കൊല്ലം: ദേശീയ തലത്തില്‍ മുസ്‌ലിം ലീഗിന്റെ പ്രസക്തി വര്‍ധിച്ചുവെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി., ഇന്ത്യ മുന്നണിയില്‍ ലീഗിന് നിര്‍ണായക പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം ജവഹര്‍ ബാലഭവന്‍ ഹാളില്‍ മുസ്‌ലിം ലീഗ് കൊല്ലം പാര്‍ലമെന്റ് മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഇ.ടി. എക്കാലത്തും മര്‍ദിതര്‍ക്കൊപ്പം നിലയുറപ്പിച്ച പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്. രാജ്യത്ത് കലാപം ഉണ്ടായ എല്ലാ സ്ഥലങ്ങളിലും മുസ്‌ലിം ലീഗ് നേതാക്കള്‍ക്ക് എത്തിയിട്ടുണ്ട്. കലാപ ബാധിതര്‍ക്ക് എല്ലാ സഹായവും ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവില്‍ പാണക്കാട് തങ്ങളുടെ നേതൃത്വത്തില്‍ ശാന്തി മന്ത്രവുമായി മുസ്‌ലിം ലീഗ്‌സംഘം മണിപ്പൂരില്‍ പോയി സമാധാന ദൗത്യത്തിന് നേതൃത്വം നല്‍കി. എന്നാല്‍ രാജ്യം ഭരിക്കുന്നവര്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ നോക്കുകയാണ്. നാട്ടില്‍ എന്തു നടക്കുന്നു എന്നറിയാത്ത പ്രധാനമന്ത്രി ജി 20 കൊട്ടിഘോഷിച്ചു. പ്രധാനമന്ത്രി പാര്‍ലമെന്റില്‍ എത്തുന്നില്ല. ചോദ്യങ്ങള്‍ നേരിടാന്‍ തയ്യാറാകുന്നില്ല. വിമര്‍ശം കേട്ടാല്‍ വിറളി പിടിക്കുന്നു. മാധ്യമങ്ങളെപ്പോലും ഭയക്കുന്നു.
മുസ്‌ലിം ലീഗ് എക്കാലവും സ്വീകരിച്ചിട്ടുള്ളത് രാജ്യത്തെ രക്ഷിക്കാന്‍ ഉതകുന്ന സമീപനമാണ്. ബാബ്‌രി, മണ്ഡല്‍ വിഷയങ്ങളില്‍ ലീഗിന്റെ നിലപാടും മറിച്ചായിരുന്നില്ല. ബാബ്‌രി വിഷയം കത്തിപടരാതെ നോക്കിയത് ലീഗ് ആണ്. സമുദായത്തിനുള്ളില്‍ നിന്നും പരിഹാസം ഉണ്ടായി. സമുദായത്തെ ലീഗ് താരാട്ടുപാട്ടുപാടി ഉറക്കുന്നു എന്ന് ചിലര്‍ വിമര്‍ശിച്ചു. പക്ഷേ എരിയുന്ന തീയില്‍ എണ്ണ ഒഴിക്കരുത് എന്നാണ് മുസ്‌ലിം ലീഗ് പറഞ്ഞത്. അമ്പലങ്ങള്‍ക്ക് കാവല്‍ നില്‍ക്കാനാണ് മുസ്‌ലിം ലീഗ് നേതാക്കള്‍ പ്രവര്‍ത്തകരെ പഠിപ്പിച്ചത്.
രാജ്യത്തിന്റെ പൊതുവായ വിഷയങ്ങളിലും ന്യൂനപക്ഷ വിഷയങ്ങളിലും മുസ്‌ലിം ലീഗ് വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തും. പൗരത്വ വിഷയത്തിലും ഏക സിവില്‍കോഡ് വിഷയത്തിലും ആദ്യം പ്രതികരിച്ചത് മുസ്‌ലിം ലീഗ് ആണ്.
വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ മതേതര ജനാധിപത്യചേരി പരാജയപെട്ടാല്‍ ഉണ്ടാകാന്‍ പോകുന്നത് വലിയ വിപത്താണ്. മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തനങ്ങളില്‍ യു.ഡി.എഫിന് വലിയ പ്രതീക്ഷയാണുള്ളത്. മറ്റുള്ളവര്‍ ആലോചിക്കുന്നതിനു മുന്നെ ലീഗ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. ബൂത്ത് തലംവരെ പ്രവര്‍ത്തകരെ സജ്ജമാക്കാനുളള പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് നൗഷാദ് യൂനുസ് അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.സുല്‍ഫീക്കര്‍ സലാം സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ റഹുമാന്‍ രണ്ടത്താണി മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി യു.സി രാമന്‍, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം എം.അന്‍സാറുദീന്‍, ജില്ലാ ട്രഷറര്‍ എം.എ സലാം, മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റുമാരായ വട്ടപ്പാറ നാസിമുദീന്‍, വാഴയത്ത് ഇസ്മായില്‍, എം.എ കബീര്‍, പുന്നല എസ്.ഇബ്രാഹീംകുട്ടി, ജില്ലാ സെക്രട്ടറിമാരായ മുള്ളുകാട്ടില്‍ സാദിഖ്, ചാത്തിനാംകുളം സലീം, പി.അബ്ദുല്‍ ഗഫൂര്‍ ലബ്ബ എന്നിവര്‍ സംസാരിച്ചു. ചികിത്സയില്‍ കഴിയുന്ന എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയുടെ സന്ദേശം ജില്ലാ സെക്രട്ടറി ഷെരീഫ് ചന്ദനത്തോപ്പ് വായിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പോരേടം ബദര്‍ നന്ദി പറഞ്ഞു.
പടം ക്യാപ്ഷന്‍: കൊല്ലം ജവഹര്‍ ബാലഭവന്‍ ഹാളില്‍ മുസ്‌ലിം ലീഗ് കൊല്ലം പാര്‍ലമെന്റ് മണ്ഡലം കണ്‍വന്‍ഷന്‍ മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യുന്നു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിമാരായ അബ്ദുല്‍ റഹുമാന്‍ രണ്ടത്താണി, യു.സി രാമന്‍, ജില്ലാ പ്രസിഡന്റ് നൗഷാദ് യൂനുസ്, ജനറല്‍ സെക്രട്ടറി അഡ്വ.സുല്‍ഫീക്കര്‍ സലാം തുടങ്ങിയവര്‍ സമീപം.