പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിലൂടെ സ്ത്രീകൾ സമൂഹത്തിൽ ശാക്തീകരിക്കപ്പെടുന്നു; മന്ത്രി ജെ. ചിഞ്ചുറാണി

സ്വയം സഹായ സംഘങ്ങളിലൂടെ ശാക്തീകരിക്കപ്പെട്ട് സമൂഹത്തിന്റെ മുൻ നിരയിലേക്കെത്താൻ അവർക്ക് സാധിക്കണം. സമൂഹത്തിന് ഇന്ന് ഭീഷണിയായിക്കൊണ്ടിരിക്കുന്ന മയക്കുമരുന്നെന്ന വിപത്തിനെതിരെ നമ്മുടെ യുവതലമുറയെ രക്ഷിക്കാൻ സ്ത്രീകൂട്ടായ്മകൾ പരിശ്രമിക്കേണ്ടതുണ്ടെന്നും മന്ത്രി ജെ. ചിഞ്ചുറാണി

കൊല്ലം: പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കുന്നതിലൂടെ സ്ത്രീകൾ സമൂഹത്തിൽ ശാക്തീകരിക്കപ്പെടുകയാണെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. മാതാ അമൃതാനന്ദമയി മഠത്തിന്റെ നേതൃത്വത്തിൽ അമൃതശ്രീ അംഗങ്ങൾക്ക് നൽകുന്ന സഹായവിതരണത്തിന്റെ കൊല്ലം ജില്ലയിലെ രണ്ടാംഘട്ട വിതരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കുടുംബശ്രീ കഴിഞ്ഞാൽ ഇന്ന് ഏറ്റവും കൂടുതൽ സംരംഭകർ ഉണ്ടാകുന്നത് അമൃതശ്രീ പദ്ധതിയിലൂടെയാണ്.

ചെറിയ ചെറിയ സംരംഭങ്ങളിലൂടെ സ്ത്രീകൾക്ക് നല്ല രീതിയിൽ ജീവിതം മുന്നോട്ടു കൊണ്ടു പോകാനുള്ള വരുമാനം ഉറപ്പാക്കാനാകും. സാമ്പത്തികമായി മാത്രമല്ല സാമൂഹികമായും സ്ത്രീകളെ ശാക്തീകരിക്കാൻ മാതാ അമൃതാനന്ദമയി മഠത്തിന്റെ അമൃതശ്രീ പദ്ധതിയിലൂടെ സാധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സ്ത്രീകൾ സംഘടിതരായി മുന്നോട്ടു വരുന്ന കാലഘട്ടമാണിത്. സ്വയം സഹായ സംഘങ്ങളിലൂടെ ശാക്തീകരിക്കപ്പെട്ട് സമൂഹത്തിന്റെ മുൻ നിരയിലേക്കെത്താൻ അവർക്ക് സാധിക്കണം. സമൂഹത്തിന് ഇന്ന് ഭീഷണിയായിക്കൊണ്ടിരിക്കുന്ന മയക്കുമരുന്നെന്ന വിപത്തിനെതിരെ നമ്മുടെ യുവതലമുറയെ രക്ഷിക്കാൻ സ്ത്രീകൂട്ടായ്മകൾ പരിശ്രമിക്കേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ആശ്രാമം മൈതാനത്ത് നടന്ന ചടങ്ങിൽ എൻ.കെ പ്രേമചന്ദ്രൻ എം.പി അധ്യക്ഷത വഹിച്ചു. സ്വയം സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ മാതാ അമൃതാനന്ദമയി മഠം സമൂഹത്തിലെ വലിയൊരു ശതമാനം സ്ത്രീകളുടെ കഴിവും മികവുമാണ് വളർത്തിയെടുക്കുന്നതെന്ന് എൻ.കെ പ്രേമചന്ദ്രൻ പറഞ്ഞു. ലോകത്തെവിടെയും ദുരന്തമുഖങ്ങളിൽ ആശ്വാസത്തിന്റെ സ്പർശമായി മാതാ അമൃതാനന്ദമയി ദേവിയും മഠവും എത്തുന്നുണ്ട്. വീടിന്റെ അകത്തളങ്ങളിൽ മാത്രമായി ഒതുങ്ങാതെ അവരെ മികച്ച സംരംഭകരായി വളർത്തിക്കൊണ്ടുവരാൻ അമൃതശ്രീ പോലെയുള്ള കൂട്ടായ്മകൾ ഏറെ സഹായകരമാണെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ സ്വാമി തപസ്യാമൃതാനന്ദ പുരി അനുഗ്രഹപ്രഭാഷണം നടത്തി. ബി.ജെ.പി ജില്ലാ അധ്യക്ഷൻ ബി.ബി ഗോപകുമാർ, അമൃതശ്രീ കോ-ഓർഡിനേറ്റർ ആർ.രംഗനാഥൻ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായെത്തിയ പതിനായിരത്തോളം അമൃതശ്രീ അംഗങ്ങൾക്കാണ് സഹായങ്ങൾ വിതരണം ചെയ്തത്. ഓരോ അംഗങ്ങൾക്കും ഭക്ഷ്യ,വസ്ത്ര,ധന,ധാന്യ സഹായങ്ങൾക്ക് പുറമേ 20 പേരടങ്ങുന്ന ഓരോ സംഘത്തിനും പ്രവർത്തന മൂലധനമായി 30,000 രൂപ വീതവും വിതരണം ചെയ്തു.