കൊച്ചി: കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട് ലോകം അടഞ്ഞുകിടക്കേണ്ടി വന്ന 2020 മുതല്‍ ഒരുവര്‍ഷം തുടര്‍ച്ചയായി ദിവസേന ഒന്നെന്ന നിലയ്ക്ക് അന്താരാഷ്ട്ര പ്രശസ്തനായ മലയാളി ചിത്രകാരന്‍ വാസുദേവന്‍ അക്കിത്തം വരഞ്ഞ 365 സൃഷ്ടികള്‍ ബിനാലെയില്‍ മഹാമാരിയുടെ ആഖ്യാനമായ പഞ്ചാംഗമായി കലാസ്‌നേഹികള്‍ക്ക് കാഴ്ചയൊരുക്കുന്നു. കലാചിന്തകള്‍ വീടിന്റെ നാലു ചുമരുകള്‍ക്കുള്ളിലേക്ക് ഒതുക്കി നിര്‍ത്തേണ്ടിവന്ന വേളയിലെ ചിത്രകാരന്റെ പ്രതികരണങ്ങളാണ് ‘ആന്‍ അല്‍മാനാക് ഓഫ് എ ലോസ്റ്റ് ഇയര്‍’ പരമ്പരയിലെ ആവിഷ്‌കാരങ്ങളോരോന്നും. ഇവയെല്ലാം ചേര്‍ന്ന് പൊതുവായ സന്ദേശം ഉള്‍ക്കൊള്ളുന്ന പ്രതിഷ്ഠാപന(ഇന്‍സ്റ്റലേഷന്‍)മായും മാറുന്നു.
‘വീട്ടിലെ ഊണുമേശപ്പുറത്ത് വച്ച് ചിത്രമെഴുതുമ്പോള്‍ സാമഗ്രികളും പരിമിതമായിരുന്നു. അതുകൊണ്ട് ചെറിയ ചെറിയ കടലാസുകളില്‍ വാട്ടര്‍കളര്‍ കൊണ്ട് പെയിന്റിംഗ് നടത്തി. പുറംലോകവുമായി ബന്ധം നഷ്ടപ്പെട്ടതിന്റെ വ്യത്യസ്ത ഭാവതല അനുഭവങ്ങളാണ് അങ്ങനെ ചിത്രങ്ങളായത്. ചിലതില്‍ ദുഃഖം, മറ്റുചിലതില്‍ ഭ്രമാത്മകത, വേറെ ചിലതില്‍ പ്രത്യാശ ….. അങ്ങനെ അങ്ങനെ’ വാസുദേവന്‍ അക്കിത്തം വിശദീകരിച്ചു.
ചിത്രകലാധ്യാപകന്‍ കൂടിയായ ഈ 64കാരന്‍ ബറോഡയിലാണ് താമസം. കോവിഡ് ലോക്ക്ഡൗണിന്റെ ഏതാണ്ടതേ കാലത്താണ് വാസുദേവന്റെ അച്ഛന്‍ മഹാകവി അക്കിത്തം മരണമടയുന്നത്. നാട്ടിലെത്താന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. എങ്ങനെയോ ഒക്കെ ഒരു കണക്കിന് അച്ഛന്റെ അന്ത്യകര്‍മ്മങ്ങള്‍ക്ക് എത്തിപ്പെട്ടു. അന്ന് ഇത് പ്രമേയമാക്കി ചെറിയൊരു ചിത്രം വരച്ചതും ഫോര്‍ട്ടുകൊച്ചി ആസ്പിന്‍വാള്‍ ഹൗസിലെ പ്രദര്‍ശനചിത്രങ്ങളില്‍ ഉള്‍പ്പെടുന്നു.
ഒരു പ്രത്യേക സംഭവം ഉന്നയിക്കാനല്ല 365 ചിത്രങ്ങളില്‍ ശ്രമിച്ചതെന്ന് വാസുദേവന്‍ അക്കിത്തം പറഞ്ഞു. തനിക്ക് ചുറ്റുമുള്ള ലോകത്ത് സംഭവിച്ച കാര്യങ്ങള്‍ തമ്മില്‍ പല തലങ്ങളിലും ബന്ധമുണ്ട്. അവയില്‍ ഭാവനകളും വിചാരങ്ങളും പല രാഷ്ട്രീയ വിഷയങ്ങളും ഉള്‍പ്പെടെ കടന്നുവരുന്നു. തന്റെ വ്യക്തിപരമായ പ്രസ്താവനയാണ് ഈ ചിത്രങ്ങള്‍. യുക്തിയിലും ബുദ്ധിയിലും വൈകാരികതയിലുമുള്ള തന്റെ പ്രസ്താവന വാസുദേവന്‍ അക്കിത്തം പറഞ്ഞു.
‘ആന്‍ അല്‍മാനാക് ഓഫ് എ ലോസ്റ്റ് ഇയര്‍’ കൂടാതെ ‘ഡിസ്റ്റന്‍സ്’ എന്ന മൂന്നു മൂന്ന് ഓയില്‍ പെയിന്റിംഗുകളുടെ ആവിഷ്‌കാരവും വാസുദേവന്‍ അക്കിത്തത്തിന്റേതായി പ്രദര്‍ശനത്തിലുണ്ട്. പുറപ്പെടല്‍, യാത്ര, തിരിച്ചുവരവ് എന്നിവ ആത്മാംശത്തോടെ അവതരിപ്പിച്ചിരിക്കുന്നു ഇവയില്‍. ബാല്യത്തില്‍ രൂപപ്പെടുന്ന മനസിന്റെ ക്രമം പലവിധത്തിലായി മരണം വരെ എങ്ങനെ തുടരുന്നു എന്നതും വേരുകളില്‍ നിന്നു വിട്ടുമാറി മറ്റിടങ്ങളിലേക്ക് നിലനില്‍പ്പിനായി കുടിയേറുന്നതും ‘ഡിസ്റ്റന്‍സ്’ ചര്‍ച്ച ചെയ്യുന്നു.