ഓറഞ്ച് ദി വേൾഡ് ക്യാമ്പയിൻ: രാത്രി നടത്തത്തിൽ കൈകോർത്ത് മന്ത്രി

ഓറഞ്ച് ദി വേൾഡ് ക്യാമ്പയിൻ: നിർഭയരായി നഗരവീഥികളിലൂടെ സ്ത്രീകൾ_

കൊല്ലം: സ്ത്രീകള്‍ക്കെതിരെയുള്ള ലിംഗവിവേചനവും അതിക്രമവും തടയാനും പ്രതിരോധിക്കാനും ആത്മവിശ്വാസം ഉറപ്പിക്കാനും ലക്ഷ്യമിട്ട് വനിത-ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന
‘ഓറഞ്ച് ദി വേൾഡ്’ ക്യാമ്പയിന്റെ ഭാഗമായി നടത്തിയ നഗര വീഥിയിലൂടെയുള്ള രാത്രി നടത്തത്തിൽ പങ്കാളിയായി മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണിയും. സിവിൽ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡ്, ചിന്നക്കട ക്ലോക്ക് ടവർ എന്നിവിടങ്ങളിൽ നിന്ന് സ്ത്രീകൾ ചെറു സംഘങ്ങളായി തുടങ്ങിയ നടത്തം ബീച്ചിൽ എത്തിയപ്പോഴാണ് അപ്രതീക്ഷിത അതിഥിയായി മന്ത്രി എത്തിയത്.

സ്ത്രീകൾക്ക് സമൂഹത്തിൽ നിർഭയരായി മുന്നേറാനുള്ള ഊർജ്ജവും, തൊഴിലിടങ്ങളില്‍ ഉള്‍പ്പടെ ഓരോ സ്ത്രീയും സുരക്ഷിതരാകണമെന്ന സര്‍ക്കാർ ലക്ഷ്യം പ്രാവര്‍ത്തികമാക്കാനുള്ള കരുത്തുമാണ്
ഇത്തരം പരിപാടികളിലൂടെ ആർജിക്കാൻ സാധിക്കുന്നതെന്ന്
മന്ത്രി പറഞ്ഞു. രാത്രി നടത്തത്തിന് എത്തിയ സ്ത്രീകൾക്ക് സുരക്ഷയൊരുക്കി പിങ്ക് പോലീസും പങ്കാളികളായി.
ജനപ്രതിനിധികൾ, സാമൂഹിക പ്രവർത്തകർ, റസിഡൻസ് അസോസിയേഷൻ, സ്ത്രീ സംഘടനകൾ എൻ.എസ്.എസ്, എൻ.സി.സി വോളണ്ടിയർമാർ, കോളേജ് വിദ്യാർഥികൾ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.