കൊച്ചി: കാസര്‍കോട്ടെ കേന്ദ്രസര്‍വകലാശാലയില്‍ ഇന്‍കുബേഷന്‍ സെന്റര്‍ ആരംഭിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൈകോര്‍ക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനും സിയുകെയും(സെന്‍ട്രല്‍ യൂണിവേഴ്സിറ്റ് ഓഫ് കേരളയും) തീരുമാനിച്ചു. ജൂണ്‍ രണ്ടാം വാരത്തില്‍ കാസര്‍കോഡ് നടന്ന റൂറല്‍ ഇന്ത്യ ബിസിനസ് കോണ്‍ക്ലേവിന്റെ ചുവടുപിടിച്ചാണ് ഈ സഹകരണം സാധ്യമായത്. ഇതു സംബന്ധിച്ച ധാരണാപത്രം ഉടന്‍ തയ്യാറാകും.
സ്റ്റാര്‍ട്ടപ്പുകളുടെ ഇന്‍കുബേഷനായി പ്രത്യേക കേന്ദ്രം സര്‍വകലാശാലയില്‍ ആരംഭിക്കുന്നതിന്റെ സാധ്യതകള്‍ ആരായും. സംസ്ഥാനത്തു നിന്നുള്ള വിജയകരമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്താനുള്ള സൗകര്യം ഒരുക്കും. അതു പോലെ സര്‍വകലാശാലയിലെ അക്കാദമിക് വിദഗ്ധര്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും വിദഗ്ധോപദേശം നല്‍കും. സ്റ്റാര്‍ട്ടപ്പുകളുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി സിയുകെയുടെ ലാബുകളും ലഭ്യമാക്കും. ഇതിനു പുറമെ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളെക്കുറിച്ച് വിശദമായ പഠനവും സിയുകെ നടത്താന്‍ ധാരണയായിട്ടുണ്ട്. മൂന്ന് ദിവസം നടന്ന ഉച്ചകോടിയ്ക്ക് ശേഷം കേന്ദ്രസര്‍വകലാശാല വൈസ്ചാന്സിലര് പ്രൊഫ. എച് വെങ്കിടേശ്വരലു, സിപിസിആര്‍ഐ ഡയറക്ടര്‍ അനിത കരുണ്‍, മലബാര്‍ ഏയ്ഞജല്‍ നെറ്റ് വര്‍ക്ക് സഹസ്ഥാപകന്‍ പി കെ ഗോപാലകൃഷ്ണന്, ഡോ. കെ ശ്രീനിവാസ്, കെഎസ്യുഎം പ്രൊജക്ട് ഡയറക്ടര്‍ റിയാസ് എംപി, ബിസിനസ് ഡെവലപ്മന്റ് കോഓര്‍ഡിനേറ്റര്‍ സയ്യിദ് സവാദ്, കാസര്‍കോട്ടെ നിക്ഷേപശേഷിയുള്ള വ്യക്തികള്‍ തുടങ്ങിയവര്‍ യോഗം ചേര്‍ന്നിരുന്നു. കാസര്‍കോട്ടു നിന്നും സ്റ്റാര്‍ട്ടപ്പുകളില്‍ ഏയ്ഞജല്‍ നിക്ഷേപം നടത്താന്‍ താത്പര്യമുള്ള വ്യക്തികളുടെ കൂട്ടായ്മയും ഉണ്ടാക്കിയിട്ടുണ്ട്. പുതിയ വിദ്യഭ്യാസ നയത്തിന്റെ ഭാഗമായി പ്രാദേശിക സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള സംവിധാനം സര്‍വകലാശാലയുടെ 28 വകുപ്പുകളിലും ഉണ്ടാക്കും.