ഒ എന്‍ വി സ്മൃതിയില്‍ പ്രധാന വേദി മന്ത്രി വി ശിവന്‍കുട്ടി കലോത്സവത്തിന് സമര്‍പ്പിച്ചു 

60000 ചതുരശ്ര അടി വലിപ്പത്തിലാണ് പന്തലിന്റെ നിര്‍മാണം. ഒരേ സമയത്ത് 10,000 കസേരകള്‍ ക്രമീകരിക്കാവുന്ന രീതിലാണ് സജ്ജീകരണം.

വർത്തമാനം ബ്യുറോ

കൊല്ലം: അഞ്ച് ദിനരാത്രങ്ങള്‍ കലയുടെ കേളികൊട്ടുയരുന്ന ആശ്രാമത്തെ പ്രധാന കലോത്സവ വേദി മന്ത്രി വി ശിവന്‍കുട്ടി കലോത്സവത്തിനായി സമര്‍പ്പിച്ചു. കവി ഒ എന്‍ വി കുറുപ്പിന്റെ നാമകരണത്തിലുള്ള വേദിയും പന്തലുമാണ് മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തത്. കക്ഷി രാഷ്ട്രീയ ഭേദമന്യേ ഏവരുടെയും സഹകരണം സജീവമാണെന്നും പന്തലിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു. പന്തല്‍ ആന്‍ഡ് സ്റ്റേജ് കമ്മിറ്റി ചെയര്‍മാന്‍ റ്റി ജി ഗിരീഷ് അധ്യക്ഷനായി.

60000 ചതുരശ്ര അടി വലിപ്പത്തിലാണ് പന്തലിന്റെ നിര്‍മാണം. ഒരേ സമയത്ത് 10,000 കസേരകള്‍ ക്രമീകരിക്കാവുന്ന രീതിലാണ് സജ്ജീകരണം. 25 വര്‍ഷമായി സ്‌കൂള്‍ കലോത്സവത്തിന് സ്റ്റേജും പന്തലും ഒരുക്കുന്ന തൃശ്ശൂര്‍ സ്വദേശി ഉമ്മര്‍ ആണ് ഇത്തവണയും പന്തല്‍ ഒരുക്കുന്നത്. കോര്‍പ്പറേഷന്‍ മേയര്‍ പ്രസന്ന ഏണസ്റ്റ്, എംഎല്‍എമാരായ എം മുകേഷ്, എം നൗഷാദ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് ഐ എ എസ് , കെഎസ്എഫ്ഇ ചെയര്‍മാന്‍ വരദരാജന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എക്‌സ് ഏണസ്റ്റ്, പന്തല്‍ ആന്‍ഡ് സ്റ്റേജ് കമ്മിറ്റി കണ്‍വീനര്‍ പി എസ് ഗോപകുമാര്‍, സംഘാടകസമിതി അംഗങ്ങള്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്കുള്ള സ്വര്‍ണക്കപ്പ് ജനുവരി മൂന്നിന് ഉച്ചകഴിഞ്ഞ് കൊട്ടാരക്കരയിലെ കുളക്കടയില്‍ മന്ത്രിമാരായ മന്ത്രി കെ എന്‍ ബാലഗോപാല്‍, ജെ ചിഞ്ചുറാണി, കെ ബി ഗണേഷ് കുമാര്‍, മേയര്‍ പ്രസന്ന ഏര്‍ണസ്റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍, സംസ്ഥാന കലോത്സവ സംഘാടന സമിതി-വിവിധ സബ് കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിക്കും.