‘ലക്കി ബില്‍’ ആപ്പ് ഹിറ്റ്; ആദ്യ മൂന്നു ദിവസങ്ങളില്‍ തന്നെ 13,429 ബില്ലുകള്‍ അപ്‌ലോഡ് ചെയ്തു

തിരുവനന്തപുരം: സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് പുറത്തിറക്കിയ ലക്കി ബില്‍ മൊബൈല്‍ ആപ്പിന് മികച്ച പ്രതികരണം. ആദ്യ മൂന്ന് ദിവസം കൊണ്ട് തന്നെ 13,429 ബില്ലുകളാണ് ആപ്പില്‍ അപ്ലോഡ് ചെയ്യപ്പെട്ടത്.
ആപ്പില്‍ ബില്ലുകള്‍ അപ്ലോഡ് ചെയ്തവര്‍ക്കുള്ള പ്രതിദിന നറുക്കെടുപ്പിലെ വിജയികളായവരുടെ വിവരങ്ങള്‍ ചരക്ക് സേവന നികുതി വകുപ്പ് ഫെയ്സ്ബുക്ക് പേജിലും വെബ്സൈറ്റിലും ലഭ്യമാണ്. ആപ്പ് നോട്ടിഫിക്കേഷനായും അറിയിപ്പ് ലഭിക്കും. പ്രതിദിന നറുക്കെടുപ്പിലെ വിജയികള്‍ക്ക് കുടുംബശ്രീ നല്‍കുന്ന 1000 രൂപയുടെ ഗിഫ്റ്റ് പാക്കറ്റ് 25 പേര്‍ക്കും, വനശ്രീ നല്‍കുന്ന 1000 രൂപയുടെ ഗിഫ്റ്റ് പാക്കറ്റ് 25 പേര്‍ക്കും ലഭിക്കും. ഗിഫ്റ്റ് പാക്കറ്റുകള്‍ മൊബൈല്‍ ആപ്പില്‍ നല്‍കിയിരിക്കുന്ന വിലാസത്തിലേക്ക് അയച്ച് നല്‍കും.


ബില്ലുകള്‍ അപ്ലോഡ് ചെയ്യുന്ന ഉപയോക്താക്കള്‍ ബില്ലിലെ വിവരങ്ങളും, മൊബൈല്‍ ആപ്പ് സ്വയം ബില്ലില്‍ നിന്ന് ശേഖരിക്കുന്ന വിവരങ്ങളായ ജി.എസ്.ടി നമ്പര്‍, ബില്‍ തീയതി, ബില്‍ നമ്പര്‍, ബില്‍ തുക എന്നിവ ഒത്ത് നോക്കി ശരിയയാണെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ ബില്ലുകള്‍ സമര്‍പ്പിക്കാവു. ആപ്പ് സ്വമേധയാ ശേഖരിക്കുന്ന വിവരങ്ങളില്‍ തെറ്റുണ്ടെങ്കില്‍ വിവരങ്ങള്‍ തിരുത്തി സമര്‍പ്പിക്കണം. ആപ്പിലെ ബില്‍ വിവരങ്ങളും ഒപ്പം സമര്‍പ്പിക്കുന്ന ബില്ലിലെ വിവരങ്ങളും വ്യത്യസ്തമാണെകില്‍ തെറ്റായ ബില്ലുകള്‍ നറുക്കെടുപ്പില്‍ നിന്ന് ഒഴിവാക്കും.
പ്രതിവാര നറുക്കെടുപ്പിലൂടെ കെ.ടി.ഡി.സി യുടെ 3 പകല്‍/ 2 രാത്രി വരുന്ന സൗജന്യ ഫാമിലി താമസസൗകര്യം 25 പേര്‍ക്ക് ലഭിക്കും. പ്രതി മാസ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടുന്ന ആള്‍ക്ക് 10 ലക്ഷം രൂപയും, രണ്ടാം സമ്മാനം 2 ലക്ഷം രൂപ വീതം 5 പേര്‍ക്കും, മൂന്നാം സമ്മാനം 1 ലക്ഷം രൂപ വീതം 5 പേര്‍ക്ക് ലഭിക്കും, ബമ്പര്‍ സമ്മാന വിജയിക്ക് 25 ലക്ഷം രൂപയുമാണ് മറ്റ് സമ്മാനങ്ങള്‍ . പ്രതിവര്‍ഷം 5 കോടി രൂപയുടെ സമ്മാനങ്ങളാണ് ലക്കി ബില്‍ ആപ്പ് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നത്.
പൊതുജനങ്ങള്‍ വാങ്ങുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ബില്ലുകള്‍ നേരിട്ട് വകുപ്പിന് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ലക്കി ബില്‍ ആപ്പ് പുറത്തിറക്കിയത്. ഗൂഗിള്‍ പ്‌ളേസ്റ്റോറില്‍ നിന്നും സംസ്ഥാന ചരക്ക് സേവന നികുതി വെബ്സൈറ്റായ www.keralataxes.gov.in നിന്നും ലക്കി ബില്‍ മൊബൈല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാം.