എന്‍ ഐ ആര്‍എഫ് റാങ്കിങ്ങില്‍ മികച്ച നേട്ടവുമായി കേരളം

ഉന്നത വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചയ്ക്ക് സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയുടെ ഫലമെന്ന് മന്ത്രി ഡോ. ആര്‍.ബിന്ദു
തിരുവനന്തപുരം: കേരളത്തിന് വീണ്ടും അഭിമാനമുയര്‍ത്തി ഈ വര്‍ഷവും സംസ്ഥാനത്തെ സര്‍വകലാശാലകളും കലാലയങ്ങളും എന്‍ഐആര്‍എഫ് റാങ്കിങ്ങില്‍ മികച്ച നേട്ടം കൈവരിച്ചു. രാജ്യത്തെ 200 മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 42 കോളേജുകള്‍ സംസ്ഥാനത്തുനിന്നാണ്. രാജ്യത്തെ മികച്ച കോളേജുകളുടെ ആദ്യത്തെ 100 റാങ്കില്‍ സംസ്ഥാനത്തെ 14 കോളേജുകള്‍ ഇടം പിടിച്ചു.
24ാം റാങ്ക് നേടിയ കേരള സര്‍വ്വകലാശാലയടക്കം ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ നാല് സര്‍വ്വകലാശാലകള്‍ മികച്ച സര്‍വ്വകലാശാലകളുടെ പട്ടികയില്‍ ആദ്യ നൂറില്‍ ഇടംനേടി. രാജ്യത്തെ മുഴുവന്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെയും പരിഗണിക്കുന്ന ഓവര്‍ഓള്‍ വിഭാഗത്തില്‍ സംസ്ഥാനത്തെ മൂന്ന് സര്‍വ്വകലാശാലകള്‍ ഇടംപിടിച്ചു. ഉന്നതവിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചക്ക് സര്‍ക്കാര്‍ നല്‍കുന്ന മികച്ച പിന്തുണയുടെയും ആസൂത്രണങ്ങളുടെയും ഗുണഫലമാണ് ഈ നേട്ടങ്ങളെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
രാജ്യത്തെതന്നെ 24മത്തെ മികച്ച സര്‍വ്വകലാശാലയായി കേരള സര്‍വ്വകലാശാല സ്ഥാനം മെച്ചപ്പെടുത്തിയത് വന്‍കുതിപ്പാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം 40ാം റാങ്കുണ്ടായിരുന്നതില്‍നിന്നാണ് സര്‍വകലാശാല ഈ കുതിപ്പ് നേടിയത്. മികച്ച സര്‍വകലാശാലകളുടെ പട്ടികയില്‍ കേരളക്കു പിന്നാലെ എം.ജി സര്‍വകലാശാല 31ാം റാങ്കോടെ കേരളത്തില്‍ രണ്ടാം സ്ഥാനത്തുണ്ട്. കഴിഞ്ഞ വര്‍ഷം 41ാം റാങ്കിലുണ്ടായിരുന്ന കുസാറ്റ് ഇത്തവണ നില മെച്ചപ്പെടുത്തി 37ാം സ്ഥാനത്തെത്തി. കാലിക്കറ്റ് സര്‍വകലാശാല 70ാം റാങ്കിലാണ്. കാസര്‍കോട് കേന്ദ്ര സര്‍വകലാശാല (108ാം റാങ്ക്), കേരള കാര്‍ഷിക സര്‍വകലാശാല (127), കണ്ണൂര്‍ സര്‍വകലാശാല (167) എന്നിവയും കേരളത്തില്‍നിന്നും മികച്ച സര്‍വകലാശാലകളുടെ പട്ടികയിലുണ്ട്.
ഓവറോള്‍ റാങ്കിങിലും കേരളത്തില്‍ നിന്ന് കേരള സര്‍വകലാശാല 47ാം റാങ്കോടെ മുന്നിലുണ്ട്. രാജ്യത്തെ മുഴുവന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പരിഗണിക്കുന്ന ഓവറോള്‍ വിഭാഗത്തില്‍ കേരളയ്ക്ക് പിന്നാലെ എം.ജി (52), കുസാറ്റ് (63) സര്‍വ്വകലാശാലകളാണ് ഇടം നേടിയിരിക്കുന്നത്. എന്‍ഐടി കാലിക്കറ്റ് ഈ പട്ടികയില്‍ അമ്പത്തിനാലാം സ്ഥാനം സ്വന്തമാക്കി.
സംസ്ഥാനത്തെ മികച്ച കോളജുകളുടെ ആദ്യത്തെ 100 റാങ്കില്‍ ഉള്‍പ്പെട്ട സംസ്ഥാനത്തെ 14 കോളേജുകളില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ആണ് 26ാം റാങ്കുമായി മുന്‍പന്തിയിലുള്ളത്. എറണാകുളം രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സ് ആണ് 30ാം റാങ്കോടെ രണ്ടാം സ്ഥാനത്ത്. എറണാകുളം സെന്റ് തെരേസാസ് (41), തിരുവനന്തപുരം മാര്‍ ഇവാനിയോസ് (45), എറണാകുളം മഹാരാജാസ് (46), മാവേലിക്കര ബിഷപൂര്‍ (51), തൃശൂര്‍ സെന്റ് തോമസ് (53), ചങ്ങനാശേരി എസ്.ബി (54), കോഴിക്കോട് സെന്റ് ജോസഫ്‌സ് ദേവഗിരി (59), തേവര സേക്രഡ് ഹാര്‍ട് (72), തിരുവനന്തപുരം ഗവ. വിമന്‍സ് (75), ആലുവ യു.സി (77), കോട്ടയം സി.എം.എസ് (85), കോതമംഗലം മാര്‍ അതനേഷ്യസ് (87) എന്നീ കോളജുകള്‍ ആദ്യ നൂറ് റാങ്കില്‍ ഇടംപിടിച്ചു.
സംസ്ഥാനത്തെ മികച്ച കോളേജുകളുടെ ആദ്യത്തെ 100 റാങ്കില്‍പ്പെട്ട സംസ്ഥാനത്തെ 14 കോളജുകളില്‍ മൂന്നെണ്ണം സര്‍ക്കാര്‍ കോളജുകളാണെന്നത് അഭിമാനകരമാണ്. യൂണിവേഴ്‌സിറ്റി കോളജ്, മഹാരാജാസ് കോളജ്, വിമന്‍സ് കോളജ് തിരുവനന്തപുരം എന്നിയവയടക്കം പന്ത്രണ്ട് കോളജുകള്‍ 100150 ബാന്‍ഡിലും പതിനാറ് കോളജുകള്‍ 150200 ബാന്‍ഡിലും ഉള്‍പ്പെട്ടത് നമ്മുടെ കൊളജുകള്‍ പൊതുവില്‍ ഉണ്ടാക്കിയിരിക്കുന്ന മുന്നേറ്റത്തിന് തെളിവാണ്.
മികച്ച ആര്‍ക്കിടെക്ചര്‍ കോളജുകളില്‍ തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗ് പതിനേഴാം സ്ഥാനത്തുണ്ട്. രാജ്യത്തെ മികച്ച എഞ്ചിനീയറിംഗ് സ്ഥാപനങ്ങളുടെ റാങ്കിങ്ങില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന എന്‍ഐടി, ഐ.ഐ.എസ്.ടി, ഐഐടി എന്നിവ സ്ഥാനം പിടിച്ചതും മികച്ച മാനേജെന്റ് സ്ഥാപനങ്ങളില്‍ കോഴിക്കോട് ഐഐഎം മൂന്നാംസ്ഥാനവും രാജഗിരി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് എണ്‍പത്തിമൂന്നാം റാങ്കും നേടിയതും കേരളത്തിന്റെ മികച്ച ഉന്നതവിദ്യാഭ്യാസ അന്തരീക്ഷത്തിന് അടിവരയിടുന്നു.
സാമൂഹ്യപുരോഗതിയിലേയ്ക്കുള്ള വഴിയായി ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ വളര്‍ച്ചയെ കാണുന്നതിന്റെ ഭാഗമായി കേരളത്തില്‍ നടപ്പാക്കി വരുന്ന ഉന്നതവിദ്യാഭ്യാസ പരിഷ്‌കാരങ്ങളാണ് എന്‍ഐആര്‍എഫ് റാങ്കിങ് അടക്കമുള്ള സമീപകാല നേട്ടങ്ങളില്‍ പ്രതിഫലിക്കുന്നതെന്നു മന്ത്രി പറഞ്ഞു. കേരളത്തിന്റെ സവിശേഷ മാതൃകയില്‍, ജനപങ്കാളിത്തമുള്ള വിജ്ഞാന സമൂഹം എന്നതിലൂന്നിയാണ് പ്രവര്‍ത്തനങ്ങള്‍. അറിവിനെ സമൂഹത്തിന് ഉപയോഗപ്പെടുത്തുക, കേരളത്തെ സാമ്പത്തിക ശക്തിയായി വളര്‍ത്തുക, അതില്‍ എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തുക ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെല്ലാം ഈ തത്ത്വത്തിലാണ് വേരുറപ്പിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലും നടക്കുന്ന മുഴുവന്‍ ഗവേഷണങ്ങളും ട്രാന്‍സിലേഷണല്‍ റിസര്‍ച്ചിലൂടെ സമൂഹത്തിന് പ്രയോജനപ്പെടുന്ന ഉത്പന്നങ്ങളാക്കി, അതിനെ ഇന്‍ക്യുബേറ്റ് ചെയ്ത് സ്റ്റാര്‍ട്ടപ്പ് പദ്ധതികളാക്കി മാറ്റുക എന്നത് പ്രധാനപ്പെട്ടതാണ്. ഇതിന്റെ ഭാഗമായാണ് ട്രാന്‍സിലേഷണല്‍ റിസര്‍ച്ച് ലാബുകള്‍ തുടങ്ങാന്‍ സര്‍വ്വകലാശാലകള്‍ക്ക് സര്‍ക്കാര്‍ തുക അനുവദിച്ചിട്ടുള്ളത്. ട്രാന്‍സിലേഷണല്‍ റിസര്‍ച്ചിന്റെ ഭാഗമായുണ്ടാകുന്ന സ്റ്റാര്‍ട്ടപ്പ് കേന്ദ്രങ്ങള്‍ തുടങ്ങാന്‍ 2023ലെ സംസ്ഥാന ബജറ്റില്‍ റിസ്‌ക് ഫണ്ട് കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സ്റ്റാര്‍ട്ട് അപ്പ് നയത്തിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ചേര്‍ന്ന് ഗവേഷണ പാര്‍ക്കുകള്‍ ആരംഭിക്കുന്നുണ്ട്. ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിനൊപ്പവും ഓരോ സ്റ്റാര്‍ട്ടപ്പ് പാര്‍ക്ക് എന്ന ആശയവും സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നു. ഇതിന്റെ ഭാഗമായി സ്റ്റാര്‍ട്ട് അപ്പ് ഇക്കോ സിസ്റ്റം നിര്‍മിക്കുന്നതിനായി തിരുവനന്തപുരം വിളപ്പില്‍ശാലയിലെ എ പി ജെ അബ്ദുല്‍ കലാം സാങ്കേതിക ശാസ്ത്ര സര്‍വകലാശാലയുടെ ക്യാമ്പസിനോട് ചേര്‍ന്ന് 50 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി ആരംഭിച്ചുകഴിഞ്ഞു. ഈ ക്യാമ്പസ് പദ്ധതിയൊപ്പം ട്രസ്റ്റ് പാര്‍ക്കും ഒരുങ്ങുന്നുണ്ട്. ട്രസ്റ്റ് പാര്‍ക്കിന്റെ മാതൃകയില്‍ മറ്റ് സര്‍വ്വകലാശാലകള്‍ക്കും റിസര്‍ച്ച് പാര്‍ക്കുകള്‍ അനുവദിക്കും. കോളേജ് ഓഫ് എഞ്ചിനീയറിംഗ്, തിരുവനന്തപുരത്ത് ഇപ്പോള്‍ തന്നെ ട്രിവാന്‍ഡ്രം റിസര്‍ച്ച് പാര്‍ക്ക് എന്ന പേരില്‍ കമ്പനിയായി രജിസ്റ്റര്‍ ചെയ്ത ഒരു സ്ഥാപനം നിലവിലുണ്ട്.
ട്രാന്‍സിലേഷണല്‍ റിസര്‍ച്ചിലൂടെയും ഇന്‍ക്യുബേഷനിലൂടെയും ഗവേഷണ മേഖലയിലെ അറിവുകളെ സമൂഹത്തിന് പ്രയോജനകരമായ വിധത്തില്‍ വിനിയോഗിക്കുക, ഗവേഷണത്തെ ട്രാന്‍സിലേഷണല്‍ റിസര്‍ച്ചിലേയ്ക്കും അത് ഇന്‍ക്യുബേഷനിലേയ്ക്കും പിന്നെ സ്റ്റാര്‍ട്ടപ്പിലേയ്ക്കും എത്തിക്കുക എന്നിവയാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മിനി ഇന്‍ഡസ്ട്രിയല്‍ യൂണിറ്റുകള്‍ ആരംഭിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്. ഇത്തരത്തിലുള്ള രണ്ട് മിനി ഇന്‍ഡസ്ട്രിയല്‍ യൂണിറ്റുകള്‍ ആരംഭിച്ചുകഴിഞ്ഞു. ആദ്യത്തേത് തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളജ് ഓഫ് മ്യൂസിക് ആന്റ് ഫൈന്‍ ആര്‍ക്‌സിലാണ്. ഒരു കോടി രൂപ ചിലവിലാണ് വേസ്റ്റ് മെറ്റീരിയല്‍ ഉപയോഗിച്ച് ഉല്‍പന്നങ്ങളുണ്ടാക്കുന്ന ഈ യൂണിറ്റ് സ്ഥാപിച്ചിരിക്കുന്നത്. എട്ട് പോളിടെക്‌നിക്കുകളിലും ഐ.എച്ച്.ആര്‍.ഡി.യുടെ നാല് കോളജുകളിലും ഉള്‍പ്പെടെ 13 മിനി ഇന്‍ഡസ്ട്രിയല്‍ യൂണിറ്റുകളാണ് ഈ വര്‍ഷം സജ്ജമാക്കുന്നത്.
ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സര്‍വകലാശാലകള്‍, കോളജുകള്‍, അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവയുടെ അക്കാദമിക് ഭരണകാര്യങ്ങള്‍ ഒരു കുടക്കീഴിലാക്കും. ഇതിനായി കേരള റിസോഴ്‌സ് ഫോര്‍ എജ്യുക്കേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് പ്ലാനിങ് അഥവാ കെ റീപ് എന്ന പേരില്‍ സമഗ്ര സോഫ്റ്റ്‌വെയര്‍ തയാറാക്കുന്നുണ്ട്. ഇതോടെ കേരളത്തിലെ മുഴുവന്‍ സര്‍വകലാശാലകളില്‍ നിന്നും കോളേജുകളില്‍ നിന്നും വിദ്യാര്‍ഥികള്‍ക്ക് ലഭിക്കേണ്ട എല്ലാ സേവനങ്ങളും അവരവരുടെ പോര്‍ട്ടല്‍ വഴി ലഭ്യമാകും. പ്രവേശനം മുതല്‍ പരീക്ഷാ സര്‍ട്ടിഫിക്കറ്റ് വരെയുള്ള അക്കാദമിക് ജീവിതത്തിലെ മുഴുവന്‍ കാര്യങ്ങളും സോഫ്റ്റ്‌വെയര്‍ വഴി ലഭ്യമാക്കും. വിദ്യാര്‍ഥി പ്രവേശനം, കോഴ്‌സ് റജിസ്‌ട്രേഷന്‍ കോഴ്‌സിന്റെ പുരോഗതി, വിദ്യാര്‍ഥിയുടെ വിലയിരുത്തല്‍, പരീക്ഷ, മൂല്യനിര്‍ണയം, പരീക്ഷാഫലം, ക്രെഡിറ്റ് സമ്പാദനവും കൈമാറ്റവും, സര്‍ട്ടിഫിക്കറ്റ് വിതരണം തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടും.
വിദ്യാര്‍ഥികളുടെ അന്തര്‍സര്‍വകലാശാലാ മാറ്റത്തിന് ഇടക്ക് പഠനം നിര്‍ത്തിയ വിദ്യാര്‍ഥികള്‍ക്ക് പഠനം തുടരാനുള്ള അവസരമൊരുക്കാനും മെയ് മുപ്പതിന് ചേര്‍ന്ന വിസിമാരുടെ യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. നിലവിലെ സര്‍വകലാശാലാ ചട്ടങ്ങളില്‍ ഇത് നടപ്പാക്കാനുള്ള സംവിധാനമില്ല. ക്രെഡിറ്റ് ട്രാന്‍സ്ഫറിനു കൃത്യമായ ചട്ടങ്ങള്‍ ഇല്ലാത്തതാണ് പ്രധാന പോരായ്മ. ഇത് പരിഹരിക്കണമെന്ന് സര്‍വകലാശാലാ നിയമപരിഷ്‌കരണ കമ്മീഷനും ശുപാര്‍ശ ചെയ്തിരുന്നു. ഇതിനാവശ്യമായ ചട്ടങ്ങള്‍ ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണ നിര്‍വ്വഹണ സെല്‍ സര്‍വ്വകലാശാലകളുടെ കൂടിയാലോചിച്ച് രൂപപ്പെടുത്തും.
ഗവേഷകമേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ അടിയന്തിരമായി പരിഹരിക്കും. കേരളത്തെ ജനപക്ഷ വൈജ്ഞാനിക സമൂഹമാക്കി മാറ്റാന്‍ ഗവേഷണമേഖലക്ക് ഉന്നത പരിഗണനയാണ് സര്‍ക്കാര്‍ നല്‍കി വരുന്നത്. ട്രാന്‍സിലേഷണല്‍ റിസര്‍ച്ച് ലാബുകള്‍, നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പുകള്‍ തുടങ്ങിയവ ഈ ലക്ഷ്യത്തില്‍ ആരംഭിച്ചതാണ്. എന്നാല്‍, ഇന്റര്‍ ഡിസിപ്ലിനറി മേഖലയിലെ ഗവേഷണങ്ങള്‍ക്ക് നിലവിലെ ചട്ടങ്ങള്‍ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഈ മേഖലയില്‍ ഗവേഷണകേന്ദ്രം ആരംഭിക്കാനും ഗൈഡ്ഷിപ്പ് നല്‍കാനുംസാധിക്കാത്ത സാഹചര്യം പല സര്‍വ്വകലാശാലകളിലും ഉണ്ട്. സര്‍വകലാശാലാ ഗവേഷണ റെഗുലേഷനുമായി ബന്ധപ്പെട്ടും വിദ്യാര്‍ത്ഥികള്‍ നിരവധി പരാതികള്‍ ഉന്നയിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളുടെ ഡിരെജിസ്‌ട്രേഷന്‍, റീരെജിസ്‌ട്രേഷന്‍, തീസിസ് സമര്‍പ്പണവും റിസള്‍ട്ടും തുടങ്ങിയ കാര്യങ്ങളിലെല്ലാം ഗവേഷകര്‍ക്ക് അനുകൂലമായ ചട്ടങ്ങള്‍ ആവശ്യമാണ്. ഈസ് ഓഫ് ഡൂയിങ് ഹയര്‍ എജുക്കേഷനെന്ന സര്‍ക്കാരിന്റെ നിലപാടിന് അനുസൃതമാകണം സര്‍വ്വകലാശാല ചട്ടങ്ങളും റെഗുലേഷനുകളും. രണ്ടുമാസത്തിനകം ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കുമെന്നും പറഞ്ഞു.