ഉക്രയ്ന്‍ യുവതാരം ഇവാന്‍ കലിയൂഷ്‌നി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയില്‍

കൊച്ചി: ഉക്രയ്‌നില്‍ നിന്നുള്ള മധ്യനിര താരം ഇവാന്‍ കലിയൂഷ്‌നിയെ ക്ലബ്ബിലെത്തിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സി. കലിയൂഷ്‌നിയുമായി കരാര്‍ ഒപ്പിട്ട വിവരം ക്ലബ്ബ് പ്രഖ്യാപിച്ചു. എഫ്‌കെ ഒലക്‌സാണ്ട്രിയയില്‍നിന്ന് വായ്പാടിസ്ഥാനത്തിലാണ് യുവ മധ്യനിര താരം കേരള ബ്ലാസ്‌റ്റേഴ്‌സില്‍ ചേരുന്നത്. ഇരുപത്തിനാലുകാരനായ ഇവാന്‍ ഉക്രയ്ന്‍ ക്ലബ്ബ് മെറ്റലിസ്റ്റ് ഖാര്‍കിവിനൊപ്പമാണ് തന്റെ യൂത്ത് കരിയര്‍ ആരംഭിച്ചത്. തുടര്‍ന്ന് ഉക്രയ്ന്‍ ഭീമന്‍മാരായ ഡൈനാമോ കീവിനുവേണ്ടിയും കളിച്ചു. ടീമിനായി യുവേഫ യൂത്ത് ലീഗില്‍ പ്രതിനിധീകരിക്കുകയും ചെയ്തു. മെറ്റലിസ്റ്റ് 1925 ഖര്‍കിവുമായി വായ്പാടിസ്ഥാനത്തില്‍ തന്റെ സീനിയര്‍ കരിയര്‍ ആരംഭിച്ച അദ്ദേഹം ആദ്യ സീസണില്‍ അവര്‍ക്കായി 27 മത്സരങ്ങളിലാണ് കളിച്ചത്. അടുത്ത സീസണില്‍ ഉക്രയ്ന്‍ സംഘമായ റൂഖ് ലിവിനൊവില്‍ വായ്പാടിസ്ഥാനത്തില്‍ കളിച്ച് അദ്ദേഹം കൂടുതല്‍ അനുഭവ സമ്പത്ത് നേടി. 32 കളിയില്‍ രണ്ട് ഗോളുകളടിക്കുകയും ചെയ്തു.ഉക്രയ്ന്‍ ഫസ്റ്റ് ഡിവിഷനില്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്ത ഊര്‍ജസ്വലനും ഓള്‍റൗണ്ട് മധ്യനിരക്കാരനുമായ താരം 2021 ഫെബ്രുവരിയില്‍ എഫ്‌കെ ഒലെക്‌സാണ്ട്രിയയില്‍ എത്തി. ക്ലബ്ബിനൊപ്പം തന്റെ മികച്ച ഫോം തുടര്‍ന്ന അദ്ദേഹം 23 മത്സരങ്ങളില്‍ രണ്ട് ഗോളുകളടിക്കുകയും നാല് ഗോളുകള്‍ക്ക് വഴിയൊുക്കുകയും ചെയ്തു. ബ്ലാസ്‌റ്റേഴ്‌സില്‍ ചേരുന്നതിന് മുമ്പ് ഉക്രയ്ന്‍ ലീഗ് റദ്ദാക്കിയതിനാല്‍ കലിയൂഷ്‌നി കുറച്ചുകാലം ഐസ്‌ലന്‍ഡ് ടോപ് ഡിവിഷന്‍ ക്ലബ്ബായ കെഫഌവിക് ഐഎഫിലും വായ്പാടിസ്ഥാനത്തില്‍ കളിച്ചു. ക്ലബ്ബില്‍ ചേര്‍ന്നതിന് ഇവാനെ അഭിനന്ദിക്കാനും അദ്ദേഹത്തെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞതിലുള്ള വലിയ സന്തോഷം പ്രകടിപ്പിക്കാനും ആഗ്രഹിക്കുന്നു. ഈ മികച്ച കളിക്കാരന്‍ ടീമിന് വലിയ കരുത്ത് നല്‍കും. ഇവാന്‍ ക്ലബ്ബുമായി വേഗത്തില്‍ പൊരുത്തപ്പെടുകയും ഇവിടെ മികവ് പുലര്‍ത്തുകയും ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’ ഈ സീസണിലെ ബ്ലാസ്‌റ്റേഴ്‌സിന്റെ മൂന്നാമത്തെ വിദേശ താരവുമായുള്ള കരാറിനെക്കുറിച്ച് സ്‌പോര്‍ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. ‘ഇന്ത്യയിലെ ഏറ്റവും വലിയ ക്ലബ്ബില്‍ ചേരുന്നതില്‍ ആവേശഭരിതനാണ്, എന്റെ പുതിയ വെല്ലുവിളിക്കായി വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പ്രശസ്തമായ മഞ്ഞപ്പടയെ കാണാനും അവര്‍ക്കും ക്ലബ്ബിനും വേണ്ടി എന്റെ എല്ലാം നല്‍കാനും എനിക്ക് അതിയായ ആവേശമുണ്ട് ഇവാന്‍ കലിയൂഷ്‌നി പറഞ്ഞു. കഴിഞ്ഞ ആഴ്ച മുന്നേറ്റ താരം അപ്പോസ്‌തൊലോസ് ജിയാനുവിനെയും, പ്രതിരോധ താരം വിക്ടര്‍ മോംഗിലിനെയും പ്രഖ്യാപിച്ചതിന് ശേഷം ബ്ലാസ്‌റ്റേഴ്‌സ് കരാര്‍ ഒപ്പുവെക്കുന്ന മൂന്നാമത്തെ വിദേശ താരമാണ് ഇവാന്‍ കലിയൂഷ്‌നി. വരാനിരിക്കുന്ന ഹീറോ ഐഎസ്എല്‍ 202223 സീസണിനായി തയ്യാറെടുക്കുന്ന ബ്ലാസ്‌റ്റേഴ്‌സ് മധ്യനിരയ്ക്ക് ഇവാന്‍ കലിയുഷ്‌നിയുടെ സാന്നിധ്യം മറ്റൊരു മാനം നല്‍കും