ശംഖുമുഖം ഹരിത ടൂറിസം പദ്ധതിക്ക് തുടക്കമായി

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തില്‍ ഡി.റ്റി.പി.സി, നവകേരളം കര്‍മ്മ പദ്ധതി, ശുചിത്വമിഷന്‍, ഹരികേരളം മിഷന്‍, ക്ലീന്‍ കേരള കമ്പനി എന്നിവരുടെ സംയുക്ത സംരഭമായ ശംഖുമുഖം ഹരിത ടൂറിസം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ പൊതു വിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി മുഖ്യാതിഥിയായി.
മാലിന്യ സംസ്‌കരണ രംഗത്ത് വിദ്യാര്‍ഥികളുടെ പങ്കാളിത്തം ഉറപ്പാക്കി വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയാണ് ശംഖുമുഖം ഹരിത ടൂറിസം പദ്ധതി വഴി ഉദ്ദേശിക്കുന്നത്. ടൂറിസം കേന്ദ്രം അടക്കമുള്ള പ്രദേശങ്ങളില്‍ നമ്മുടെ കേരളത്തില്‍ എത്തിച്ചേരുന്ന വിനോദസഞ്ചാരികളില്‍ നല്ലൊരു പങ്ക് എത്തുന്നത് തിരുവനന്തപുരത്താണ്. അതുകൊണ്ട് തന്നെ നഗരത്തിന്റെ ശുചിത്വവും സൗന്ദര്യവും സൗകര്യങ്ങളും ലോകോത്തരമാകണം. അതിന് വേണ്ടിയുള്ള പദ്ധതികള്‍ വിവിധ വകുപ്പുകളുമായി ചേര്‍ന്നും സ്വന്തം നിലയ്ക്കും കോര്‍പറേഷന്‍ ആസൂത്രണം ചെയ്ത് നടപ്പാക്കി വരികയാണ്.