ഐടി രംഗത്ത് കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് വഴികാട്ടുന്നു: മന്ത്രി പി. രാജീവ്

കൊച്ചി: പല കാര്യങ്ങളിലും ഇന്ത്യക്ക് വഴികാട്ടിയ കേരളം ഐടി വ്യവസായത്തിന്റെ കാര്യത്തിലും മറ്റ് സംസ്ഥാനങ്ങള്‍ക്ക് വഴികാട്ടുകയാണെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കൊച്ചി ഇന്‍ഫോപാര്‍ക്ക് ഫേസ് രണ്ടില്‍ പുതിയ ഐടി സ്‌പേസുകളുടെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ആദ്യത്തെ ടെക്‌നോപാര്‍ക്ക് തിരുവനന്തപുരത്താണ് ആരംഭിച്ചത്. പിന്നീട് കൊച്ചിയില്‍ ഇന്‍ഫോ പാര്‍ക്ക് ആരംഭിച്ചു. രണ്ട് നഗരങ്ങളിലും ഐടി കമ്പനികള്‍ക്ക് സ്ഥലത്തിന്റെ ആവശ്യകതയുണ്ട്. ആ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നതിനുള്ള നടപടികളാണ് രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങളിലുളളത്. കൊഗ്‌നിസന്റ്, ടിസിഎസ്, ഐബിഎം തുടങ്ങിയ കമ്പനികള്‍ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്നു. ഐടിയുടെ ഇന്ത്യയിലെ പ്രധാന കേന്ദ്രമായി കൊച്ചി മാറിയിരിക്കുകയാണ്. ഈ സാധ്യത കണക്കിലെടുത്താണ് ഇവിടെ നിന്ന് രണ്ട് ഐടി ഇടനാഴികള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ പദ്ധതി തയാറാക്കിയിരിക്കുന്നത്. ചേര്‍ത്തലയിലേക്കും കൊരട്ടിയിലേക്കുമാണ് ഐടി ഇടനാഴികള്‍ ആരംഭിക്കുന്നത്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുളളവര്‍ക്ക് ഇവിടെ തന്നെ ജോലി ചെയ്യാന്‍ ഐടി രംഗത്തെ വികസനം അവസരമുണ്ടാകുന്നു. വേഗത്തില്‍ ബിസിനസ് ചെയ്യാന്‍ കഴിയുന്ന ഇടമായി കേരളം മാറിയിരിക്കുന്നു. ടാറ്റ എല്‍സിയുടെ 50% വര്‍ക്ക് ഫോഴ്‌സും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. ലോകോത്തര കമ്പനികള്‍ കേരളത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത് അഭിമാനകരമായ നേട്ടമാണെന്നും മന്ത്രി പറഞ്ഞു.