സമുദ്രോല്പന്ന കയറ്റുമതി വികസന അതോറിറ്റി ജൂബിലി ആഘോഷത്തിന്റെ നിറവില്‍

ആഘോഷ പരിപാടികളുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി
അനുപ്രിയ പട്ടേല്‍ ബുധനാഴ്ച നിര്‍വഹിക്കും.

കൊച്ചി: രാജ്യത്തെ സമുദ്രോല്പന്നങ്ങളുടെ കയറ്റുമതി നോഡല്‍ ഏജന്‍സിയായ സമുദ്രോല്പന്ന വികസന കയറ്റുമതി അതോറിറ്റി(എംപിഇഡിഎ) അമ്പതാം വാര്‍ഷികത്തിന്റെ നിറവില്‍. സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ കേന്ദ്ര വാണിജ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ ബുധനാഴ്ച കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യും. സമുദ്രോല്പന്ന വ്യവസായത്തിലും മത്സ്യോത്പാദനത്തിലും രാജ്യത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ആധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതില്‍ എംപിഇഡിഎക്കുള്ള പങ്ക് വളരെ വലുതാണ്.
കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പിന് കീഴില്‍ 1972 ലാണ് എംപിഇഡിഎ രൂപം കൊണ്ടത്. അന്ന് 35,523 ടണ്‍ സമുദ്രോത്്പന്നമാണ് കയറ്റുമതി ചെയ്തതെങ്കില്‍ ഇന്നത് 1.4 ദശലക്ഷം ടണ്ണാണ്്. ലോകത്തിലെ ഏറ്റവും ഡിമാന്റുള്ള സമുദ്രോത്പന്നങ്ങളിലൊന്നായി ഇന്ത്യയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ മാറിക്കഴിഞ്ഞു.
ബുധനാഴ്ച വൈകീട്ട് 5 മണിക്ക് കൊച്ചിയിലെ ഗ്രാന്റ് ഹയാത്ത്് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി ആഘോഷപരിപാടികള്‍ക്ക് തുടക്കമിടും. എംപിഇഡിഎ നല്‍കുന്ന കയറ്റുമതി പുരസ്‌ക്കാരങ്ങളും സുവര്‍ണ ജൂബിലി മറൈന്‍ ക്വെസ്റ്റ് 2022 ചാമ്പ്യന്‍സ് ട്രോഫിയും ചടങ്ങില്‍ മന്ത്രി വിതരണം ചെയ്യും.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നടക്കുന്ന പരിപാടിയില്‍ കേന്ദ്ര വാണിജ്യമന്ത്രാലയ ജോയിന്റ് സെക്രട്ടറി ദിവാകര്‍നാഥ് മിശ്ര, എംപിഇഡിഎ മുന്‍ ചെയര്‍മാനും പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന ടി കെ എ നായര്‍, കെഎസ്‌ഐഡിസി ചെയര്‍മാനും മുന്‍ കേരള ചീഫ് സെക്രട്ടറിയുമായ പോള്‍ ആന്റണി, സീഫുഡ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് ജഗദീഷ് ഫൊഫാന്‍ഡി മുതലായവര്‍ പങ്കെടുക്കും.
രാജ്യമൊട്ടാകെയുള്ള സമുദ്രോത്പന്ന- മത്സ്യക്കൃഷി മേഖലയില്‍ സുസ്ഥിര നടപടികളും ഗുണമേ•യും ഉറപ്പു വരുത്തുന്ന ശൃംഘല രൂപീകരിക്കുന്നതിനുള്ള തീവ്രശ്രമം നടന്നു വരികയാണെന്ന് എംപിഇഡിഎ ചെയര്‍മാന്‍ ദൊഡ്ഡ വെങ്കിട സ്വാമി പറഞ്ഞു. ഇതോടൊപ്പം മത്സ്യബന്ധനം, മൂല്യവര്‍ധിത ഉത്പന്നങ്ങള്‍, വിപണി വിപുലീകരണം എന്നിവയിലെ നാഴികക്കല്ലുകള്‍ ഒന്നൊന്നായി കടന്നു വരികയാണ്.
രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഇന്ത്യ ഇന്റര്‍നാഷണല്‍ സീഫുഡ് ഷോയ്ക്ക് എംപിഇഡിഎ ആതിഥേയത്വം വഹിക്കാനൊരുങ്ങുകയാണ്. കൊല്‍ക്കത്തയില്‍ 2023 ഫെബ്രുവരിയില്‍ നടക്കുന്ന ഈ മേള ഇന്ത്യയിലെ കയറ്റുമതി വ്യവസായവും വിദേശ ഇറക്കുമതിക്കാരുമായുള്ള ആശയവിനിമയത്തിന്റെ ഉത്തമവേദിയായി മാറും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 20 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ സമുദ്രോത്പന്നം കയറ്റുമതി ചെയ്യുകയെന്ന ലക്ഷ്യം എംപിഇഡിഎ മുന്നോട്ടു വച്ചിട്ടുണ്ട്. ഓരോ വര്‍ഷവും 15 ശതമാനം കയറ്റുമതി വളര്‍ച്ചയും ഇതിനാവശ്യമാണ്. ഈ വളര്‍ച്ച കൂട്ടാനും നിലനിറുത്താനുമുള്ള നടപടികള്‍ എടുത്താല്‍ മാത്രമേ ലക്ഷ്യം നേടാനാകൂ എന്നും ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി.
ഇത് നേടുന്നതിന് ഇന്ത്യയില്‍ നിന്നുള്ള 90 ശതമാനം സമുദ്രോത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന 20 വിപണി തെരഞ്ഞെടുക്കാനാണ് എംപിഇഡിഎയുടെ പദ്ധതി. ഇവിടെക്കുള്ള കയറ്റുമതിയുടെ അളവും വിപണിയിലെ രീതികളും മനസിലാക്കുന്നതിനുവേണ്ടി 20 ഓഫീസര്‍മാരെയും നിയമിക്കും. കയറ്റുമതിക്കാര്‍ക്ക് നല്‍കാനായി മാസം തോറുമുള്ള വിപണി റിപ്പോര്‍ട്ടും ബയര്‍മാരുടെ ഡയറക്ടറി പുറത്തിറക്കുകയും ചെയ്യും. എംപിഇഡിഎയുടെ വിവിധ പരിപാടികള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാനങ്ങള്‍ വലിയ പങ്കാണ് വഹിക്കുന്നത്. സംസ്ഥാനങ്ങളുമായി ആലോചിച്ച് സംസ്ഥാനം തിരിച്ചുള്ള കയറ്റുമതി വികസന പദ്ധതി തയ്യാറാക്കുന്നത് മുഖ്യപരിഗണനയിലാണ്. റഷ്യയിലേക്ക് രൂപ വിനിമയത്തില്‍ സമുദ്രോത്പന്നം കയറ്റുമതി ചെയ്യുന്നതിനുള്ള സംരംഭകരെ കണ്ടെത്താനുള്ള മാര്‍ഗവും എംപിഇഡിഎ തിരയുന്നുണ്ട്.
സമുദ്രോത്പന്നത്തിന്റെ ഗുണമേ• കൂട്ടുന്നതിനും കൈകാര്യം ചെയ്യുമ്പോഴുള്ള നഷ്ടം കുറയ്ക്കുന്നതിനും വേണ്ടി എംപിഇഡിഎ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റുമായി ചേര്‍ന്ന്് ഫിഷറീസ് ഹാര്‍ബര്‍ നവീകരണത്തിനുള്ള ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. വിവിധ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളില്‍ നിന്നും 140 കോടി രൂപ സമാഹരിക്കാനാണ് പദ്ധതി.
പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി എംപിഇഡിഎയുടെ കീഴില്‍ തമിഴ്‌നാട്ടിലെ സിര്‍കാളിയില്‍ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ അക്വാകള്‍ച്ചര്‍ (ആര്‍ജിസിഎ) സ്ഥാപിച്ചു. കാളാഞ്ചി, ഞണ്ട്, ഗിഫ്റ്റ് തിലോപിയ എന്നീ മീനുകളുടെ വൈവിദ്ധ്യമാര്‍ന്ന കൃഷിയ്ക്കാവശ്യമായ ഗവേഷണങ്ങളും പ്രവര്‍ത്തനങ്ങളുമാണ് ഇവിടെ നടക്കുന്നത്. ആന്‍ഡമാനില്‍ കാരച്ചെമ്മീനിന്റെ പുനരുജ്ജീവനവും ആര്‍ജിസിഎയുടെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്. ഇതു കൂടാതെ കൊച്ചിയിലെ നെറ്റ്ഫിഷ്(നെറ്റ് വര്‍ക്ക് ഓഫ് ഫിഷ് ക്വാളിറ്റി മാനേജ്മന്റ് ആന്റ് സസ്‌റ്റെയനബിള്‍ ഫിഷിംഗ്) വഴി മത്സ്യബന്ധനത്തിന്റെ തത്സമയ വിവരങ്ങളും അതുവഴി കയറ്റുമതിക്കുള്ള അംഗീകാരവും മത്സ്യബന്ധനമേഖലയ്ക്ക് നല്‍കുന്നു. ക്ലസ്റ്റര്‍ ഫാമിംഗ്, അടിസ്ഥാന സൗകര്യവികസനത്തിനുള്ള ധനസഹായം എന്നിവ നല്‍കുന്ന നാഷണല്‍ സെന്റര്‍ ഫോര്‍ സസ്‌റ്റെയ്‌നബിള്‍ അക്വാകള്‍ച്ചര്‍(നാക്‌സ)യും എംപിഇഡിയുടെ അനുബന്ധ സ്ഥാപനങ്ങളാണ്.
ഇതിനു പുറമെ മത്സ്യകൃഷിക്കാരെയും കയറ്റുമതിക്കാരെയും ബന്ധിപ്പിക്കുന്ന ഇ-കൊമേഴ്‌സ് വേദിയായ ഇ -സാന്റയും എംപിഇഡിഎ പുറത്തിറക്കിയിട്ടുണ്ട്.
ഇയു ക്യാച്ച്, ദി ഇന്റര്‍നാഷണല്‍ കമ്മീഷന്‍ ഫോര്‍ കണ്‍സെര്‍വേഷന്‍ ഓഫ് അറ്റ്‌ലാന്റിക് ട്യൂണാസ് എന്നിവ അംഗീകൃതമാക്കുന്ന സംവിധാനം ഏര്‍പ്പെടുത്തിയത് വലിയ നേട്ടമാണ്. ഇതോടൊപ്പം മത്സ്യബന്ധനത്തിന് മുമ്പ് പരിശോധനകള്‍ നടത്താനായി 16 എലീസ ലാബുകളും ഏര്‍പ്പെടുത്തി. രാസപദാര്‍ഥങ്ങളില്ലാത്ത ചെമ്മീനിനായുള്ള ഷഫാരി സാക്ഷ്യപത്രം, കര്‍ഷകര്‍ക്കായുള്ള 20 അക്വാ വണ്‍ കേന്ദ്രങ്ങള്‍, ഇ-സാന്റാ, ഞണ്ട് ഹാച്ചറി സാങ്കേതികവിദ്യയ്ക്കുള്ള പേറ്റന്റ് എന്നിവയും നേട്ടങ്ങളാണ്.
രണ്ടായിരമാണ്ടിന്റെ ആദ്യ കാലങ്ങളില്‍ നടത്തിയ ഇടപെടലുകള്‍, പുതിയ പഠനങ്ങള്‍, പുതിയ വിദേശ വിപണി കണ്ടെത്തല്‍, പരിപാലന പദ്ധതികള്‍ എന്നിവയുടെ ഫലമാണ് ഇന്ന് കാണുന്ന നേട്ടങ്ങളെന്ന് ചെയര്‍മാന്‍ പറഞ്ഞു. സമുദ്രോത്പന്നത്തില്‍ ഇന്ത്യന്‍ ബ്രാന്‍ഡ് എംപിഇഡിഎ ഉണ്ടാക്കിയപ്പോള്‍, ഞണ്ട് കുഞ്ഞുങ്ങളുടെ വാണിജ്യോത്പാദനം ആര്‍ജിസിഎ നടത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആധുനികവത്കരണം കയറ്റുമതി കൂട്ടിയതിന് പുറമെ, പ്രചാരണ പരിപാടികള്‍, കൊവിഡ് കാലത്ത് നടത്തിയ വെര്‍ച്വല്‍ ബയര്‍-സെല്ലര്‍ മീറ്റുകള്‍, എന്നിവയെല്ലാം വ്യാപാരം കൂട്ടുന്നതില്‍ സഹായിച്ചു.
എഴുപതുകളിലും എണ്‍പതുകളിലും അമേരിക്ക, ജപ്പാന്‍ എന്നിവയായിരുന്നു നമ്മുടെ സമുദ്രോത്പന്നത്തിന്റെ പ്രധാന വിപണി. ഇതു വഴി ന്യൂയോര്‍ക്കിലും ടോക്യോയിലും എംപിഇഡിഎ ട്രേഡ് പ്രൊമോഷന്‍ ഓഫീസ് ആരംഭിച്ചു. ഏതാണ്ട് ഈ സമയത്താണ് വാണിജ്യാടിസ്ഥാനത്തില്‍ ചെമ്മീന്‍ ഹാച്ചറികള്‍ തുടങ്ങിയതെന്നും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.
മികച്ച പ്രകടനത്തിനുള്ള 2019-20, 2020-21 കാലയളവിലെ ഏഴ് വിഭാഗത്തിലുള്ള കയറ്റുമതി പുരസ്‌ക്കാരങ്ങള്‍ ബുധനാഴ്ച വിതരണം ചെയ്യും. നേരിട്ട് തെരഞ്ഞെടുത്ത മികച്ച ഉത്പാദനകര്‍ക്കും കയറ്റുമതിക്കാര്‍ക്കുമാണ് പുരസ്‌ക്കാരങ്ങള്‍ ലഭിക്കുക.