അന്താരാഷ്ട്ര കായിക ഉച്ചകോടിയിലേക്കുള്ള ഇന്ത്യയിലെ ഏക പ്രതിനിധിയായി കേരളത്തിലെ സഞ്ജീവനി ലൈഫ്‌കെയര്‍

കൊച്ചി: ആസ്‌ത്രേലിയയില്‍ ജൂലായ് രണ്ടാം വാരം നടക്കുന്ന അന്താരാഷ്ട്ര കായിക ഉച്ചകോടിയായ നാഷണല്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ഫിസിക്കല്‍ ആക്ടിവിറ്റി കണ്‍വെന്‍ഷനിലേക്ക് (എന്‍എസ്‌സി)ഇന്ത്യയില്‍ നിന്നുള്ള ഏക പ്രതിനിധിയായി കേരളത്തിലെ സഞ്ജീവനി ലൈഫ്‌കെയര്‍ വില്ലേജിനെ(എസ്എല്‍സിവി) തെരഞ്ഞെടുത്തു. ആദ്യമായാണ് ഇന്ത്യയില്‍ നിന്ന് എന്‍എസ്‌സിയില്‍ പ്രാതിനിധ്യമുണ്ടാകുന്നത്.
കായിക വിജ്ഞാനത്തെക്കുറിച്ചും അത്യാധുനിക കായിക പരിശീലനരീതികളെക്കുറിച്ചും വിശകലനം ചെയ്യുകയും നൂതന ഉപകരണങ്ങളുടെ പ്രദര്‍ശനം നടക്കുകയും ചെയ്യുന്ന ലോകത്തെ സുപ്രധാന കായിക ഉച്ചകോടിയാണ് എന്‍എസ്‌സി. ജൂലായ് 11 മുതല്‍ 13 വരെ മെല്‍ബണില്‍ നടക്കുന്ന എന്‍എസ്‌സിയില്‍ സഞ്ജീവനി ലൈഫ്‌കെയറിന്റെ പവലിയനുണ്ടാകും. അതിനു പുറമെ സിഇഒ രഘുനാഥ് നായര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്യും.
ലോകോത്തര വ്യായാമ ഉപകരണങ്ങള്‍ വില്‍ക്കുന്ന അന്താരാഷ്ട്ര കമ്പനികളുടെ സാമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള ക്ഷണം ലഭിക്കുന്നതെന്ന് രഘുനാഥ് പറഞ്ഞു. കായിക താരങ്ങള്‍ക്കും വ്യായാമ കുതുകികള്‍ക്കുമുള്ള ഊര്‍ജ്ജസ്വലത കൂട്ടല്‍, ശാസ്ത്രീയ പരിശീലനം, ആരോഗ്യപരിരക്ഷ, പെട്ടന്നുള്ള തിരിച്ചു വരവ്, ആകാരസൗഷ്ഠവം, എന്നിവ എസ്എല്‍സിവിയുടെ പ്രത്യേകതയാണ്.
600 ഓളം പ്രതിനിധികള്‍ പങ്കെടുക്കുന്ന എന്‍എസ്‌സി ഉച്ചകോടി ആസ്‌ട്രേലിയ, ന്യൂസീലാന്റ് എന്നീ രാജ്യങ്ങളിലെ എല്ലാ വ്യായാമ ഉപകരണ ഉത്പാദനകരും പങ്കെടുക്കും. ജര്‍മ്മനിയിലെ കൊളോണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഫോര്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ലെഷര്‍ ആക്ടിവിറ്റീസാണ് ഈ സമ്മേളനം സംഘടിപ്പിക്കുന്നത്. 20 മുഖ്യപ്രഭാഷണങ്ങളും ലോകത്തെ പ്രമുഖ കമ്പനികളുടെ മേധാവികള്‍ പങ്കെടുക്കുന്ന പാനല്‍ ചര്‍ച്ചകളും സമ്മേളനത്തിന്റെ ഭാഗമായുണ്ട്.
എസ്എല്‍സിവിയുടെ മികച്ച നിലവാരം പുലര്‍ത്തുന്ന ചെലവ് കുറഞ്ഞ വ്യായാമോപകരണങ്ങളെക്കുറിച്ച് സമ്മേളനത്തില്‍ സംസാരിക്കാനുള്ള അവസരമാണ് സംഘാടകര്‍ നല്‍കിയിരിക്കുന്നതെന്ന് രഘുനാഥ് പറഞ്ഞു. വിദേശനാണ്യം ലഭിക്കുന്നതില്‍ ഏറെ സാധ്യതയുള്ളതാണ് കായിക ടൂറിസമെന്ന് രഘുനാഥ് പറഞ്ഞു. അത്യാധുനിക കായിക പരിശീലനത്തിനും പരിരക്ഷയ്ക്കും വലിയ ചെലവ് ചെയ്ത് വിദേശങ്ങളെ ആശ്രയിക്കുന്ന പഴയ രീതി മാറണം. തത്തുല്യമായ സൗകര്യങ്ങള്‍ കുറഞ്ഞ ചെലവില്‍ ഇവിടെ ലഭ്യമാണ്. നമ്മുടെ നാട്ടിലെ കായിക വിനോദ മേഖലയുടെ വളര്‍ച്ചയ്ക്കും ഇത് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
അങ്കമാലിയ്ക്കടുത്ത് മഞ്ഞപ്രയില്‍ പത്തേക്കര്‍ സ്ഥലത്താണ് സഞ്ജീവനി ലൈഫ്‌കെയര്‍ വില്ലേജ് പ്രവര്‍ത്തിക്കുന്നത്. ഉപഭോക്താക്കളുടെ കായികം, മാനസികം, വൈകാരികം, സാമൂഹ്യം എന്നീ തലങ്ങളിലുള്ള സ്വാസ്ഥ്യമാണ് സഞ്ജീവനി വാഗ്ദാനം ചെയ്യുന്നത്. ലോകോത്തര പരിശീലകരും വ്യായാമോപകരണങ്ങളും വ്യായാമ രീതികളുമാണ് സഞ്ജീവനി മുന്നോട്ടു വയ്ക്കുന്നത്.
എന്‍എസ് സി ഉച്ചകോടിയില്‍ ആകെ 75 പ്രഭാഷകരാണുള്ളത്. ഇതു കൂടാതെ ആസ്‌ട്രേലിയ, ന്യൂസീലാന്റ് എ്ന്നിവിടങ്ങളില്‍ നിന്നുള്ള പത്ത് വ്യവസായപ്രതിനിധികള്‍, 17 വാണിജ്യ പ്രതിനിധികള്‍, 30 സഹകരണ പ്രതിനിധികള്‍ എന്നിവരാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.