നാല് വര്‍ഷത്തിനുള്ളില്‍ 500 വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിക്കും
തിരുവനന്തപുരം: ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും ഒരു ടൂറിസം കേന്ദ്രമെങ്കിലും വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ‘ഡെസ്റ്റിനേഷന്‍ ചലഞ്ച്’ പദ്ധതിക്ക് തുടക്കമായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ പ്രാദേശിക വിനോദസഞ്ചാര കേന്ദ്രങ്ങളെ ടൂറിസം ഡെസ്റ്റിനേഷനുകളാക്കി വളര്‍ത്തിയെടുക്കുന്ന പദ്ധതിയുടെ ഉദ്ഘാടനവും ‘ഡെസ്റ്റിനേഷന്‍ ചലഞ്ച്’ വെബ് പോര്‍ട്ടലിന്റെ സ്വിച്ച് ഓണും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന് തിരുവനന്തപുരത്ത് നിര്‍വ്വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പും വിനോദസഞ്ചാര വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ടൂറിസത്തിലൂടെ വരുമാന സ്രോതസ് കണ്ടെത്താന്‍ ഡെസ്റ്റിനേഷന്‍ ചലഞ്ച് പദ്ധതി സഹായിക്കുമെന്ന് മന്ത്രി എം.വി.ഗോവിന്ദന് പറഞ്ഞു. സേവനങ്ങള്‍ നല്‍കുന്നതിനൊപ്പം പുതിയ തലങ്ങളിലേക്കും തദ്ദേശ സ്ഥാപനങ്ങള്‍ വളരേണ്ടതുണ്ട്. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സമഗ്രമായ വളര്‍ച്ച സാധ്യമാക്കുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്ത് മുന്നോട്ടുപോകണം. പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും തൊഴില്‍ ദാതാക്കളാകുന്നതിനും സാമ്പത്തികസ്ഥിരത കൈവരിക്കുന്നതിനും അനുയോജ്യമായ മേഖലയാണ് ടൂറിസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡെസ്റ്റിനേഷന്‍ ചലഞ്ച് കേരള ടൂറിസത്തിന്റെ പുതിയ ചുവടുവയ്പ്പാണെന്നും പദ്ധതിയിലൂടെ നാല് വര്‍ഷത്തിനുള്ളില്‍ അഞ്ഞൂറോളം വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ചടങ്ങില്‍ അധ്യക്ഷനായിരുന്ന ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. വികസിപ്പിക്കുന്ന പ്രാദേശിക ഡെസ്റ്റിനേഷനുകളെ കോര്‍ത്തിണക്കിക്കൊണ്ട് ഓരോ ജില്ലയിലും പ്രാദേശിക ടൂറിസം സര്‍ക്യൂട്ടുകള്‍ വികസിപ്പിക്കുവാന്‍ സാധിക്കും. ഡെസ്റ്റിനേഷന്‍ ചാലഞ്ച് പദ്ധതി പ്രചരിപ്പിക്കുന്നതിനായുള്ള വിപണന കാമ്പയിനുകള്‍ ശക്തിപ്പെടുത്തും. 2022ലെ ആദ്യഘട്ടത്തില്‍ ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുള്ളതെന്നും ഏകദേശം 38 ലക്ഷത്തോളം പേരാണ് കേരളത്തിലെത്തിയതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മേയര്‍ ആര്യ രാജേന്ദ്രന്, ടൂറിസം ഡയറക്ടര്‍ വി.ആര്.കൃഷ്ണതേജ, പഞ്ചായത്ത് ഡയറക്ടര്‍ എച്ച്.ദിനേശന്, കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു എന്നിവര്‍ സംസാരിച്ചു.
ടൂറിസം വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായാണ് ഡെസ്റ്റിനേഷന്‍ ചലഞ്ചിനാവശ്യമായ ചെലവ് വഹിക്കുക. പദ്ധതിക്കായി സര്‍ക്കാര്‍ 50 കോടി രൂപയുടെ തത്വത്തിലുള്ള ഭരണാനുമതി നല്‍കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ ഡെസ്റ്റിനേഷനുകള്‍ ആക്കി മാറ്റാവുന്ന പ്രദേശങ്ങളെ സംബന്ധിച്ച നിര്‍ദേശങ്ങള്‍ ടൂറിസം വകുപ്പ് തയ്യാറാക്കിയിട്ടുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ സമര്‍പ്പിക്കും. പദ്ധതി തുകയുടെ 60 ശതമാനം (പരമാവധി 50 ലക്ഷം) തുക ടൂറിസം വകുപ്പ് വഹിക്കും. ബാക്കി തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തനത് ഫണ്ടില്‍ നിന്നോ സ്പോണ്‍സര്‍ഷിപ്പ് വഴിയോ വഹിക്കാവുന്നതാണ്.