കണികണ്ടുണര്‍ന്ന് മലയാളികള്‍;  വിഷുവിനെ വരവേറ്റ് കേരളക്കര

കണിക്കൊന്ന, കോടിമുണ്ട്, അഷ്ടമംഗല്യവും, വാല്‍ കണ്ണാടിയും, തേച്ചൊരുക്കിയ ഓട്ടുരുളിയില്‍ കാര്‍ഷിക സമൃദ്ധിയുടെ അടയാളങ്ങളായി അരിയും പഴ, പച്ചക്കറി വര്‍ഗങ്ങളും ഒരുക്കി വെക്കും. കണിവെള്ളരി മഹാവിഷ്ണുവിന്റെ മുഖവും കൊന്നപ്പൂ കിരീടവും വാല്‍ക്കണ്ണാടി മനസുമാണെന്നാണ് വിശ്വാസം.

തിരുവനന്തപുരം: ഐശ്വര്യത്തിന്റേയും കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മകള്‍ പുതുക്കി മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു. വിഷു കണിയൊരുക്കിയും കൈനീട്ടം നല്‍കിയും കോടിയുടുത്തും വിഷു ആഘോഷത്തിലാണ് കേരളക്കര. വിഷു എന്നാല്‍ തുല്യമായത് എന്നാണ് അര്‍ത്ഥമാക്കുന്നത്. കണിക്കൊന്ന, കോടിമുണ്ട്, അഷ്ടമംഗല്യവും, വാല്‍ കണ്ണാടിയും, തേച്ചൊരുക്കിയ ഓട്ടുരുളിയില്‍ കാര്‍ഷിക സമൃദ്ധിയുടെ അടയാളങ്ങളായി അരിയും പഴ, പച്ചക്കറി വര്‍ഗങ്ങളും ഒരുക്കി വെക്കും. കണിവെള്ളരി മഹാവിഷ്ണുവിന്റെ മുഖവും കൊന്നപ്പൂ കിരീടവും വാല്‍ക്കണ്ണാടി മനസുമാണെന്നാണ് വിശ്വാസം

കേരളത്തില്‍ തന്നെ പലയിടത്തും വിഷു ആഘോഷങ്ങളിലും ആചാരങ്ങളിലും വ്യത്യാസമുണ്ട്. വിഷുവിന് ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങള്‍ അടുത്ത ഒരു കൊല്ലക്കാലം നില്‍ക്കും എന്നാണ് വിശ്വാസം. വിഷു ദിനത്തിന്റെ പ്രധാന പ്രത്യേകത കണിയാണ്. ഓട്ടുരുളിയെ പ്രപഞ്ചത്തോട് ചേര്‍ത്ത് വെക്കുന്നതാണ് സങ്കല്‍പം.കാര്‍ഷിക പാരമ്പര്യവുമായും ഹൈന്ദവ വിശ്വാസവുമായും ബന്ധപ്പെട്ട് നില്‍ക്കുന്ന ആഘോഷമാണ് വിഷു. വൈഷവം എന്ന വാക്കില്‍ നിന്നാണ് വിഷു എന്ന പദമുണ്ടാകുന്നത്. ബ്രാഹ്മ മുഹൂര്‍ത്തത്തിലാണ് കണികാണാന്‍. ഉദയത്തിന് മുന്‍പ് വിഷുക്കണി കാണണം എന്നാണ് പറയപ്പെടുന്നത്

മുഖ്യമന്ത്രി പിണറായി വിജയന്റെ വിഷു ആശംസ

സമ്പന്നമായ നമ്മുടെ കാർഷിക സംസ്കാരത്തിന്റെ ഓർമ്മപ്പെടുത്തലാണ് വിഷു. ഐശ്വര്യപൂർണ്ണമായ നല്ലൊരു നാളയെ വരവേൽക്കുന്നതിനുള്ള വിഷു ആഘോഷങ്ങളിൽ മലയാളികൾ ഒത്തൊരുമയോടെ പങ്കെടുക്കുകയാണ്. ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാർഷിക സംസ്കാരത്തെ തിരിച്ചുപിടിക്കേണ്ടതുണ്ട്. ഈ വർഷത്തെ വിഷുവിന്റെ സന്ദേശം അതിനുള്ള ശക്തി പകരട്ടെ.

ഒത്തൊരുമയുടെ സന്ദേശം വിളിച്ചോതുന്നതാണ് ഏതൊരാഘോഷവും. വർഗ്ഗീയതയും വിഭാഗീയതയും പറഞ്ഞു നമ്മെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന പ്രതിലോമശക്തികളെ കരുതിയിരിക്കേണ്ടതുണ്ട്. ഉന്നതമായ മനുഷ്യസ്നേഹത്തിലൂന്നിയ ഐക്യം കൊണ്ട് ഈ ശക്തികൾക്ക് മറുപടി നൽകാൻ നമുക്ക് സാധിക്കണം. സമത്വവും സാഹോദര്യവും പുലരുന്ന നല്ലകാലത്തെ വരവേൽക്കാൻ നമുക്കൊരുമിച്ചു നിൽക്കാം. എല്ലാവർക്കും സ്നേഹം നിറഞ്ഞ വിഷു ആശംസകൾ

വിഷു ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ്

ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള എല്ലാ മലയാളികൾക്കും ഐശ്വര്യ സമൃദ്ധമായ വിഷു ആശംസകൾ നേരുന്നു. വിഷുക്കണിയും, വിഷു കൈനീട്ടവും എല്ലാം ചേർന്ന് ഗൃഹാതുരമായ ഓർമ്മകളാൽ സമ്പന്നമാണ് നമ്മുടെയെല്ലാം വിഷു ആഘോഷങ്ങൾ.

പ്രതിസന്ധികളിൽ നിന്നും കരകയറാനുള്ള ഊർജവും പ്രതീക്ഷയും നൽകുന്നതാകട്ടെ, നിങ്ങൾക്ക് ഓരോരുത്തർക്കും ഇത്തവണത്തെ വിഷു. ഹൃദ്യമായ വിഷു ആശംസകൾ.

നിയമസഭാ സ്പീക്കർ എ എൻ ഷംസീറിന്റെ വിഷു സന്ദേശം

കാർഷിക കേരളമതിന്റെ വിളകളേയും സമൃദ്ധമായ വിളവെടുപ്പുകളേയുമാണ് കണി കാണുന്നത്. ഐശ്വര്യത്തേയും സമൃദ്ധിയേയും എല്ലാവരും ഒന്നുചേർന്ന് വരവേൽക്കുന്നു. സമഭാവനയും സ്നേഹവും സാഹോദര്യവും പുലരുമ്പോഴാണ് ഐശ്വര്യവും സമൃദ്ധിയും അർത്ഥപൂർണമാകുന്നത്. അത്തരത്തിൽ അർത്ഥപൂർണമായ വിഷു ആശംസിക്കുന്നു.