കലയുടെ മിഴാവുണര്‍ന്നു; ഏകത്വയ്ക്ക് അമ്പലപ്പുഴയില്‍ ഉജ്ജ്വല തുടക്കം

ആലപ്പുഴ: കുഞ്ചന്റെ മിഴാവുണര്‍ന്ന മണ്ണില്‍ ഏകത്വയുടെ അരങ്ങുണര്‍ന്നു. കേരള സര്‍വ്വകലാശാല യൂണിയന്‍ യുവജനോത്സവം ‘ഏകത്വക്ക് ‘ പ്രധാന വേദിയായ അമ്പലപ്പുഴ ഗവണ്‍മെന്റ് കോളേജില്‍ തുടക്കമായി. കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കേരള സര്‍വ്വകലാശാല യൂണിയന്‍ ചെയര്‍മാന്‍ എ. വിഷ്ണു അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.പി. മുഖ്യാതിഥിയായി. ചലച്ചിത്ര താരങ്ങളായ ടിനി ടോം, ആന്‍സണ്‍ പോള്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. കേരള സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ. (ഡോ) മോഹന്‍ കുന്നുമ്മല്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.
സ്വാഗതസംഘം ചെയര്‍മാനായ എച്ച്. സലാം എം.എല്‍.എ., കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങളായ അഡ്വ. കെ.എച്ച്. ബാബുജാന്‍, എസ്. സന്ദീപ് ലാല്‍, എ.അജികുമാര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് സ്റ്റുഡന്റ് സര്‍വീസസ് ഡയറക്ടര്‍ സിദ്ദിഖ്, കുഞ്ചന്‍ നമ്പ്യാര്‍സ്മാരക സമിതി വൈസ് ചെയര്‍മാന്‍ എ.ഓമനക്കുട്ടന്‍, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്, അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭ ബാലന്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എ.എ. അക്ഷയ്, കേരള സര്‍വ്വകലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറി എം. നസീം എന്നിവര്‍ സംസാരിച്ചു.
വേര്‍തിരിവുകളുടെ കാലത്ത് ഒരുമയുടെ കല എന്ന സന്ദേശത്തിലൂന്നിയാണ് കലോത്സവം നടക്കുന്നത്. കുഞ്ചന്‍ നമ്പ്യാര്‍, കുമാരനാശാന്‍, വയലാര്‍ രാമവര്‍മ്മ, തകഴി ശിവശങ്കരപ്പിള്ള, നെടുമുടി വേണു, കാവാലം നാരായണപ്പണിക്കര്‍, ഇന്നസെന്റ്, മാമുക്കോയ എന്നിവരുടെ പേരിലാണ് കലോത്സവ വേദികള്‍ ഒരുക്കിയിട്ടുള്ളത്. മെയ് ഒമ്പത് വരെ എട്ട് വേദികളിലായി നടക്കുന്ന കലോത്സവത്തില്‍ 117 ഇനങ്ങളിലായി അയ്യായിരത്തോളം വിദ്യാര്‍ത്ഥികള്‍ മത്സരിക്കും. ഉദ്ഘാടന ദിനത്തില്‍ വൈകിട്ട് തിരുവാതിര, മോഹിനിയാട്ടം, കഥകളി, ഗസല്‍ തുടങ്ങിയ മത്സരങ്ങളാണ് അരങ്ങേറിയത്. കലാപ്രതിഭ, കലാതിലകം എന്നിവയ്ക്ക് പുറമേ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനായി കലാരത്‌നം പുരസ്‌കാരവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

യുവജനോത്സവങ്ങള്‍ വേര്‍തിരിവുകളെ നിഷ്പ്രഭമാക്കും: മന്ത്രി പി. പ്രസാദ്

ആലപ്പുഴ: യുവജനോത്സവങ്ങള്‍ വേര്‍തിരിവുകളുടെ രാഷ്ട്രീയത്തെ നിഷ്പ്രഭമാക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. കേരള സര്‍വ്വകലാശാല യൂണിയന്‍ യുവജനോത്സവത്തിന്റെ ഉദ്ഘാടനം അമ്പലപ്പുഴയിലെ പ്രധാന വേദിയില്‍ നിര്‍വഹിച്ചു സംസാരിക്കുകയിരുന്നു മന്ത്രി. ഒരുമയുടെയും ഐക്യത്തിന്റെയും വേദിയായി ഏകത്വ മാറട്ടെയെന്ന് മന്ത്രി പറഞ്ഞു. കലയുടെയും സംസ്‌കാരത്തിന്റെ ഉജ്ജ്വലമായ ഭൂമികയാണ് അമ്പലപ്പുഴ. അധികാര കേന്ദ്രങ്ങള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തിയ കുഞ്ചന്‍ നമ്പ്യാരുടെ നാടാണിത്. ഇവിടെ കലയുടെയും യുവത്വത്തിന്റെയും ഏകത്വശബ്ദം ഉയരുന്നത് എല്ലാവരും കേള്‍ക്കണമെന്ന് മന്ത്രി പറഞ്ഞു. യുവാക്കള്‍ക്കു കല ആയിരിക്കണം ലഹരി എന്ന് വിശിഷ്ടാതിഥിയായ സിനിമ താരം ടിനി ടോം പറഞ്ഞു. ആരോഗ്യപരമായ മത്സരത്തിലൂടെ കലയെ വളര്‍ത്തിയെടുക്കാന്‍ മത്സരാര്‍ഥികള്‍ ശ്രദ്ധിക്കണം. കലയ്‌ക്കൊപ്പം വിദ്യാഭ്യാസത്തിനും വലിയ പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. സിനിമാതാരം ആന്‍സണ്‍ പോള്‍ ആശംസ അറിയിച്ച് സംസാരിച്ചു.

വര്‍ണാഭമായി സാംസ്‌കാരിക ഘോഷയാത്ര

ആലപ്പുഴ: അമ്പലപ്പുഴയില്‍ മെയ് അഞ്ചു മുതല്‍ ഒന്‍പത് വരെ നടക്കുന്ന കേരള സര്‍വകലാശാല യുവജനോത്സവത്തിന്റെ മാറ്റ് കൂട്ടി വര്‍ണശബളമായ സാംസ്‌കാരിക ഘോഷയാത്ര. വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി കെ.കെ. കുഞ്ചുപിള്ള ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര പ്രധാന വേദിയായ അമ്പലപ്പുഴ ഗവ: കോളേജില്‍ അവസാനിച്ചു. എ.എം.ആരിഫ് എം.പി., എച്. സലാം എം.എല്‍.എ. എന്നിവര്‍ ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു. ഘോഷയാത്രയില്‍ 500ല്‍ പരം വിദ്യാര്‍ഥികള്‍ അണിനിരന്നു. എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അമ്പലപ്പുഴ വീണ്ടുമൊരു യുവജനോത്സവത്തിനു വേദിയാകുന്നത്.
കേരള സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍ എ. വിഷ്ണു, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ എ. ഓമനക്കുട്ടന്‍, യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം കെ.എച്. ബാബുജാന്‍, യൂണിവേഴ്‌സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറി എം. നാസിം, സംഘാടക സമിതി അംഗങ്ങള്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.