അഴിമതി തടയാന്‍ റവന്യു വകുപ്പില്‍ മന്ത്രി മുതല്‍ ജോയിന്റ് കമ്മീഷണര്‍ വരെ ഓരോ മാസവും വില്ലേജ് ഓഫീസുകള്‍ സന്ദര്‍ശിക്കും

അഴിമതി വേരോടെ പിഴുതെറിയാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍വീസ് സംഘടനകളുടെ പൂര്‍ണ പിന്തുണ
അഴിമതി ചൂണ്ടിക്കാട്ടുന്ന ജീവനക്കാരന് സംരക്ഷണവും പ്രോത്സാഹനവും
കീഴ്ജീവനക്കാരന്റെ അഴിമതി അറിഞ്ഞില്ല എന്ന നില അനുവദിക്കില്ല

തിരുവനന്തപുരം: അഴിമതി പരിപൂര്‍ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി റവന്യു വകുപ്പില്‍ വിവിധതലങ്ങളില്‍ പരിശോധന ശക്തമാക്കും. ഇതിന്റെ ഭാഗമായി റവന്യു മന്ത്രി മുതല്‍ ലാന്‍ഡ് റവന്യു കമ്മീഷണറേറ്റിലെ ജോയിന്റ് കമ്മീഷണര്‍ വരെയുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഓരോ മാസവും രണ്ട് വില്ലേജ് ഓഫീസ് എങ്കിലും പതിവായി സന്ദര്‍ശിക്കും. വകുപ്പിനെ പൂര്‍ണമായും അഴിമതി മുക്തമാക്കുക എന്ന ലക്ഷ്യം ചര്‍ച്ച ചെയ്യാനായി സര്‍വീസ് സംഘടനാ പ്രതിനിധികളുമായി റവന്യു മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങളെടുത്തത്.
റവന്യു മന്ത്രി, പ്രിന്‍സിപ്പല്‍ സെക്രട്ടറി, ലാന്‍ഡ് റവന്യു കമ്മീഷണര്‍, ജോയിന്റ് കമ്മീഷണര്‍ എന്നിവരാണ് ഓരോ മാസവും ചുരുങ്ങിയത് രണ്ട് വില്ലേജ് ഓഫീസുകള്‍ എങ്കിലും സന്ദര്‍ശിക്കുക. ഇതിനുപുറമേ റവന്യു ഇന്റലിജന്‍സ് വിഭാഗത്തിന്റെ വിവിധ തലങ്ങളിലുള്ള പരിശോധനയും ഉണ്ടാകും. ഇങ്ങനെ പല തലങ്ങളിലുള്ള പരിശോധന വന്നാല്‍ ഒരു മാസം സംസ്ഥാനത്തെ 500 വില്ലേജുകളില്‍ ഒരു തവണയെങ്കിലും ഉന്നത റവന്യു ഉദ്യോഗസ്ഥന്റെ നേരിട്ടുള്ള സാന്നിധ്യം ഉറപ്പാക്കാന്‍ കഴിയും. കീഴ്ജീവനക്കാര്‍ അഴിമതിയുടെ ഭാഗമായാല്‍ അതേക്കുറിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ഒന്നുമറിയില്ല എന്ന നില അനുവദിക്കാനാവില്ലെന്ന് റവന്യു മന്ത്രി കെ രാജന്‍ അറിയിച്ചു. രാജ്യത്ത് അഴിമതി ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. റവന്യു വകുപ്പിലും നല്ലത് പോലെ അഴിമതി കുറഞ്ഞിട്ടുണ്ട്. എങ്കിലും വകുപ്പിനെ പരിപൂര്‍ണമായും അഴിമതി മുക്തമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പഴുതടച്ച പരിശോധനകളും മറ്റു നടപടികളും പ്രാവര്‍ത്തികമാക്കുന്നത്.
അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് നേരെ മൗനം പാലിക്കുകയോ അത് അറിയാതിരിക്കുകയോ ചെയ്യുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നിലപാട് മാറ്റേണ്ടതുണ്ട്. അഴിമതിക്കാരെ ചൂണ്ടിക്കാട്ടുന്ന ജീവനക്കാരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുകയും അവരെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥ തലങ്ങളിലുള്ള പരിശോധന മാസത്തില്‍ രണ്ടു തവണ നടത്തിയോ എന്നത് അവരുടെ പെന്‍ നമ്പര്‍ മുഖേന അറിയാന്‍ സാധിക്കും. ഉദ്യോഗസ്ഥരുടെ പെന്‍ നമ്പറുമായി ബന്ധിപ്പിക്കുന്ന മൊഡ്യൂള്‍ ഇതിനായി പ്രത്യേകം തയാറാക്കിയിട്ടുണ്ട്. വില്ലേജ് അസിസ്റ്റന്റ്, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് എന്നിവര്‍ ഒരു കാരണവശാലും മൂന്നുവര്‍ഷത്തിനുശേഷം ഒരിടത്ത് തുടരില്ല. റവന്യു ഉദ്യോഗസ്ഥരുടെ നെയിംബോര്‍ഡ് അവരുടെ സീറ്റുകള്‍ക്ക് മുന്‍പാകെ പ്രദര്‍ശിപ്പിക്കും. ജനങ്ങള്‍ക്ക് പേരും തസ്തികയും സഹിതം പരാതിപ്പെടാനാണിത്.
ഈ മാസം 10 ഓടെ അഴിമതിക്കാരെ ചൂണ്ടിക്കാട്ടാന്‍ ഉള്ള ടോള്‍ ഫ്രീ നമ്പര്‍ നിലവില്‍ വരും. ഇതിനു പുറമേ ജൂലൈയോടെ വകുപ്പിന്റെ പോര്‍ട്ടലില്‍ ഇതിനുള്ള സംവിധാനം ഒരുക്കും. അഴിമതിക്കാരെ ഒറ്റപ്പെടുത്താനും അഴിമതി അവസാനിപ്പിക്കാനുമായി സര്‍വീസ് സംഘടനകള്‍ വഴി ജീവനക്കാരെ മുന്‍നിര്‍ത്തി അതിവിപുലമായ പ്രചാരണ പരിപാടി തുടങ്ങാനാണ് സര്‍ക്കാരിന്റെ ഉദ്ദേശ്യമെന്ന് റവന്യു മന്ത്രി വ്യക്തമാക്കി. ഇതിനുവേണ്ടി ജോയിന്റ് കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ കണ്‍വീനറായി സമിതിയെ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. ഈ സമിതിയില്‍ സര്‍വീസ് സംഘടനകളുടെ ഓരോ പ്രതിനിധി വീതം അംഗമായിരിക്കും. ഈയാഴ്ച തന്നെ സമിതി കൂടിയാലോചന നടത്തി പരിപാടികള്‍ പ്രഖ്യാപിക്കും. കൈക്കൂലി വാങ്ങുന്നത് പോലെ കൈക്കൂലി നല്‍കുന്നതും തെറ്റാണ് എന്ന രീതിയില്‍ അഴിമതിയെ സമീപിക്കുമെന്നും മന്ത്രി രാജന്‍ അറിയിച്ചു.
നവംബര്‍ ഒന്നോടെ റവന്യു വകുപ്പ് നല്‍കുന്ന എല്ലാ സേവനങ്ങളും സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ ആകും. ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പരസ്യങ്ങളും ഏജന്റുമാരുടെ ഇടപെടലുകളും നടക്കുന്നുണ്ട്. 25 സെന്റ് വരെ തരംമാറ്റാന്‍ ഫീസ് ആവശ്യമില്ല എന്നതൊന്നും പലരും അറിയില്ല. ജനങ്ങളുടെ അജ്ഞത ഒഴിവാക്കാന്‍ നവംബര്‍ ഒന്നുമുതല്‍ റവന്യൂ ഇസാക്ഷരത ക്യാമ്പയിന്‍ തുടങ്ങും. ഓണ്‍ലൈന്‍ മുഖേന ലഭ്യമായ റവന്യു സേവനങ്ങള്‍ക്ക് ആളുകള്‍ മുഖതാവില്‍ ഓഫീസുകളില്‍ വരേണ്ട ആവശ്യമില്ല. നേരിട്ട് റവന്യു ഓഫീസില്‍ നല്‍കുന്ന ഏത് അപേക്ഷയും വില്ലേജ് ഓഫീസര്‍ കണ്ടിരിക്കണം. അഴിമതിയില്‍ ഭാഗഭാക്കാകുന്ന ജീവനക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടി എടുക്കണമെന്ന് അഴിമതിക്കെതിരായ സര്‍ക്കാര്‍ നടപടികള്‍ക്ക് പരിപൂര്‍ണ പിന്തുണ പ്രഖ്യാപിച്ച എല്ലാ സര്‍വീസ് സംഘടനകളും ഐക്യകണ്‌ഠേന ആവശ്യപ്പെട്ടു. റവന്യു മന്ത്രി വിളിച്ച യോഗത്തില്‍ 17 സര്‍വീസ് സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്തു.
എം.എ അജിത് കുമാര്‍ (എന്‍.ജി.ഒ യൂണിയന്‍), എ.പി സുനില്‍ (എന്‍.ജി.ഒ അസോസിയേഷന്‍), ജയചന്ദ്രന്‍ കല്ലിങ്കല്‍ (ജോയിന്റ് കൗണ്‍സില്‍) എന്നിവരുള്‍പ്പെടെ സംസാരിച്ചു. യോഗത്തില്‍ റവന്യു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, ലാന്റ് റവന്യു കമ്മീഷണര്‍ ടി.വി അനുപമ, സര്‍വേ ഡയറക്ടര്‍ സീരാം സാംബശിവറാവു ജോയിന്റ് കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ എന്നിവരും പങ്കെടുത്തു.