ. പ്രശാന്ത് എം.എല്‍.എ, മേയര്‍ ആര്യ രാജേന്ദ്രന്‍, ഐടി വകുപ്പ് സെക്രട്ടറി ഡോ. രത്തന്‍ യു. കേല്‍കര്‍, കെ ഫോണ്‍ എം.ഡി. ഡോ. സന്തോഷ് ബാബു, കൗണ്‍സിലര്‍ മേരി പുഷ്പം, കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ മന്ത്രാലയം ഡി.ഡി.ജി. ശോഭന, ഇ.ഡി.ബി.എല്‍. ശങ്കര സുബ്രഹ്മണ്യം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളില്‍ പ്രാദേശികാടിസ്ഥാനത്തിലും ഉദ്ഘാടന ചടങ്ങുകള്‍ നടന്നു. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ വിവിധയിടങ്ങളില്‍ ചടങ്ങുകളില്‍ പങ്കെടുത്തു.