ഉന്നതവിദ്യാഭ്യാസ രംഗത്ത് വിദ്യാര്‍ഥി കേന്ദ്രീകൃത കരിക്കുലം അടുത്ത അധ്യയന വര്‍ഷം മുതലെന്ന് മന്ത്രി

തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷം മുതല്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് സമൂല മാറ്റം വരുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു. വിദ്യാര്‍ഥി കേന്ദ്രീകൃതമായി തയാറാക്കിയ കരിക്കുലം സര്‍വകലാശാലകള്‍ക്ക് കൈമാറിക്കഴിഞ്ഞു. അടുത്ത അധ്യയന വര്‍ഷം മുതല്‍ എല്ലാ കോളജ് ക്യാമ്പസുകളിലും പുതിയ ബോധനരീതിയും പഠനപ്രക്രിയയുമാണ് നിലവില്‍ വരിക. വിദ്യാര്‍ഥിയുടെ അഭിരുചിക്കനുസരിച്ച് പഠനം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും സര്‍ഗാത്മ ഊര്‍ജ്ജവും ഉള്‍ച്ചേരുന്ന പുതിയ കരിക്കുലം ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ ഉണര്‍വേകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഉന്നതവിദ്യാഭ്യാസ വകുപ്പും സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ കൈരളി ഗവേഷണ അവാര്‍ഡുകള്‍ (2021) വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. എന്‍.ഐ.ആര്‍.എഫ് റാങ്കിംഗില്‍ കേരള സര്‍വകലാശാല രാജ്യത്ത് 24ാം റാങ്ക് നേടിയതും മറ്റു മൂന്നു സര്‍വകലാശാലകള്‍ ആദ്യ നൂറ് റാങ്കിംഗില്‍ ഉള്‍പ്പെട്ടതും രാജ്യത്തെ ഏറ്റവും മികച്ച 200 കോളജുകളില്‍ കേരളത്തിലെ 42 കോളജുകള്‍ ഇടംപിടിച്ചതും അത്യന്തം അഭിമാനകരമായ നേട്ടമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ചൂണ്ടിക്കാട്ടി. നവകേരള നിര്‍മിതിയിലെ വൈജ്ഞാനിക സമൂഹം സജ്ജമാക്കുന്നതിലേക്കുള്ള ഏറ്റവും പ്രധാന ഉത്തരവാദിത്തം ഉന്നത വിദ്യാഭ്യാസ വകുപ്പിനാണ്. ആ നിലയില്‍ വകുപ്പിന് മുന്തിയ പരിഗണന നല്‍കിയാണ് സംസ്ഥാനസര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.
കൈരളി അവാര്‍ഡുകളില്‍ ആഗോള ആജീവനാന്ത പുരസ്‌കാരം (ശാസ്ത്രം) പ്രൊഫ സലിം യൂസഫിനും ആജീവനാന്ത പുരസ്‌കാരങ്ങള്‍ പ്രൊഫ. എം ലീലാവതിക്കും (ആര്‍ട്‌സ് ആന്‍ഡ് ഹ്യൂമാനിറ്റീസ്), പ്രൊഫ. എം.എ ഉമ്മനും (സോഷ്യല്‍ സയന്‍സ്) ഡോ. എ അജയഘോഷിനുമാണ് (ശാസ്ത്രം). പ്രൊഫ ഉമ്മന്‍, ഡോ. അജയഘോഷ് എന്നിവര്‍ മന്ത്രിയില്‍ നിന്ന് പുരസ്‌കാരം സ്വീകരിച്ചു. പ്രൊഫ ലീലാവതി ഓണ്‍ലൈനായും പങ്കെടുത്തു. കൈരളി ഗവേഷണ പുരസ്‌കാരം ഡോ. ഷംസാദ് ഹുസൈന്‍ (ആര്‍ട്‌സ് ആന്റ് ഹ്യൂമാനിറ്റീസ്), ഡോ. റീനമോള്‍ ജി (കെമിക്കല്‍ സയന്‍സ്), ഡോ. രാധാകൃഷ്ണന്‍ ഇ (ബയോളജിക്കല്‍ സയന്‍സ്), ഡോ. അലക്‌സ് പി ജെയിംസ് (ഫിസിക്കല്‍ സയന്‍സ്), ഡോ. അന്‍വര്‍ സാദത്ത് (സോഷ്യല്‍ സയന്‍സ്), ഡോ. മഞ്ജു കെ (ആര്‍ട്‌സ് ആന്റ് ഹ്യൂമാനിറ്റീസ്), ഡോ. മയൂരി പി.വി (ബയോളജിക്കല്‍ സയന്‍സ്), ഡോ. സിജില റോസ്ലി സി.വി (കെമിക്കല്‍ സയന്‍സ്), ഡോ. സ്വപ്‌ന എം.എസ് (ഫിസിക്കല്‍ സയന്‍സ്) എന്നിവരും മന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി. പരിപാടിയില്‍ ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ പ്രൊഫ രാജന്‍ ഗുരുക്കള്‍ അധ്യക്ഷത വഹിച്ചു. മെമ്പര്‍ സെക്രട്ടറി ഡോ. രാജന്‍ വര്‍ഗീസ്, പി.എസ് വനജ എന്നിവര്‍ പങ്കെടുത്തു. ലീലാവതി ടീച്ചര്‍, പ്രൊഫ ഉമ്മന്‍, ഡോ. അജയഘോഷ് എന്നിവര്‍ മറുപടി പ്രസംഗം നടത്തി.