മുന്‍ഗണനാ റേഷന്‍ കാര്‍ഡില്‍ നിന്ന് അതിദാരിദ്ര്യ കുടുംബങ്ങള്‍ ഒഴിവായിട്ടുണ്ടെങ്കില്‍ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി

നൂറ് ദിന കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുത്തി 50,461 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു
1067 അതിദാരിദ്ര കുടുംബങ്ങള്‍ക്ക് മുന്‍ഗണനാ റേഷന്‍ കാര്‍ഡ്

തിരുവനന്തപുരം: അതിദാരിദ്ര്യ കുടുംബങ്ങളില്‍ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ ലഭിക്കാതെ പോയവരുണ്ടെങ്കില്‍ അക്കാര്യം അതാത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ഉടന്‍ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘ഇക്കാര്യം സംസ്ഥാന ഭക്ഷ്യവകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ ഉടന്‍ തന്നെ ആ കുടുംബങ്ങള്‍ക്ക് മുന്‍ഗണനാ റേഷന്‍ കാര്‍ഡ് വിതരണം ചെയ്യുന്നതായിരിക്കും. ഇക്കാര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം,’ മന്ത്രിസഭയുടെ മൂന്നാമത് നൂറു ദിന കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുത്തി അരലക്ഷം മുന്‍ഗണനാ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
2,89,860 മുന്‍ഗണനാ കാര്‍ഡുകള്‍ ഈ സര്‍ക്കാറിന്റെ കാലത്ത് ഇതുവരെ വിതരണം ചെയ്തതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അനര്‍ഹര്‍ കൈവശം വെച്ച ഒന്നേമുക്കാല്‍ ലക്ഷം കാര്‍ഡുകള്‍ സറണ്ടര്‍ ചെയ്യുകയുണ്ടായി. പിഴയോ ശിക്ഷയോ ചുമത്താതെ തന്നെയാണ് അനര്‍ഹര്‍ അവര്‍ കൈവശം വെച്ചിരുന്ന മുന്‍ഗണനാ കാര്‍ഡുകള്‍ തിരികെ ഏല്‍പ്പിച്ചത്. ഈ കാര്‍ഡുകള്‍ അര്‍ഹരായവര്‍ക്ക് കൈമാറി. ഇതിനുപുറമേ 3,34,431 പുതിയ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ സാധിച്ചു. ഇതൊക്കെ പൊതുവിതരണസമ്പ്രദായം ശക്തിപ്പെടുത്തി ഭക്ഷ്യഭദ്രതയിലേക്ക് നാടിനെ നയിക്കാന്‍ സഹായിക്കുന്ന നടപടികളാണ്, മുഖ്യമന്ത്രി വ്യക്തമാക്കി.
എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ആറേ മുക്കാല്‍ വര്‍ഷം കൊണ്ട് പൊതുവിപണിയില്‍ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ 10,000 കോടിയില്‍ കൂടുതല്‍ തുക ചെലവഴിച്ചു. ഇന്ന് ഇന്ത്യയില്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ ഏറ്റവും മുന്‍പന്തിയില്‍ ഉള്ള സംസ്ഥാനമാണ് കേരളം. സംസ്ഥാന ബജറ്റില്‍ 2000 കോടി രൂപയാണ് വിലക്കയറ്റം പിടിച്ചുനിര്‍ത്താനായി വകയിരുത്തിയത്. പുതിയതും നവീകരിച്ചതുമായ 85 സപ്ലൈകോ വിപണന ശാലകളാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ആരംഭിച്ചത്. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് വിപണിയില്‍ ഇടപെടുകയും അതിന്റെ ഫലം ജനങ്ങളിലേക്ക് എത്തിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്.
സര്‍ക്കാറിന്റെ മൂന്നാം നൂറുദിന പരിപാടികളില്‍ ഉള്‍പ്പെടുത്തി പുനര്‍ഗേഹം പദ്ധതിയില്‍ വിവിധ ജില്ലകളില്‍ ഭവനങ്ങളുടെ താക്കോല്‍ദാനം നടന്നുവരുന്നു. ലൈഫ് പദ്ധതിയില്‍ 20,000 വീടുകള്‍ ഈ ഘട്ടത്തില്‍ സാധ്യമാകും. 500 ഏക്കര്‍ തരിശുഭൂമിയില്‍ കൃഷി ഇറക്കാനാണ് സഹകരണ വകുപ്പിന്റെ പദ്ധതി. ‘ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങളി’ലൂടെ 2,60,000 പ്രത്യക്ഷ തൊഴിലവസരങ്ങള്‍ ലഭ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. കുടുംബശ്രീ ഉല്‍പന്നങ്ങളുടെ വിതരണത്തിനായി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഒരുങ്ങുന്നു. ഇങ്ങരത്തില്‍ സമഗ്രമായ ഒട്ടേറെ പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്. ജനക്ഷേമം ഉറപ്പാക്കുക, നാടിനെ മുന്നോട്ടു നയിക്കുക എന്നതാണ് ഈ പദ്ധതികളുടെ ലക്ഷ്യം. നേരത്തെ നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ഒരു ലക്ഷം മുന്‍ഗണനാ കാര്‍ഡുകള്‍ വിതരണം ചെയ്ത കാര്യം മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. ചടങ്ങില്‍ ഭക്ഷ്യപൊതുവിതരണ മന്ത്രി ജി.ആര്‍ അനില്‍ അധ്യക്ഷത വഹിച്ചു. ഇനി തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ കണ്ടെത്തി സമര്‍പ്പിക്കാനുള്ള അതിദാരിദ്ര കുടുംബങ്ങളുടെ അപേക്ഷ ഒഴികെ ബാക്കി എല്ലാ അതിദാരിദ്ര്യ കുടുംബങ്ങള്‍ക്കും മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ അനുവദിച്ചു കഴിഞ്ഞതായി അദ്ദേഹം വ്യക്തമാക്കി. 73,278 മുന്‍ഗണനാ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷകള്‍ പരിശോധിച്ചതിലാണ് 50,461 പേരെ സംസ്ഥാന അടിസ്ഥാനത്തില്‍ അര്‍ഹതയുള്ളതായി കണ്ടെത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ പല നിലപാടുകളും കേരളത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. എങ്കിലും ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്ന് ഭക്ഷ്യമന്ത്രി പറഞ്ഞു. റേഷന്‍ കാര്‍ഡ് ഉടമകളുടെയും റേഷന്‍ കാര്‍ഡ് അംഗങ്ങളുടെയും ആധാര്‍ ലിങ്കിംഗ് 100 ശതമാനം പൂര്‍ത്തിയാക്കിയ ആദ്യ സംസ്ഥാനം എന്ന പ്രഖ്യാപനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ഇതിന്റെ സര്‍ട്ടിഫിക്കറ്റ് ഓഫ് മെറിറ്റ് മുഖ്യമന്ത്രിയില്‍ നിന്ന് സിവില്‍ സപ്ലൈസ് കമ്മീഷണര്‍ ഡോ. ഡി സജീവ് ബാബു ഏറ്റുവാങ്ങി. മലപ്പുറം ജില്ലയില്‍ ആണ് ആധാര്‍ ലിങ്കിംങ്ങ് പ്രവര്‍ത്തി ആദ്യം പൂര്‍ത്തിയായത്. കേരള റേഷന്‍ വ്യാപാരികളുടെ ക്ഷേമനിധി ബോര്‍ഡിന്റെ ഔദ്യോഗിക വെബ് പോര്‍ട്ടല്‍ ഗതാഗതമന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് മുന്‍ഗണന നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച ഉദാഹരണമാണ് അരലക്ഷം പേര്‍ക്ക് മുന്‍ഗണനാ കാര്‍ഡുകള്‍ വിതരണം ചെയ്തതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പുതിയ പോര്‍ട്ടല്‍ നിലവില്‍ വന്നതോടെ വ്യാപാരികള്‍ക്ക് താലൂക്ക് സപ്ലൈ ഓഫീസില്‍ കയറിയിറങ്ങാതെ കാര്യങ്ങള്‍ സാധിക്കാനാകും. തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് ഉപയോഗിക്കാനും കഴിയും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാര്‍, റേഷനിംഗ് കണ്‍ട്രോളര്‍ മനോജ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.