സമുദ്രസംരക്ഷണച്ചങ്ങല സംഘടിപ്പിച്ചു

തിരുവനന്തപുരം: ലോകസമുദ്രദിനത്തോടനുബന്ധിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം മേഖലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശംഖുംമുഖം കടല്‍ത്തീരത്ത് സമുദ്രസംരക്ഷണച്ചങ്ങല സംഘടിപ്പിച്ചു. സമുദ്രം നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് കേരള യൂണിവേഴ്‌സിറ്റി ഇക്കോ മറൈന്‍ പ്രോജക്ട് സയന്റിസ്റ്റ് ഡോ. സുവര്‍ണ മുഖ്യപ്രഭാഷണം നടത്തി.
സുസ്ഥിരമായ ഭാവി കണക്കിലെടുക്കാതെ അമിതചൂഷണത്തിന്റേയും മലിനീകരണത്തിന്റേയും ഫലമായി കടല്‍വിഭവങ്ങളുടെ ശോഷണവും ആവാസവ്യവസ്ഥ മൊത്തവും സമുദ്രത്തിന്റെ ആരോഗ്യസ്ഥിതിയും അപായകരമാംവിധം അപചയത്തിനു വിധേയമായിരിക്കുന്നുവെന്ന് അവര്‍ അഭിപ്രായപ്പെട്ടു. അമിതമത്സ്യബന്ധനം, പ്ലാസ്റ്റിക്ക് മലിനീകരണം, ആവാസവ്യവസ്ഥയുടെ നാശം, കാലാവസ്ഥാവ്യതിയാനം എന്നിവയാണ് സമുദ്രങ്ങള്‍ നേരിടുന്ന ഇന്നത്തെ പ്രധാന വെല്ലുവിളികളെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. സമുദ്രജൈവവൈവിധ്യത്തിന്റെ നിലനില്പിനു അവശ്യം വേണ്ട പവിഴപ്പുറ്റിന്റെ 50 ശതമാനവും നഷ്ടപ്പെട്ടിരിക്കുകയാണ്. സമുദ്രജലത്തിലെ അമ്ലതയുടെ അളവ് വ്യാവസായിക വിപ്ലവം ആരംഭിച്ചതിനുശേഷം 26 ശതമാനം വര്‍ദ്ധിച്ചതായി ആഴക്കടല്‍ പരപ്പിലെ ജലപരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. പ്ലാസ്റ്റിക്ക് മാലിന്യമാണ് സമുദ്രം നേരിടുന്ന പ്രധാന ഭീഷണികളിലൊന്ന്. പ്ലാസ്റ്റിക്ക് മലിനീകരണം ഇന്നത്തെ നിലയ്ക്കു തുടര്‍ന്നാല്‍ 2050ഓടെ സമുദ്രങ്ങളില്‍ മത്സ്യങ്ങളേക്കാള്‍ കൂടുതല്‍ പ്ലാസ്റ്റിക്ക് മാലിന്യമായിരിക്കും ഉണ്ടാവുകയെന്ന് ഡോ. സുവര്‍ണ അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ബി. രമേഷ് ഉദ്ഘാടനം ചെയ്തു. സമുദ്രസംരക്ഷണച്ചങ്ങല പ്രതിജ്ഞ ജില്ലാ ജോയിന്റ് സെക്രട്ടറി പി. പ്രദീപ് ചൊല്ലിക്കൊടുത്തു. മേഖലാ പ്രസിഡന്റ് പി. ബാബു അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം ലോ കോളേജ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. വി.കെ. സഞ്ജു, അനിരുദ്ധ്, ഡോ. സംഗീത എന്നിവര്‍ സംസാരിച്ചു. മേഖലാ സെക്രട്ടറി എം.എസ്. ബാലകൃഷ്ണന്‍ സ്വാഗതവും പി. ഗിരീശന്‍ നന്ദിയും പറഞ്ഞു.