വയോമധുരം പദ്ധതി: 1400 പേര്‍ക്ക് ഈ വര്‍ഷം ഗ്ലൂക്കോമീറ്റര്‍ നല്‍കും

തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിന്റെ വയോമധുരം പദ്ധതിയില്‍ ഈ വര്‍ഷം 1400 പേര്‍ക്കു കൂടി ഗഌക്കോമീറ്ററുകള്‍ നല്‍കും. നിര്‍ധനരും പ്രമേഹ രോഗികളുമായ വയോജനങ്ങള്‍ക്ക് വീടുകളില്‍ത്തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിര്‍ണയിക്കുന്നതിന് സൗജന്യമായി ഗ്ലൂക്കോമീറ്റര്‍ നല്‍കുന്ന പദ്ധതിയാണിത്. 2018 ല്‍ ആരംഭിച്ച പദ്ധതിയില്‍ ഇതുവരെ 19,600 പേര്‍ക്ക് സൗജന്യ ഗ്ലൂക്കോമീറ്ററുകള്‍ ലഭ്യമാക്കി. ഈ സാമ്പത്തിക വര്‍ഷം ഓരോ ജില്ലയിലും 100 പുതിയ ഗുണഭോക്താക്കളെ വീതം കണ്ടെത്തി ഉപകരണം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.
പ്രമേഹ രോഗികളായ വയോജനങ്ങള്‍ക്ക് നിശ്ചിത ഇടവേളകളില്‍ ആരോഗ്യ സ്ഥാപനങ്ങളിലെത്തി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിര്‍ണയിക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍ പ്രായാധിക്യം മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ആരോഗ്യ സ്ഥാപനങ്ങളില്‍ നേരിട്ടെത്തി പരിശോധന നടത്തുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ട് പരിഗണിച്ചാണ് ഗ്ലൂക്കോമീറ്റര്‍ നല്‍കുന്നത്. കൂടാതെ നിര്‍ധന വിഭാഗത്തിലുള്‍പ്പെടുന്നവര്‍ക്ക് സൗജന്യമായി പ്രമേഹ പരിശോധന നടത്താനാകുമെന്നതും പദ്ധതിയുടെ നേട്ടമാണ്.
കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ വഴിയാണ് ഗ്ലൂക്കോമീറ്ററുകളും പരിശോധനയ്ക്കാവശ്യമായ സ്ട്രിപ്പുകളും നല്‍കുന്നത്. ആദ്യഘട്ടത്തില്‍ 25 സ്ട്രിപ്പുകളാണ് ഗ്ലൂക്കോമീറ്ററിനൊപ്പം നല്‍കുന്നത്. പിന്നീട് ആവശ്യപ്പെടുന്നപക്ഷം അടുത്ത രണ്ട് വര്‍ഷത്തേക്ക് ഒരു സ്ട്രിപ്പിന് 6 രൂപ നിരക്കില്‍ ഗുണഭോക്താക്കള്‍ക്ക് നല്‍കും. ഓരോ വര്‍ഷവും ഗുണഭോക്തൃ പട്ടിക തയാറാക്കി ബ്ലോക്ക്/ പഞ്ചായത്ത് അടിസ്ഥാനത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചാണ് ഗ്ലൂക്കോമീറ്റര്‍ വിതരണം ചെയ്യുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിര്‍ണയിക്കുന്നതിനായി ഗ്ലൂക്കോമീറ്റര്‍ ഉപയോഗിക്കേണ്ട വിധം വ്യക്തമാക്കുന്നതിനാണ് ക്യാമ്പുകള്‍ ഒരുക്കുന്നത്.
ബി പി എല്‍ പരിധിയില്‍ ഉള്‍പ്പെടുന്നവര്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക. ഓരോ വര്‍ഷവും പ്രത്യേക അപേക്ഷ ക്ഷണിച്ചാണ് ഗുണഭോക്താക്കളെ കണ്ടെത്തുന്നത്. പ്രമേഹ രോഗിയാണെന്ന് വ്യക്തമാക്കുന്ന സര്‍ക്കാര്‍ ഡോക്ടറുടെ സാക്ഷ്യപത്രം, പ്രായം തെളിയിക്കുന്നതിനായി സര്‍ക്കാര്‍ അംഗീകരിച്ച ഏതെങ്കിലും രേഖ എന്നിവ അപേക്ഷയ്‌ക്കൊപ്പം നല്‍കണം. സ്വയം സാക്ഷ്യപ്പെടുത്തിയ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, തദ്ദേശ സ്ഥാപനത്തില്‍ നിന്ന് ലഭിക്കുന്ന ബി പി എല്‍ സര്‍ട്ടിഫിക്കറ്റ്, വില്ലേജ് ഓഫിസില്‍ നിന്ന് ലഭിച്ച ബി പി എല്‍ പരിധിയിലുള്ള വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവയില്‍ ഏതെങ്കിലുമൊന്നും നല്‍കണം.