കൊവിഡ് സ്‌പെഷ്യല്‍ സര്‍വീസുകള്‍ ഇനി മുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പുറമെ മറ്റ് അവശ്യ വിഭാഗങ്ങളില്‍ ഉള്ളവര്‍ക്ക് കൂടെ യാത്ര അനുവദിക്കും

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പുറമെ, പൊലീസ്, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പ്, കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ജീവനക്കാര്‍, ഉള്‍പ്പെടെയുള്ള അവശ്യ വിഭാഗങ്ങളിലായി പ്രഖ്യാപിച്ചിട്ടുള്ള മുഴുവന്‍ ജീവനക്കാര്‍ക്കും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിട്ടുള്ള വോളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ക്കും കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ സര്‍വ്വീസില്‍ യാത്ര ചെയ്യാനാകും

 

തിരുവനന്തപുരം:കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് നിലനില്‍ക്കുന്ന ലോക്ഡൗണിന്റെ ഭാഗമായി അവശ്യ വിഭാഗമായ ആരോഗ്യപ്രവര്‍ത്തര്‍ക്കായി കെഎസ്ആര്‍ടിസി നടത്തുന്ന സ്‌പെഷ്യല്‍ സര്‍വ്വീസുകളില്‍ ഇനി മുതല്‍ മറ്റ് അവശ്യ വിഭാഗങ്ങളില്‍ ഉള്ളവര്‍ക്ക് കൂടെ യാത്ര അനുവദിച്ച് കെഎസ്ആര്‍ടിസി് ഉത്തരവിട്ടു.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പുറമെ, പൊലീസ്, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പ്, കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ജീവനക്കാര്‍, ഉള്‍പ്പെടെയുള്ള അവശ്യ വിഭാഗങ്ങളിലായി പ്രഖ്യാപിച്ചിട്ടുള്ള മുഴുവന്‍ ജീവനക്കാര്‍ക്കും കൂടാതെ പോലീസ് ജില്ലാ ഭരണകൂടം തുടങ്ങിയവര്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിട്ടുള്ള വോളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ക്കും കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ സര്‍വ്വീസില്‍ യാത്ര ചെയ്യാനാകുമെന്നും സിഎംഡി അറിയിച്ചു.

കൊവിഡ് വ്യാപനത്തില്‍ മുന്നണി പോരാളികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മറ്റ് ജില്ലകളിലേക്ക് ദിവസേന ജോലിക്ക് പോകുന്നതിന് കഴിയാത്ത സാഹചര്യത്തില്‍ അവര്‍ക്ക് കൂടി യാത്രാ സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് കേരള പോലീസ് അസോസിയേഷന്‍ സിഎംഡിക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം