അഞ്ചു തലങ്ങളിലായി മിഷന് പ്രവര്‍ത്തനം: മന്ത്രി കെ.രാജന്
തിരുവനന്തപുരം: മലയോര മേഖലയിലുള്ളവര്‍, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍, വിവിധ കോളനികളില്‍ താമസിക്കുന്നവര്‍ എന്നിവര്‍ക്ക് അടിയന്തിര പ്രാധാന്യത്തോടെ പട്ടയം നല്‍കാനായി പട്ടയ മിഷന് രൂപീകരിച്ചതായി റവന്യു മന്ത്രി കെ രാജന്. പട്ടയ വിതരണം ഊര്‍ജ്ജിതമാക്കുന്നതിനും സമയബന്ധിതമായി നടപ്പാക്കുന്നതിനുമുള്ള പ്രവര്‍ത്തനം ഏകോപിപ്പിക്കാനും, നിരീക്ഷിക്കാനും, ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാനുമാണ് പട്ടയ മിഷന് രൂപീകരിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാന നിരീക്ഷണ സമിതി, സംസ്ഥാന ദൗത്യ സംഘം, ജില്ലാ ദൗത്യ സംഘം, താലൂക്ക് ദൗത്യ സംഘം, വില്ലേജ്തല വിവരശേഖരണ സമിതി എന്നിങ്ങനെയാണു പട്ടയം മിഷന്റെ ഘടന. റവന്യൂ വകുപ്പ് സെക്രട്ടറിയാണ് സംസ്ഥാനതല നിരീക്ഷണ സമിതിയുടെ കണ്‍വീനര്‍. നിയമ വകുപ്പ് സെക്രട്ടറി, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി, പൊതു മരാമത്ത് വകുപ്പ് സെക്രട്ടറി, വനംവന്യജീവി വകുപ്പ് സെക്രട്ടറി, ജലവിഭവ വകുപ്പ് സെക്രട്ടറി, പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് സെക്രട്ടറി, ഫിഷറീസ് വകുപ്പ് സെക്രട്ടറി എന്നിവര്‍ സമിതിയില്‍ അംഗങ്ങളായിരിക്കും. സംസ്ഥാന പട്ടയ മിഷന് പ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തി നിര്‍ദ്ദേശങ്ങള്‍ നല്‍കുകയെന്നതാണ് സംസ്ഥാനതല സമിതിയുടെ ചുമതല. വിവിധ വകുപ്പുകളുടെ അധീനതയിലുള്ള പുറമ്പോക്കുകളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് പട്ടയം നല്കുന്നതിനാവശ്യമായ ഉത്തരവ് പുറപ്പെടുവിക്കുന്നതിനുള്ള നടപടി ഏകോപിപ്പിക്കുക, വിവിധ വകുപ്പുകളുടെ കീഴ്ഘടകങ്ങളുടെ പ്രവര്‍ത്തനത്തിനുള്ള നിര്‍ദ്ദേശവും ഏകോപനവും, നിയമപരമായ പ്രശ്നങ്ങളുള്ള പട്ടയ അപേക്ഷകളില്‍ ആവശ്യമായ നിയമ ഭേദഗതി ശുപാര്‍ശ ചെയ്യുക, വിവിധ വകുപ്പുകളുടെ കൈവശത്തിലുളളതും ഉപയോഗത്തിലില്ലാത്തതുമായ ഭൂമി കണ്ടെത്തുന്നതിനുളള നടപടികള്‍ ഏകോപിപ്പിക്കുക. എന്നിവയും സംസ്ഥാനതല സമിതിയുടെ ചുമതലയാണ്.
ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ചെയര്‍പേഴ്സണായാണ് സംസ്ഥാനതല ദൗത്യസംഘം രൂപീകരിക്കുന്നത്. ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയാണ് ദൗത്യ സംഘത്തിന്റെ കണ്‍വീനര്‍. ഡയറക്ടര്‍ സര്‍വ്വേ & ലാന്റ് റിക്കോര്‍ഡ്സ്, ലാന്റ് ബോര്‍ഡ് ലോ ഓഫീസര്‍, ഭൂപതിവ് അസിസ്റ്റന്റ് കമ്മിഷണര്‍ എന്നിവര്‍ അംഗങ്ങളായിരിക്കും.
ഒരു സീനിയര്‍ സൂപ്രണ്ട്, രണ്ട് റവന്യൂ ഇന്‍സ്പെക്ടര്‍മാര്‍, വില്ലേജ് തല പ്രവര്‍ത്തനങ്ങളില്‍ പരിജ്ഞാനമുള്ള 3 സീനിയര്‍ ക്ലാര്‍ക്ക് എന്നിവരെ ഉള്‍പ്പെടുത്തി ഒരു പ്രത്യേക സംഘത്തെ നിയോഗിക്കും. പൂര്‍ണ്ണമായും പട്ടയ വിതരണം സംബന്ധിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മാത്രമായാകും ഇവരെ നിയോഗിക്കുക.
പട്ടയ സോഫ്റ്റ് വെയറും, ഡാഷ് ബോര്‍ഡ് അപ്ഡേറ്റ് ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ ഐ.ടി. സെല്ലുമായി ഏകോപിപ്പിച്ച് നടപ്പില്‍ വരുത്തുക, ജില്ലകളിലെ പ്രവര്‍ത്തന പുരോഗതി നിരന്തരം വിലയിരുത്തി പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിക്കുകയും നിര്‍ദ്ദേശം നല്‍കുകയും ചെയ്യുക, സംസ്ഥാന തലത്തിലും എല്ലാ ജില്ലകള്‍ക്കും പ്രത്യേകമായും ഓരോ മാസവും യോഗം ചേരുക, ജില്ലകളില്‍ സന്ദര്‍ശനം നടത്തിയോ ഓണ്‍ലൈന്‍ മുഖാന്തിരമോ യോഗങ്ങള്‍ നടത്തി സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടുക, ആവശ്യമായ നിയമ ചട്ടഭേദഗതി/നയ തീരുമാനങ്ങള്‍ സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യുക, അതാത് ജില്ലകള്‍ക്ക് അവരുടെ രേഖാമൂലമുള്ള അപേക്ഷയുടെ അടിസ്ഥാനത്തില്‍ പട്ടയ ഫോമുകള്‍ നല്‍കുക. ജീവനക്കാര്‍ക്ക് ആവശ്യമായ പരിശീലനങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കുക തുടങ്ങിയവയാണ് സംസ്ഥാനതല ദൗത്യ സംഘത്തിന്റെ ചുമതലകള്‍.
ജില്ലാ കളക്ടര്‍ ചെയര്‍പേഴ്സണായി ജില്ലാതല ദൗത്യ സംഘവും പ്രവര്‍ത്തിക്കും. ഭൂപരിഷ്ക്കരണം വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആയിരിക്കും കണ്‍വീനര്‍. സബ്കളക്ടര്‍/റവന്യൂ ഡിവിഷണല്‍ ഓഫീസര്‍മാര്‍, ജില്ലാ ലോ ഓഫീസര്‍, ലാന്‍ഡ് ട്രിബ്യൂണല്‍ അദ്ധ്യക്ഷന്മാര്, തഹസില്‍ദാര്‍മാര്‍, ജില്ലാ സര്‍വ്വേ സുപ്രണ്ടന്റ് എന്നിവര്‍ അംഗങ്ങളായിരിക്കും.
ഒരു സീനിയര്‍ ജൂനിയര്‍ സൂപ്രണ്ട്, മൂന്ന് ക്ലാര്‍ക്കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ടതാകും ജില്ലാതല ദൗത്യ സംഘം. ജില്ലകളിലെ പട്ടയ വിതരണത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക, പട്ടയ ഡാഷ് ബോര്‍ഡ്, പട്ടയ വിതരണ ഡാഷ് ബോര്‍ഡ് എന്നിവയില്‍ കാര്യ കാരണ സഹിതം വിവരങ്ങള്‍ കൃത്യമായി ഉള്ചേര്ക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക, എല്ലാ രണാടാഴ്ച കൂടുമ്പോഴും താലൂക്കുകളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്ന യോഗം നടത്തുക, താലൂക്കുകള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുക, സങ്കീര്‍ണ്ണമായ പട്ടയ പ്രശ്നങ്ങള്‍ സംസ്ഥാനതല ദൗത്യ സംഘത്തിന്റെ ശ്രദ്ധയില്‍ കൊണ്ടു വരിക, അത് പരിഹരിക്കുന്നതിനാവശ്യമായ വിവരങ്ങള്‍ നല്‍കുക, ഈ വിവരങ്ങള്‍ പട്ടയ ഇഷ്യു ഡാഷ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തുക. ഇതു സംബന്ധിച്ച് മാസ പുരോഗതി റിപ്പോര്‍ട്ട് എല്ലാ മാസവും അഞ്ചിനു മുമ്പായി ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റില്‍ ലഭ്യമാക്കുക, ഓരോ നിയമസഭാ മണ്ഡലാടിസ്ഥാനത്തിലും ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി യോഗം ചേര്‍ന്ന് പുരോഗതി വിലയിരുത്തുന്നതിന് നടപടി സ്വീകരിക്കുക എന്നിവയാകും ചുമതലകള്‍.
തഹസില്‍ദാര്‍ ചെയര്‍പേഴ്സണായാണ് താലൂക്ക്തല ദൗത്യ സംഘം രൂപീകരിക്കുക. പട്ടയ വിഷയം കൈകാര്യം ചെയ്യുന്ന ഡെപ്യൂട്ടി തഹസില്‍ദാര്‍ കണ്‍വീനറും ഒരു ഹെഡ് സര്‍വ്വേയര്‍, ഒരു റവന്യൂ ഇന്‍സ്പെക്ടര്‍, രണ്ട് ക്ലാര്‍ക്ക് എന്നിവര്‍ അംഗങ്ങളുമായിരിക്കും. പട്ടയം നല്‍കാനുളള പ്രവര്‍ത്തനങ്ങള്‍ കൃത്യമായി സംഘടിപ്പിക്കുക, വിതരണം ചെയ്ത പട്ടയങ്ങളുടെ വിവരവും താലൂക്കിലെ അവശേഷിക്കുന്ന പട്ടയ പ്രശ്നങ്ങളുടെ വിവരങ്ങളും കൃത്യമായി അതാത് ഡാഷ് ബോര്‍ഡില്‍ ചേര്‍ക്കുക, ഭൂപതിവ് കമ്മിറ്റികളുടെ യോഗം വിളിച്ച് ചേര്‍ക്കുക, പതിച്ച് നല്കാന് നിശ്ചയിച്ച ഭൂമിയുടെ സര്‍വ്വേ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുക, പതിച്ചു നല്കിയ ഭൂമിയുടെ വിവരങ്ങള്‍ വില്ലേജ്/താലൂക്ക് സര്‍വ്വേ റിക്കാര്‍ഡുകളിലും റെലീസ് സോഫ്റ്റ് വെയറിലും കൃത്യമായി ഉള്‍പ്പെടുത്തുക എന്നിവയാണ് ഇവരുടെ ചുമതലകള്‍.
ഇതിനു പുറമേ, വില്ലേജ് ഓഫീസര്‍ കണ്‍വീനറായ വില്ലേജ് തല ജനകീയ സമിതിയും രൂപീകരിക്കും. വില്ലേജ് തല വിവര ശേഖരണം നടത്തുന്നത് ഈ സമിതിയായിരിക്കും.
പട്ടയമില്ലാത്ത കോളനികള്‍ കണ്ടെത്തുക, അര്‍ഹതയുണ്ടായിട്ടും പട്ടയത്തിന് അപേക്ഷ നല്കാത്തവരെ കണ്ടെത്തുക, വിതരണത്തിനാവശ്യമായ ഭൂമി കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുക, വില്ലേജ് പരിധിയിലെ പട്ടയ വിഷയങ്ങള്‍ കണ്ടെത്തുക. എല്ലാ വില്ലേജ് തല ജനകീയ സമിതിയിലും പട്ടയമിഷന് ഒരു അജണ്ടയായി ഉള്‍പ്പെടുത്തുകയും സമിതിയില്‍ അംഗങ്ങളായ പ്രതിനിധികളില്‍ നിന്നും പട്ടയ വിഷയങ്ങള്‍ ക്രോഡീകരിച്ച് താലൂക്ക് ദൗത്യ സംഘത്തിന് റിപ്പോര്‍ട്ട് ചെയ്യുക എന്നിവയാണ് ഇവരുടെ ചുമതലകള്‍.
സങ്കീര്‍ണമായ നിയമ പ്രശ്നങ്ങളോ നിലവിലുള്ള ചട്ടങ്ങളുടെ നിബന്ധനകളിലോ പെട്ടു തീരുമാനമാകാതെ കിടക്കുന്ന പട്ടയ പ്രശ്നങ്ങള്‍ കണ്ടെത്തി അവ പരിഹരിച്ചു നിയമവും ചട്ടവും പ്രകാരം യോഗ്യരായ കൈവശക്കാര്‍ക്കു പട്ടയം നല്‍കുന്നതിനാണ് പട്ടയ മിഷന് പ്രധാന പരിഗണന നല്കുന്നതെന്നു മന്ത്രി പറഞ്ഞു. കേരളത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഭൂമിയും ഭൂരേഖയും നല്‍കുക എന്നതാണ് മിഷന് ആത്യന്തികമായി ലക്ഷ്യം വയ്ക്കുന്നത്.
പട്ടയം ഡാഷ് ബോര്‍ഡില്‍ ലഭ്യമാക്കിയിട്ടുള്ള പട്ടയ പ്രശ്നങ്ങള്‍ സംസ്ഥാനതലത്തില്‍ പരിശോധിച്ച ശേഷം പരിഹരിക്കാവുന്നവയ്ക്ക് വ്യക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ജില്ലാ കളക്ടര്‍മാര്‍ക്കു ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ നല്‍കുകയും സര്‍ക്കാര്‍ ഉത്തരവുകളുടെയോ ചട്ട ഭേദഗതികളിലൂടെയോ പരിഹരിക്കേണ്ടവ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി അവയ്ക്കു പരിഹാരം കാണുന്നതിനുള്ള നടപടിയും ഇതിന്റെ ഭാഗമായി കൈക്കൊള്ളും.
മലയോര മേഖലയിലെ അപേക്ഷകര്‍, പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍, കോളനികളില്‍ താമസിക്കുന്നവര്‍ എന്നിവര്‍ക്ക് പട്ടയം നല്‍കാനാണ് പട്ടയ മിഷന് പ്രഥമ പരിഗണന നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ടി വി അനുപമ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പട്ടയ മിഷന്: എം.എല്‍.എമാരുടെ നേതൃത്വത്തില്‍ പട്ടയ അസംബ്ലി ചേരും
സംസ്ഥാനത്തു രേഖകളില്ലാതെ ഭൂമി കൈവശംവച്ചിരിക്കുന്നവര്‍ക്കും അര്‍ഹരായ ഭൂരഹിതര്‍ക്കും ഭൂമി നല്‍കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പട്ടയം മിഷന്റെ ഭാഗമായി എല്ലാ നിയോജക മണ്ഡലങ്ങളിലും എം.എല്‍.എമാരുടെ നേതൃത്വത്തില്‍ പട്ടയ അസംബ്ലി ചേരുമെന്നു റവന്യൂ മന്ത്രി കെ. രാജന്. വില്ലേജ്, പഞ്ചായത്ത് തലത്തിലുള്ള ജനപ്രതിനിധികളില്‍നിന്നു വില്ലേജ്തല ജനകീയ സമിതികളില്‍നിന്നും ശേഖരിക്കുന്ന പട്ടയ പ്രശ്നങ്ങളാണു പട്ടയ അസംബ്ലികള്‍ പരിശോധിച്ചു പരിഹാരം കണ്ടെത്തുകയെന്നും അദ്ദേഹം പറഞ്ഞു.
ഓരോ പട്ടയ അസംബ്ലിയുടേയും ചുമതലക്കാരായി തഹസില്‍ദാര്‍ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പട്ടയ സഭകളില്‍ പരിഹരിക്കാനാകുന്ന പട്ടയ വിഷയങ്ങള്‍ പരിഹരിച്ചു ലാന്‍ഡ് അസൈന്മെന്റ് കമ്മിറ്റിയുടെ അനുവാദത്തോടെ സമയബന്ധിതമായി പട്ടയം അനുവദിക്കും. പരിഹരിക്കാന്‍ കഴിയാത്ത വിഷയങ്ങള്‍ പട്ടയം ഡാഷ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തും. ഇത്തരം വിഷയങ്ങള്‍ ജില്ലാ കളക്ടര്‍ അധ്യക്ഷനായ ജില്ലാ ദൗത്യസംഘം പരിശോധിച്ച് ആവശ്യമെങ്കില്‍ സംസ്ഥാനതല സമിതിയുടെ പരിഗണനയ്ക്ക് അയക്കും. ഏതെങ്കിലും നിയമ പ്രശ്നങ്ങളോ ചട്ടങ്ങളിലെ നിബന്ധനകള്‍ മൂലമോ തീരുമാനമെടുക്കാന്‍ കഴിയാത്ത വിഷയങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയ്ക്ക് അയക്കണം.
ഓഗസ്റ്റ് 20നു മുന്‍പു സംസ്ഥാനത്തെ മുഴുവന്‍ പട്ടയ അസംബ്ലികളും യോഗം ചേരും. ആദ്യ യോഗം ജൂലൈ അഞ്ചിനു തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട് മണ്ഡലത്തില്‍ ചേരുമെന്നും മന്ത്രി പറഞ്ഞു.