ആരോഗ്യകരമായ പരിസ്ഥിതിയും ജീവിതാന്തരീക്ഷവും കുട്ടികളുടെ അവകാശം: ഗവര്‍ണര്‍

തിരുവനന്തപുരം: ആരോഗ്യകരമായ പരിസ്ഥിതിയും ജീവിതാന്തരീക്ഷവും ഉണ്ടാകേണ്ടത് ഓരോ കുട്ടിയുടെയും അവകാശമാണെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആന്‍ഡ് പാര്‍ലമെന്ററി സ്റ്റഡി സെന്റര്‍ (കെ-ലാംപ്‌സ്) വിഭാഗവും യൂനിസെഫും സംയുക്തമായി സംഘടിപ്പിച്ച ‘നാമ്പ്’ കാലാവസ്ഥാ അസംബ്ലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതി സംരക്ഷണത്തിന്റെ മുന്നണിപ്പോരാളികളാകാന്‍ പുതുതലമുറയിലെ കുട്ടികള്‍ക്കു കഴിയണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ സന്ദേശത്തില്‍ പറഞ്ഞു. പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നത് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമാണ്. ഇതു മറികടക്കാന്‍ ശാസ്ത്രീയമായ പ്രകൃതി സംരക്ഷണ രീതികള്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കാലാവസ്ഥയില്‍ അപകടകരമായ വ്യതിയാനം സംഭവിക്കുന്നത് മനുഷ്യജീവിതത്തിനു ഹിതകരമല്ലെന്നു ചടങ്ങില്‍ പങ്കെടുത്ത റവന്യൂ മന്ത്രി കെ. രാജന്‍ ചൂണ്ടിക്കാട്ടി. പ്രകൃതി സംരക്ഷണം ലോകത്തെല്ലായിടത്തും ഒരേ പ്രാധാന്യത്തോടെ നടപ്പാക്കേണ്ടതാണെന്നും അതിനായി മികച്ച ആശയങ്ങളുടെ ആഗോളതല കൈമാറ്റം ഉണ്ടാവണമെന്നും യുണിസെഫ് ഇന്ത്യ സോഷ്യല്‍ പോളിസി ചീഫ് ഹ്യുന്‍ ഹീ ബാന്‍ പറഞ്ഞു.


നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ്, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ ഡോ. ബി. സന്ധ്യ, നിയമസഭാ സെക്രട്ടറി ഇന്‍ ചാര്‍ജ് കവിത ഉണ്ണിത്താന്‍ എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാനത്തെ 14 ജില്ലകളെയും പ്രതിനിധീകരിച്ച് വിദ്യാര്‍ഥികളും യുവാക്കളും അസംബ്ലിയില്‍ പങ്കെടുത്തു.
വൈകിട്ട് നടന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. നിയമസഭാ പരിസ്ഥിതി സമിതി അധ്യക്ഷന്‍ ഇ.കെ. വിജയന്‍ എം.എല്‍.എ, കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയ മുന്‍ സെക്രട്ടറി ഡോ. എം. രാജീവന്‍, ദുരന്ത നിവാരണ കമ്മീഷണര്‍ ഡോ. എ. കൗശിഗന്‍, കേരള യൂത്ത് ലീഡര്ഷിപ് അക്കാദമി ഡയറക്ടര്‍ ജെറോമിക് ജോര്‍ജ്, കേരള, തമിഴ്‌നാട് സോഷ്യല്‍ പോളിസി ചീഫ് കെ.എല്‍. റാവു, കെ – ലാംപ്സ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ മഞ്ജു വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.