മേഖലാതല അവലോകന യോഗങ്ങള്‍ സെപ്റ്റംബര്‍ നാലു മുതല്‍; മുഖ്യമന്ത്രിയും മന്ത്രിമാരും നേതൃത്വം നല്‍കും

തിരുവനന്തപുരം: ഭരണ നേട്ടങ്ങള്‍ ജനങ്ങള്‍ക്കു കൂടുതല്‍ അനുഭവവേദ്യമാക്കുന്നതിനും സമയബന്ധിതമായി പദ്ധതി നിര്‍വഹണം ഉറപ്പാക്കുന്നതിനും ജില്ലകളിലെ വിവിധ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുന്നതിനുമായി മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടേയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മേഖലാതല അവലോകന യോഗങ്ങള്‍ സെപ്റ്റംബര്‍ നാലിനു കോഴിക്കോട് ആരംഭിക്കും. ഏഴിന് തൃശൂര്‍, 11ന് എറണാകുളം, 14ന് തിരുവനന്തപുരം എന്നിങ്ങനെയാണു മറ്റു മേഖലകളിലെ അവലോക യോഗങ്ങള്‍.
അതിദാരിദ്ര്യം, നവകേരള മിഷന്‍, പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, മാലിന്യമുക്ത കേരളം, ജില്ലയുമായി ബന്ധപ്പെട്ടു കളക്ടര്‍മാര്‍ കണ്ടെത്തുന്ന പ്രധാന പ്രശ്‌നങ്ങള്‍ എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഓരോ അവലോകന യോഗവും വിശദമായി പരിശോധിക്കും. ഓരോ വിഭാഗത്തിലും നടപ്പാക്കിയ പദ്ധതികളുടെ നിലവിലെ സ്ഥിതി, പരിപാലനം, പുരോഗമിക്കുന്ന പദ്ധതികള്‍ എന്നിവയാണു പ്രധാനമായും പരിശോധിക്കുക. ഈ അഞ്ചു വിഭാഗങ്ങളുമായും ബന്ധപ്പെട്ട് ഓരോ ജില്ലയും അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ട ജില്ലാ കളക്ടര്‍മാര്‍ കണ്ടെത്തണം. ഇതിനായി ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ശില്‍പ്പശാല സംഘടിപ്പിക്കും.
ശില്‍പ്പശാലയില്‍ കണ്ടെത്തുന്ന വിഷയങ്ങളില്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുക്കേണ്ടവയും ജില്ലാതലത്തില്‍ വിവിധ വകുപ്പുകളുടേയും ഏജന്‍സികളുടേയും ഏകോപനത്തിലൂടെ പരിഹരിക്കാവുന്നതുമായ വിഷയങ്ങള്‍ വേര്‍തിരിച്ച് ഇതിനായി തയാറാക്കിയ സോഫ്റ്റ്‌വെയറിലൂടെ ജൂണ്‍ 30നു മുന്‍പായി നല്‍കണമെന്ന് ഇതുമായി ബന്ധപ്പെട്ടു പുറപ്പെടുവിച്ച മാര്‍ഗരേഖയില്‍ നിര്‍ദേശിച്ചു. ജില്ലയില്‍ കളക്ടര്‍മാര്‍ ഇടപെട്ടു പരിഹരിക്കേണ്ട വിഷയങ്ങള്‍ ജില്ലാ കളക്ടര്‍മാര്‍ ബന്ധപ്പെട്ട വകുപ്പിലേയോ ഏജന്‍സിയിലേയോ ഉദ്യോഗസ്ഥരുമായി ചര്‍ച്ചചെയ്ത് അന്തിമ തീരുമാനമെടുക്കണം.
ജില്ലാ കളക്ടര്‍മാര്‍ കണ്ടെത്തി പോര്‍ട്ടലിലൂടെ സമര്‍പ്പിക്കുന്ന വിഷയങ്ങള്‍ ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് സെക്രട്ടറി ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിക്കു കൈമാറണം. ഒന്നിലേറെ വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയങ്ങളാണെങ്കില്‍ ചീഫ് സെക്രട്ടറിയുമായി ചര്‍ച്ചചെയ്തു പ്രധാന വിഷയം കൈകാര്യം ചെയ്യുന്ന വകുപ്പു സെക്രട്ടറിക്കു കൈമാറുകയും അദ്ദേഹം മറ്റു വകുപ്പു സെക്രട്ടറിമാരില്‍നിന്നു വിവരം ശേഖരിക്കുകയും ചെയ്യണം. സെക്രട്ടറിമാര്‍ ഓരോ വിഷയത്തിലും വ്യക്തമായ പരിശോധന നടത്തുകയും ഉചിതമായ തീരുമാനമെടുത്തു പ്രശ്‌നം പരിഹരിക്കപ്പെട്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. അവലോകന യോഗത്തില്‍ പരിഗണിക്കപ്പെടുന്ന വിഭാഗങ്ങളുമായി ബന്ധപ്പെട്ടു ജില്ലകളില്‍ നടപ്പാക്കുന്ന പദ്ധതികള്‍ സംബന്ധിച്ച വിവരശേഖരണവും നേരിടുന്ന പ്രശ്‌നങ്ങളും കണ്ടെത്തേണ്ടതു വകുപ്പ് സെക്രട്ടറിമാരാണെന്നും ഇതു സംബന്ധിച്ചു പുറപ്പെടുവിച്ച മാര്‍ഗരേഖയില്‍ പറയുന്നു.
കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലെ വിഷയങ്ങളാണു കോഴിക്കോട് മേഖലാ യോഗത്തില്‍ പരിഗണിക്കുന്നത്. പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലെ വിഷയങ്ങള്‍ തൃശൂര്‍ മേഖലാ അവലോകനത്തിലും എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിലെ വിഷയങ്ങള്‍ എറണാകുളം മേഖലാ അവലോകന യോഗത്തിലും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലേത് തിരുവനന്തപുരം മേഖലാ അവലോകന യോഗത്തിലും പരിശോധിക്കും