‘സീ അഷ്ടമുടി’ ടൂറിസം ബോട്ട് സര്‍വീസ് കൊല്ലത്തിന് സമർപ്പിച്ച് മന്ത്രി കെ.എൻ ബാലഗോപാൽ

ജലഗതാഗത വകുപ്പുമായി ബന്ധപ്പെട്ട് നൂതന പദ്ധതികൾ ആവിഷ്കരിക്കും. ഇതിനായി ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. ജലഗതാഗതത്തിന്‍റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിലൂടെ സംസ്ഥാനത്തിന്റെ ടൂറിസം ഭൂപടത്തിൽ ജില്ല നിർണായക സ്ഥാനം നേടുമെന്നും മന്ത്രി കെ.എൻ.ബാലഗോപാൽ

കൊല്ലം: ജില്ലയുടെ വിനോദസഞ്ചാരസാധ്യതകൾ വർധിപ്പിക്കുന്നതിന് കായൽ ടൂറിസം പ്രോത്സാഹിപ്പിക്കുമെന്ന് കെ എൻ ബാലഗോപാൽ.

സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ‘സീ അഷ്ടമുടി’ ടൂറിസം ബോട്ട് സര്‍വീസ് ഉദ്ഘാടനം കൊല്ലം ബോട്ട് ജെട്ടിക്ക് സമീപം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ജലഗതാഗത വകുപ്പുമായി ബന്ധപ്പെട്ട് നൂതന പദ്ധതികൾ ആവിഷ്കരിക്കും. ഇതിനായി ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. ജലഗതാഗതത്തിന്‍റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിലൂടെ സംസ്ഥാനത്തിന്റെ ടൂറിസം ഭൂപടത്തിൽ ജില്ല നിർണായക സ്ഥാനം നേടുമെന്നും മന്ത്രി പറഞ്ഞു.

ഗതാഗതമന്ത്രി ആന്റണി രാജു അധ്യക്ഷനായി. എം മുകേഷ് എം എല്‍ എ മുഖ്യാതിഥിയായി. സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍, വാര്‍ഡ് കൗണ്‍സിലര്‍ ഹണി ബെഞ്ചമിന്‍, ജലഗതാഗത വകുപ്പ് ഡയറക്ടര്‍ ഷാജി വി നായര്‍, ട്രാഫിക് സൂപ്രണ്ട് സുജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

കൊല്ലം സ്റ്റേഷനില്‍ നിന്നും രാവിലെ 11.30 ന് ആരംഭിച്ച് അഷ്ടമുടി, പെരിങ്ങാലം, പേഴുംതുരുത്ത് വഴി സാമ്പ്രാണിക്കൊടിയിലെത്തി ഒരു മണിക്കൂര്‍ സമയം ദ്വീപ് സന്ദര്‍ശിക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തി വൈകിട്ട് 4.30ന് തിരിച്ചെത്തുന്ന രീതിയില്‍ അഞ്ചു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള യാത്രയാണ് ഒരുക്കിയിരിക്കുന്നത്. അപ്പര്‍ ഡെക്കില്‍ 500 രൂപയും ലോവര്‍ ഡെക്കില്‍ 400 രൂപയുമാണ് ടിക്കറ്റ് നിരക്ക്. കുടുംബശ്രീ യൂണിറ്റുകള്‍ മുഖാന്തിരം ലഘു ഭക്ഷണശാലയും സജ്ജമാക്കിയിട്ടുണ്ട്. ബുക്കിങ്ങിനായി 9400050390 നമ്പറില്‍ ബന്ധപ്പെടാം.