കേരളം ഇന്നു ലോക മലയാളിയുടെ അഭിമാനം: മുഖ്യമന്ത്രി

ന്യൂയോര്‍ക്ക്: ലോകത്തിന്റെ എല്ലാ കോണിലുമുള്ള മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന നിലയിലേക്കു കേരളം വളരുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വതല സ്പര്‍ശിയും സാമൂഹ്യ നീതിലിയധിഷ്ഠിതമായും സര്‍ക്കാര്‍ കൊണ്ടുവരുന്ന വികസന പദ്ധതികള്‍ നാടിന്റെ സാമൂഹിക, സാമ്പത്തിക, വൈജ്ഞാനിക മേഖലകളില്‍ അഭൂതപൂര്‍വമായ മാറ്റമുണ്ടാക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തിന്റെ ഭാഗമായി ന്യൂയോര്‍ക്കിലെ ടൈം സ്‌ക്വയറില്‍ നടന്ന പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തോടുള്ള കരുതലും കാലത്തിനനുസൃതമായി കേരളം മുന്നേറണമെന്ന അഭിവാഞ്ചയുമുള്ളവരാണു ലോകമാകെയുള്ള മലയാളി പ്രവാസി സഹോദരങ്ങളെന്നു മുഖ്യമന്ത്രി പറഞ്ഞു. സുതാര്യവും ഉത്തരവാദിത്തമുള്ളതുമായ ഭരണനിര്‍വഹണത്തിലൂടെ എല്ലാ മേഖലകളിലും മുന്നേറ്റം നടത്തിയ ഏഴു വര്‍ഷങ്ങളാണു കടന്നുപോകുന്നത്. ഏഴു വര്‍ഷത്തിനു മുന്‍പു കേരളത്തിലെത്തിയ പ്രവാസി സഹോദരങ്ങള്‍ ഇപ്പോള്‍ കേരളത്തിലെത്തുമ്പോള്‍ കാണുന്ന കാഴ്ച മനസിന് ഏറെ സന്തോഷവും അഭിമാനവും പകരുന്നതാണ്.
വലിയ നിരാശയുടെ കാലമായിരുന്നു 2016നു മുന്‍പു കേരളത്തിലുണ്ടായിരുന്നത്. ഇവിടെ ഒന്നും നടക്കില്ലെന്ന ചിന്തയായിരുന്നു എല്ലാവരിലും. ദേശീയപാതവികസത്തിനായി എത്തിയ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (എന്‍.എച്ച്.എ.ഐ) ഓഫിസ് പൂട്ടി മടങ്ങേണ്ടിവന്നു. സ്ഥലമേറ്റെടുപ്പ് സ്തംഭിച്ചതായിരുന്നു കാരണം. ഗെയ്ല്‍ പൈപ്പ് ലൈന്‍ പദ്ധതിയിലും ഇതുതന്നെ സംഭവിച്ചു. ഇടമണ്‍ കൊച്ചി പവര്‍ ഹൈവേ പദ്ധതിക്കെത്തിയ നാഷണല്‍ പവര്‍ ഗ്രിഡ് കോര്‍പ്പറേഷനും ഓഫിസ് പൂട്ടി സ്ഥലം വിടേണ്ടിവന്നു. 2016നു ശേഷമെത്തിയ സര്‍ക്കാര്‍ ഇക്കാര്യങ്ങളെല്ലാം നടപ്പാക്കിയെന്നതു വസ്തുതയാണ്. ദേശീയപാതാ വികസനം യാഥാര്‍ഥ്യമാകുന്നു. ഗെയില്‍ പൈപ്പ് ലൈനിലൂടെ ഇന്നു വാതകം പ്രവഹിക്കുകയാണ്. ഇടമണ്‍ കൊച്ചി പവര്‍ ഹൈവേയിലൂടെ വൈദ്യുതിയും ഒഴുകുന്നു. 2016നു മുന്‍പുണ്ടായിരുന്ന അവസ്ഥ മാറി മലയാളികളായ എല്ലാവരുടേയും മനസില്‍ പ്രതീക്ഷയും പ്രത്യാശയും വന്നിരിക്കുന്നു. ഒന്നും നടക്കില്ലെന്ന ധാരണ മാറി ഇവിടെ ചിലതു നടക്കുമെന്ന ചിന്ത ഇപ്പോള്‍ ഉണ്ടായിരിക്കുന്നു.
തെരഞ്ഞെടുപ്പുസമയത്തു ജനങ്ങള്‍ക്കു മുന്നില്‍വയ്ക്കുന്ന വാഗ്ദാനങ്ങള്‍ അപ്പോള്‍ത്തന്നെ മറന്നുകളയുകയാണു മറ്റു പലരും ചെയ്യുന്നത്. എന്നാല്‍ കേരളത്തിലെ സര്‍ക്കാര്‍ തെരഞ്ഞെടുപ്പു പ്രകടനപത്രികയില്‍പറഞ്ഞ എല്ലാ കാര്യങ്ങളുംതന്നെ നടപ്പാക്കി. 600 വാഗ്ദാനങ്ങളായിരുന്നു പ്രകടനപത്രികയിലുണ്ടായിരുന്നത്. അതില്‍ 580ഉം നടപ്പാക്കി. ഓരോ വര്‍ഷവും ഇതിന്റെ പുരോഗതി പരിശോധിക്കാന്‍ പ്രോഗ്രസ് റിപ്പോര്‍ട്ടുകള്‍ ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ചാണ് അഞ്ചു വര്‍ഷവും കടന്നുപോയത്. അതോടെ ജനങ്ങള്‍ സര്‍ക്കാരിനൊപ്പം നിന്നു. കേരളത്തിന്റെ ചരിത്രം തിരുത്തി അവര്‍ തുടര്‍ഭരണവും നല്‍കി. ഈ സര്‍ക്കാരിന്റെ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനുള്ള പ്രോഗ്രസ് റിപ്പോര്‍ട്ടും പ്രസിദ്ധീകരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ ഒതുങ്ങി നില്‍ക്കുന്നതായിരുന്നില്ല സര്‍ക്കാരിന്റെ പ്രവര്‍ത്തനം. 2018ലെ മഹാ പ്രളയവും 2019ലെ അതിരൂക്ഷ കാലവര്‍ഷക്കെടുതിയും നാട് നേരിടേണ്ടിവന്നു. കേരളത്തെ നെഞ്ചേറ്റിയ രാഷ്ട്രങ്ങള്‍പോലും ഈ പ്രതിസന്ധി നാം എങ്ങനെ മറികടക്കുമെന്നു ചിന്തിക്കുന്ന സ്ഥിതിയുണ്ടായി. എല്ലാവരും ഒരേ മനസോടെ അതിജീവനത്തിനായി അണിനിരന്നു. ഒരുതരത്തിലും നാടിനെ പിന്നോട്ടടിപ്പിക്കാതെ, തകര്‍ന്നടിഞ്ഞു പോകുമെന്നു കരുതിയിടത്തുനിന്നു ശരിയായ വികസനത്തിലേക്കു നയിക്കാന്‍ കഴിഞ്ഞു.
വികസനത്തിന്റെ സ്വാദ് ഏതെങ്കിലും ഒരു പ്രദേശത്തുള്ളവരില്‍ മാത്രം ഒതുങ്ങരുതെന്നാണു കേരളത്തിലെ സര്‍ക്കാരിന്റെ കാഴ്ചപ്പാട്. വികസനത്തിന്റെ സ്വാദ് നുകരാന്‍ എല്ലാവര്‍ക്കും തുല്യ അവകാശമുണ്ടെന്ന നയത്തിലൂന്നിയാണു വികസന പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഇക്കഴിഞ്ഞ മേയ് 25നു രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഇഗവേണന്‍സ് സംസ്ഥാനമായി കേരളം മാറി. സംസ്ഥാന സര്‍ക്കാരില്‍നിന്നുള്ള 900ലധികം സേവനങ്ങള്‍ ഇപ്പോള്‍ ഓണ്‍ലൈനിലൂടെയാണു നല്‍കുന്നത്. രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണു കേരളം. അഴിമതി തീരെയില്ലാത്ത സംസ്ഥാനമെന്ന പേരു നേടാനുള്ള ശ്രമത്തിലാണ് നാം ഇപ്പോള്‍. അതിന് ഏറെ സഹായകമായ ഒന്നാകും ഇഗവേണന്‍സ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുതന്ന ഇന്റര്‍നെറ്റ് പൗരന്റെ അവകാശമായി കേരളം പ്രഖ്യാപിച്ചിരുന്നു. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണു കെഫോണ്‍ നടപ്പാക്കിയത്. പബ്ലിക് ഓഫിസുകളിലും വീടുകളിലും ഇന്റര്‍നെറ്റ് ലഭ്യമാക്കുകയെന്നതാണു പദ്ധതിയുടെ ലക്ഷ്യം. ഇതിനു പുറമേ 2,000 പബ്ലിക് വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ സ്ഥാപിച്ചു. 2000 ഹോട്ട് സ്‌പോട്ടുകള്‍കൂടി ഉടന്‍ സ്ഥാപിക്കും.
കഴിഞ്ഞ ഏഴു വര്‍ഷംകൊണ്ട്, ഭവനരഹിതരായ 3.7 ലക്ഷം പേര്‍ക്കു സ്വന്തമായി വീടു നല്‍കി. ഭൂരഹിതരായ മൂന്നു ലക്ഷം പേര്‍ക്കു പട്ടയം നല്‍കി. 3.5 ലക്ഷം കുടുബങ്ങള്‍ക്കു മുന്‍ഗണനാ റേഷന്‍ കാര്‍ഡ് നല്‍കി. അതിദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള നടപടികള്‍ അതിവേഗത്തില്‍ പുരോഗമിക്കുന്നു. സംസ്ഥാനത്ത് ആകെ ജനസംഖ്യയുടെ 0.7 ശതമാനം പേര്‍ അതിദരിദ്രരാണെന്നാണു നീതി ആയോഗിന്റെ കണക്ക്. 64,006 കുടുംബങ്ങളാണ് പരമ ദരിദ്രാവസ്ഥയിലുള്ളത്. 2025 നവംബര്‍ ഒന്നാകുമ്പോള്‍ സംസ്ഥാനത്തെ പരമദരിദ്രരില്ലാത്ത നാടാക്കി മാറ്റാനുള്ള നടപടികളാണു സ്വീകരിക്കുന്നത്. ഇക്കാര്യത്തില്‍ പ്രവാസികള്‍ക്കും വലിയതോതില്‍ സഹായിക്കാവുന്നതാണ്.
2,70,000 നിയമനങ്ങള്‍ ഇക്കാലയളവില്‍ പി.എസ്.സി. മുഖേന നടത്തി. 30,000 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. 1600 രൂപ വീതം സാമൂഹ്യക്ഷേമ പെന്‍ഷനായി നല്‍കുന്നു. ഇതു രാജ്യത്തുതന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. 63 ലക്ഷം പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്. സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ 600 രൂപയായിരുന്നു സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍. ഇതാണു വര്‍ധിപ്പിച്ച് 1,600ല്‍ എത്തിച്ചത്. ഇത് ഇവിടെയും നില്‍ക്കില്ല. കാലാനുസൃതമായ വര്‍ധന വേണ്ടിവരുമെന്നുതന്നെയാണു സര്‍ക്കാര്‍ കാണുന്നത്. 43 ലക്ഷം കുടുംബങ്ങള്‍ക്കു ഹെല്‍ത്ത് ഇന്‍ഷ്വറന്‍ നല്‍കുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളുമായിട്ടുള്ള 30 ലക്ഷത്തോളം പേര്‍ക്ക് മെഡിസെപ് വഴി ആരോഗ്യ പരിരക്ഷ നല്‍കുന്നു. രാജ്യത്തു മറ്റൊരിടത്തും ഇങ്ങനെയൊരു പദ്ധതിയില്ല.
രാജ്യത്തെ ആദ്യ സൂപ്പര്‍ ഫാബ്, രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സര്‍വകലാശാല, രാജ്യത്തെ ആദ്യ ഗ്രാഫിന്‍ സെന്റര്‍, ആദ്യ വാട്ടര്‍ മെട്രോ എന്നിവ കേരളത്തിലാണ്. രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സയന്‍സ്പാര്‍ക്കിനു ശിലയിട്ടു. രാജ്യത്തെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റമുള്ളതും കേരളത്തിലാണ്. കേരളത്തിന്റെ വ്യാവസായിക സൗഹൃദാന്തരീക്ഷം വര്‍ധിച്ചിരിക്കുന്നു. ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കാന്‍ തീരുമാനിച്ച പദ്ധതി വഴി 1.40 ലക്ഷം സംരംഭങ്ങള്‍ തുടങ്ങി. ഇതു കേരളത്തിന്റെ പുതിയ മാറ്റമാണു കാണിക്കുന്നത്. ഐടി മേഖലയില്‍ പുതിയ ഒട്ടേറെ സ്ഥാപനങ്ങള്‍ വരാന്‍ സന്നദ്ധമായിരിക്കുന്നു.
തൊഴിലില്ലായ്മ നിരക്കിലും വലിയ കുറവുണ്ടാക്കാന്‍ കഴിഞ്ഞു. 2016ല്‍ 12 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക. ഇന്നത് അഞ്ചു ശതമാനമായി കുറഞ്ഞു. പൊതുവിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാനസൗകര്യ വികസനത്തിനും ആധുനികവത്കരണത്തിനുമായി 3,800 കോടി രൂപയാണ് കഴിഞ്ഞ ആറു വര്‍ഷംകൊണ്ടു ചെലവാക്കിയത്. ആരോഗ്യ മേഖലയില്‍ 19,000 കോടി രൂപ ചെലവഴിച്ചു. തീരദേശ, മലയോര ഹൈവേകളുടെ നിര്‍മാണ നടപടികള്‍ പുരോഗമിക്കുന്നു. തീരദേശ ഹൈവേയ്ക്ക് 6,500 കോടി രൂപയും മലയോര ഹൈവേയ്ക്ക് 3,500 കോടി രൂപയ്ക്കും വേണ്ടിവരും. സംസ്ഥാനമാണ് ഇതിന്റെ പൂര്‍ണ ചെലവു വഹിക്കുന്നത്. യാത്രയ്ക്കു വലിയ തടസങ്ങള്‍ ഇപ്പോള്‍ കേരളത്തിലില്ല. അരിക്കൊമ്പനെ കൊണ്ടുപോകുമ്പോള്‍ മലയോര റോഡിന്റെ ഭംഗികണ്ട് ആളുകള്‍ പ്രശംസിക്കുന്ന അവസ്ഥയാണുണ്ടായത് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കേരളം മുന്നേറണമെന്ന പ്രവാസി സഹോദരങ്ങളുടെ അതിയായ ആഗ്രഹത്തിന്റെ പ്രകടനമാണ് ലോക കേരള സഭയുടെ മേഖലാ സമ്മേളനങ്ങളില്‍ കണ്ടതെന്നു മുഖ്യമന്ത്രി പറഞ്ഞു. അമേരിക്കയില്‍ സംഘടിപ്പിച്ച മേഖലാ സമ്മേളനം വിജയകരമായിരുന്നു. എല്ലാവര്‍ക്കും ആവേശവും ശുഭപ്രതീക്ഷയും പകരുംവിധത്തിലാണു സമ്മേളനം നടന്നത്. മേഖലാ സമ്മേളനം വിജയിപ്പിച്ചതില്‍ നാട് അങ്ങേയറ്റം സന്തോഷിക്കുന്നതായും അക്കാര്യം നാടിനുവേണ്ടി പങ്കുവയ്ക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.